803 പോയിന്റ് മുന്നേറ്റം, റെക്കോഡിട്ട് സെന്‍സെക്‌സ്; ബി.എസ്.ഇയുടെ മൂല്യം 296 ലക്ഷം കോടി

ഇന്ത്യന്‍ ഓഹരി സൂചികകളുടെ റെക്കോഡ് മുന്നേറ്റം ഇന്നും തുടര്‍ന്നു. വാഹനം, ഐ.ടി, പൊതുമേഖലാ ബാങ്കോഹരികളാണ് ഇന്നത്തെ മുന്നേറ്റത്തിന് ചുക്കാന്‍ പിടിച്ചത്.

ഇന്ന് വ്യാപാരത്തിന്റെ തുടക്കം മുതല്‍ സെന്‍സെക്‌സും നിഫ്റ്റിയും ഉത്സാഹക്കുതിപ്പിലായിരുന്നു. വ്യാപാരത്തിനിടെ ഒരുവേള സെന്‍സെക്‌സ് 64,768.58 വരെയെത്തി എക്കാലത്തെയും ഉയരംതാണ്ടി. നിഫ്റ്റി 19,201.70ലും തൊട്ടു.
വിവിധ ഓഹരി സൂചികകളുടെ ഇന്നത്തെ നിലവാരം

വ്യാപാരാന്ത്യം സെന്‍സെക്‌സുള്ളത് 803.14 പോയിന്റ് (1.26%) നേട്ടവുമായി 64,718.56ല്‍; നിഫ്റ്റി 216.95 പോയിന്റ് (1.14%) കുതിച്ച് 19,189.05ല്‍ - ഇരു സൂചികകളുടെയും എക്കാലത്തെയും ഉയര്‍ന്ന ക്ലോസിംഗ് നിലവാരം. ബി.എസ്.ഇയുടെ നിക്ഷേപകമൂല്യം ഇന്ന് 2.34 ലക്ഷം കോടി രൂപ വര്‍ദ്ധിച്ച് സര്‍വകാല റെക്കോഡായ 296.48 ലക്ഷം കോടി രൂപയിലുമെത്തി. നിക്ഷേപകമൂല്യത്തില്‍ ലോകത്ത് അഞ്ചാംസ്ഥാനത്താണ് സെന്‍സെക്‌സ്.
മുന്നേറിയവര്‍
നിഫ്റ്റി ഓട്ടോ സൂചിക 2.07 ശതമാനവും ഐ.ടി 2.50 ശതമാനവും പി.എസ്.യു ബാങ്ക് 2.06 ശതമാനവും കുതിപ്പാണ് ഇന്ന് നടത്തിയത്. സ്വകാര്യബാങ്ക് സൂചിക 1.17 ശതമാനം നേട്ടമുണ്ടാക്കി. നിഫ്റ്റി മിഡ്ക്യാപ്പ് 0.66 ശതമാനവും സ്‌മോള്‍ക്യാപ്പ് 0.42 ശതമാനവും നേട്ടത്തിലാണ്.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ

എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, ബയോകോണ്‍, ഇന്ത്യന്‍ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ബന്ധന്‍ ബാങ്ക് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ടോട്ടല്‍ എക്‌സ്പന്‍സ് റേഷ്യോ (ടി.ഇ.ആര്‍/TER) സംബന്ധിച്ച നിര്‍ദേശങ്ങള്‍ നടപ്പാക്കുന്നത് സെബി (SEBI) വേണ്ടെന്നുവച്ചതാണ് എച്ച്.ഡി.എഫ്.സി എ.എം.സി ഓഹരികളുടെ ഇന്നത്തെ 15 ശതമാനത്തോളം കുതിപ്പിന് വഴിയൊരുക്കിയത്. മ്യൂച്വല്‍ഫണ്ട് നിക്ഷേപകരില്‍ നിന്ന് ഫണ്ട് കൈകാര്യഫീസ് ഈടാക്കുന്നതിന് പരിധിവെക്കുന്നത് ലക്ഷ്യമിട്ടുള്ള നിര്‍ദേശങ്ങളാണ് പിന്‍വലിച്ചത്. വൈകാതെ പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കുമെന്ന് സെബി മേധാവി മാധബി പുരി ബുച് പറഞ്ഞു.
ഇന്‍ഫോസിസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ 3-4 ശതമാനം മുന്നേറിയത് ഇന്ന് സെന്‍സെക്‌സിന് കുതിപ്പേകി. സണ്‍ഫാര്‍മ, ടി.സി.എസ്., മാരുതി, എല്‍ ആന്‍ഡ് ടി., പവര്‍ഗ്രിഡ്, ടെക് മഹീന്ദ്ര, ഹീറോ മോട്ടോകോര്‍പ്പ് എന്നിവയും നേട്ടത്തിലാണ്.
ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, ടൈറ്റന്‍, എല്‍ ആന്‍ഡ് ടി., മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എച്ച്.സി.എല്‍ ടെക്, കൊഫോര്‍ജ്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ആദിത്യ ബിര്‍ള ക്യാപ്പിറ്റല്‍, എല്‍ ആന്‍ഡ് ടി ഫൈനാന്‍സ്, 63 മൂണ്‍ ടെക്, എം.ആര്‍.എഫ്., ല്യൂപിന്‍, പവര്‍ഗ്രിഡ് തുടങ്ങി 199 കമ്പനികള്‍ ഇന്ന് 52-ആഴ്ചത്തെ ഉയരത്തിലെത്തി.
നേട്ടത്തിന് പിന്നില്‍
മികച്ച മണ്‍സൂണ്‍, ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിക്കൂട്ടുന്ന വിദേശ പോര്‍ട്ട്‌ഫോളിയേ നിക്ഷേപകരുടെ (എഫ്.പി.ഐ) നിലപാട്, ആഗോള ഓഹരികളിലെ നേട്ടം എന്നിവയാണ് ഇന്ത്യന്‍ ഓഹരി സൂചികകളുടെ റെക്കോഡ് തേരോട്ടത്തിന് സഹായകമാകുന്നത്.
മണ്‍സൂണ്‍ വര്‍ഷം ഇക്കുറി ശരാശരിക്ക് മുകളിലേക്ക് കയറിയിട്ടുണ്ട്. വിദേശ നിക്ഷേപം ഓഹരികളില്‍ നടപ്പുവര്‍ഷം (2023-24) 85,000 കോടി രൂപ കടന്നു. കഴിഞ്ഞ രണ്ടുവര്‍ഷങ്ങളിലും വിദേശ നിക്ഷേപത്തില്‍ നഷ്ടമായിരുന്നു നേരിട്ടിരുന്നത്.
നിരാശപ്പെടുത്തിയവര്‍
പ്രൊമോട്ടര്‍മാര്‍ മൂന്ന് ശതമാനത്തിലധികം ഓഹരികള്‍ വിറ്റഴിച്ചതിനെ തുടര്‍ന്ന് അദാനി ട്രാന്‍സ്മിഷന്‍ ഓഹരികള്‍ ഇന്ന് 6.26 ശതമാനം ഇടിഞ്ഞു. ഗ്രൂപ്പിലെ എ.സി.സി., അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ ഒഴികെയുള്ള ഓഹരികളും നഷ്ടത്തിലാണ്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ

ഡാല്‍മിയ സിമന്റ്, ടൊറന്റ് ഫാര്‍മ, അദാനി പോര്‍ട്‌സ്, അദാനി പവര്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികള്‍. നിഫ്റ്റിയില്‍ മെറ്റല്‍ സൂചികയില്‍ നേരിയ വില്‍പന സമ്മര്‍ദ്ദമുണ്ടായി; സൂചിക 0.03 ശതമാനം താഴ്ന്നു. ഐ.സി.ഐ.സി.ഐ ബാങ്ക്, എന്‍.ടി.പി.സി എന്നിവയും ഇന്ന് നഷ്ടത്തിലാണുള്ളത്.
8% കുതിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്; ഫാക്ട് ഓഹരി ഇടിഞ്ഞു
സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഹരികളാണ് ഇന്ന് കേരള കമ്പനികളില്‍ ഏറ്റവുമധികം തിളങ്ങിയത്. 8.38 ശതമാനം നേട്ടവുമായി 19.27 രൂപയിലാണ് ബാങ്കിന്റെ ഓഹരികളുള്ളത്. വാഹന ഡീലേഴ്സിനുള്ള വായ്പകളുടെ വിതരണത്തിനായി കഴിഞ്ഞദിവസം ബാങ്ക് മഹീന്ദ്രയുമായി ധാരണാപത്രം ഒപ്പുവച്ചിരുന്നു.
അതേസമയം, കഴിഞ്ഞദിവസങ്ങളില്‍ മുന്നേറിയ ഫാക്ട് ഓഹരികളില്‍ നിന്ന് ലാഭമെടുപ്പ് ദൃശ്യമായി, ഓഹരി 5.78 ശതമാനം ഇടിഞ്ഞു. ഫെഡറല്‍ ബാങ്ക് 3.19 ശതമാനവും കൊച്ചിന്‍ മിനറല്‍സ് 3.16 ശതമാനവും ധനലക്ഷ്മി ബാങ്ക് 3.54 ശതമാനവും കേരള ആയുര്‍വേദ 4.92 ശതമാനവും കല്യാണ്‍ ജുവലേഴ്‌സ് 3.48 ശതമാനവും നേട്ടമുണ്ടാക്കി.
കേരള ഓഹരികളുടെ ഇന്നത്തെ പ്രകടനം

തെലങ്കാനയില്‍ പുതിയ പ്ലാന്റിന്റെ ഉദ്ഘാടനത്തിനൊരുങ്ങുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്ന് 2.34 ശതമാനം നേട്ടത്തിലാണ്. മണപ്പുറം ഫൈനാന്‍സ്, മുത്തൂറ്റ് കാപ്പിറ്റല്‍, സ്‌കൂബീഡേ, ജിയോജിത്, ഹാരിസണ്‍സ് മലയാളം എന്നിവയും ഇന്ന് രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കി. വണ്ടര്‍സ 2.83 ശതമാനം നഷ്ടത്തിലാണ്. കിംഗ്‌സ് ഇന്‍ഫ്ര ഓഹരികള്‍ 4.29 ശതമാനം ഇടിഞ്ഞു.
രൂപയ്ക്കും നേട്ടം
ഓഹരി സൂചികകളുടെ മുന്നേറ്റത്തിന്റെ കരുത്തില്‍ രൂപ ഇന്ന് ഡോളറിനെതിരെ ജനുവരിക്ക് ശേഷമുള്ള ഏറ്റവും ഉയരത്തിലെത്തി. ഓഹരികളിലേക്ക് വിദേശ നിക്ഷേപം ഒഴുകിയതോടെ രൂപ കയറുകയായിരുന്നു. 82.05ല്‍ നിന്ന് 82.03ലേക്കാണ് മൂല്യം മെച്ചപ്പെട്ടത്.
എച്ച്.ഡി.എഫ്.സി ഇരട്ടകള്‍ക്കും മുന്നേറ്റം
ജൂലായ് ഒന്നിന് ലയിച്ച് ഒറ്റസ്ഥാപനമായി മാറാനൊരുങ്ങുന്ന എച്ച്.ഡി.എഫ്.സി., എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികളും ഇന്ന് 1.51 ശതമാനം മുന്നേറി.
എച്ച്.ഡി.എഫ്.സി ബാങ്കില്‍ എച്ച്.ഡി.എഫ്.സി ലയിക്കുകയാണ് ചെയ്യുക. ഇതോടെ ബാങ്കിന്റെ മൊത്തം വിപണിമൂല്യം 14.7 ലക്ഷം കോടി രൂപയാകും.
ഇന്ത്യയിലെ മറ്റ് മുന്‍നിര സ്വകാര്യ ബാങ്കുകളായ ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് ബാങ്ക്, ആക്‌സിസ് ബാങ്ക്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവയുടെ സംയുക്ത വിപണിമൂല്യം 14.3 ലക്ഷം കോടി രൂപയാണ്. എസ്.ബി.ഐ അടക്കമുള്ള 13 പൊതുമേഖലാ ബാങ്കുകളുടെ മൊത്തം വിപണിമൂല്യം 9.77 ലക്ഷം കോടി രൂപയുമാണ്.
ലയനത്തോടെ ലോകത്തെ നാലാമത്തെ വലിയ ബാങ്കായി എച്ച്.ഡി.എഫ്.സി ബാങ്ക് മാറും. മത്രമല്ല, ലോകത്തെ ഏറ്റവും വലിയ 100 സ്ഥാപനങ്ങളില്‍ 61-ാം സ്ഥാനവും ലഭിക്കും.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it