പച്ചയിൽ തുടങ്ങി വീണ്ടും ചുവപ്പിലേക്ക്; എസ്.ബി.ഐ ലൈഫ്, പി.എന്‍.ബി, പോപ്പുലര്‍ വെഹിക്കിള്‍സ് ഇടിവില്‍, മുന്നേറ്റവുമായി ആസ്റ്റര്‍

മെറ്റൽ, റിയൽറ്റി, പി‌എസ്‌യു ബാങ്ക്, ടെലികോം സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു
stock market
Published on

വലിയ അസ്ഥിരത നിറഞ്ഞ സെഷനൊടുവില്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്ത് വിപണി. ഇന്നലെയും വിപണി നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്സ് 0.46 ശതമാനം (383.61 പോയിന്റ്) ഉയർന്ന് 83,793.30 എന്ന നിലയിലെത്തിയിരുന്നു. നിഫ്റ്റിക്ക് 25,563.70 എന്ന ഉയർന്ന നിലയിലെത്താനും സാധിച്ചു. എന്നാല്‍ രാവിലത്തെ നേട്ടം കൈവിട്ട് സെൻസെക്സ് 0.20 ശതമാനം ( 170.22 പോയിന്റ്) ഇടിഞ്ഞ് 83,239.47 ലും നിഫ്റ്റി 0.19 ശതമാനം (48.10 പോയിന്റ്) ഇടിഞ്ഞ് 25,405.30 ലുമാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വം, വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ വിറ്റൊഴിയല്‍, രൂപയുടെ മൂല്യത്തകർച്ച തുടങ്ങിയവയാണ് വിപണി ഇടിവിനുള്ള കാരണങ്ങൾ. തത്തുല്യ ഇറക്കുമതി ചുങ്കത്തില്‍ നിന്ന് ഇളവുകൾ തേടുകയാണ് ഇന്ത്യ. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച താരിഫുകൾ പ്രാബല്യത്തില്‍ വരുന്ന ജൂലൈ 9 എന്ന സമയപരിധിക്ക് മുമ്പ് ഒരു കരാറിലെത്താൻ കഴിയാത്തത് വിപണിയില്‍ കൂടുതൽ ചാഞ്ചാട്ടത്തിന് കാരണമാകുമെന്നാണ് കരുതുന്നത്.

ഇന്നലെ (ബുധനാഴ്ച) 1,561.62 കോടി രൂപയുടെ ഓഹരികളാണ് എഫ്‌.ഐ.ഐ വിറ്റഴിച്ചത്. കനത്ത എഫ്‌ഐഐ വിൽപ്പന ആഭ്യന്തര വിപണികളില്‍ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 8 പൈസ കുറഞ്ഞ് 85.70 ലാണ് ക്ലോസ് ചെയ്തത്. യുഎസ് ഡോളർ-രൂപ നിരക്കിലെ ഇടിവും വിപണിയെ പ്രതികൂലമായി ബാധിക്കുന്നു. അവസാന മണിക്കൂറുകളില്‍ നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടത് എല്ലാ ഇൻട്രാഡേ നേട്ടങ്ങളെയും ഇല്ലാതാക്കുകയായിരുന്നു.

മെറ്റൽ, റിയൽറ്റി, പി‌എസ്‌യു ബാങ്ക്, ടെലികോം സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു.

ഫാർമ, മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ് സൂചികകൾ 0.3-1 ശതമാനം നേട്ടം കൈവരിച്ചു.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ഇന്ത്യ-യുഎസ് വ്യാപാര കരാർ ഉടൻ പ്രഖ്യാപിക്കപ്പെടുമെന്ന ശുഭാപ്തിവിശ്വാസത്തില്‍ കയറ്റുമതി അധിഷ്ഠിത ഓട്ടോ, ഫാർമ കമ്പനികളുടെ ഓഹരികൾ ഗണ്യമായ നേട്ടം കൈവരിച്ചു. ഓട്ടോ ഓഹരികളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് ബോഷ് ഓഹരികളാണ്, ഏകദേശം 6 ശതമാനം ഉയർന്ന് 34,400 രൂപയിലെത്തി. ഹീറോ മോട്ടോകോർപ്പ്, മാരുതി സുസുക്കി ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.

ഫാർമ സൂചികയിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയത് നാറ്റ്കോ ഫാർമ ഓഹരികളാണ്, അഞ്ച് ശതമാനത്തിലധികം ഉയർന്ന് 970 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. അജന്ത ഫാർമ ഓഹരികൾ 3.5 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ ഐപിസിഎ ലാബ്‌സ് ഓഹരികൾ ഏകദേശം 3 ശതമാനത്തോളം ഉയർന്നു.

അപ്പോളോ ഹോസ്പിറ്റൽസ്, ഹീറോ മോട്ടോകോർപ്പ്, ഡോ. റെഡ്ഡീസ് ലാബ്സ്, ഒഎൻജിസി, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍
നേട്ടത്തിലായവര്‍

പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഏപ്രിൽ-ജൂൺ പാദഫലങ്ങള്‍ ബ്രോക്കറേജുകളുടെ പ്രതീക്ഷകളെ തളര്‍ത്തുന്നതായിരുന്നു. ഓഹരിക്ക് "സെൽ" റേറ്റിംഗ് സിറ്റി നല്‍കിയപ്പോള്‍ മോർഗൻ സ്റ്റാൻലി "അണ്ടർവെയ്റ്റ്" നിലപാട് നിലനിർത്തി. ഓഹരി 3.29 ശതമാനം നഷ്ടത്തില്‍ 110.10 രൂപയിലാണ് ക്ലോസ് ചെയ്തത്.

എസ്ബിഐ ലൈഫ് ഇൻഷുറൻസ് (-2.87%), കൊട്ടക് മഹീന്ദ്ര ബാങ്ക്, ബജാജ് ഫിനാൻസ്, ജെഎസ്ഡബ്ല്യു സ്റ്റീൽ, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലാരുന്നു.

നഷ്ടത്തിലായവര്‍
നഷ്ടത്തിലായവര്‍

പോപ്പീസ് നേട്ടത്തില്‍

കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്കെയര്‍ 8.56 ശതമാനം ഉയര്‍ച്ചയോടെ നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 644 രൂപയില്‍ ക്ലോസ് ചെയ്തു. പോപ്പീസ് കെയര്‍ (4.99%), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (2.88%), ആസ്പിന്‍വാള്‍ (1.22%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡും (-0.36%) ഫാക്ടും (-0.71%) നഷ്ടത്തിലാണ് വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.

പോപ്പുലര്‍ വെഹിക്കിള്‍സ് 3.04 ശതമാനം നഷ്ടത്തില്‍ 132 രൂപയിലാണ് ക്ലോസ് ചെയ്തത്. ആഡ്ടെക് സിസ്റ്റംസ് (2.80%), റബ്ഫിലാ (1.20%), കേരള ആയുര്‍വേദ (0.98%), അപ്പോളോ ടയേഴ്സ് (0.94%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് മോശം ദിനമായിരുന്നു.

Stock market closing analysis 3 July 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com