

ഇന്ന് തുടക്കം മുതല്‍ നിലനിന്ന ചാഞ്ചാട്ടത്തിനൊടുവില്‍ നേരിയ നേട്ടത്തോടെ വ്യാപാരം പൂര്‍ത്തിയാക്കി ഇന്ത്യന്‍ ഓഹരി സൂചികകള്‍. സെന്‍സെക്‌സ് 122.75 പോയിന്റുയര്‍ന്ന് (0.20 ശതമാനം) 62,969.13ലും നിഫ്റ്റി 35.20 പോയിന്റ് നേട്ടവുമായി (0.19 ശതമാനം) 18,633.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടര്‍ച്ചയായ നാലാംദിനമാണ് സൂചികകള്‍ നേട്ടത്തിലേറുന്നത്.
വിവിധ ഓഹരി വിഭാഗങ്ങളുടെ ഇന്നത്തെ പ്രകടനം
വാഹനം, ലോഹം, ഫാര്‍മ, റിയാല്‍റ്റി, പി.എസ്.യു ബാങ്ക്, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് ഓഹരികളില്‍ ഇന്ന് വില്‍പനസമ്മര്‍ദ്ദം ദൃശ്യമായി. ഐ.ടി., എഫ്.എം.സി.ജി., ധനകാര്യ സേവനം, സ്വകാര്യബാങ്ക് ഓഹരികളിലുണ്ടായ വാങ്ങല്‍ താത്പര്യമാണ് ഇന്ന് ഓഹരികളെ നഷ്ടത്തിലേക്ക് വീഴാതെ പിടിച്ചുനിര്‍ത്തിയത്. സെന്‍സെക്‌സില്‍ 1,700 കമ്പനികള്‍ ഇന്ന് നേട്ടം കുറിച്ചപ്പോള്‍ 1,794 കമ്പനികള്‍ നഷ്ടത്തിലേക്ക് വീണു. 120 കമ്പനികളുടെ ഓഹരികളില്‍ മാറ്റമില്ല. 153 കമ്പനികളുടെ ഓഹരികള്‍ 52-ആഴ്ചത്തെ ഉയരത്തിലും 12 കമ്പനികള്‍ അപ്പര്‍ സര്‍ക്യൂട്ടിലുമെത്തി. 33 കമ്പനികള്‍ 52-ആഴ്ചത്തെ താഴ്ചയിലാണ്. 4 കമ്പനികളുടെ ഓഹരികള്‍ ലോവര്‍ സര്‍ക്യൂട്ടിലുമായിരുന്നു.
നേട്ടത്തിലേറിയവര്‍
ഐ.ടി.സി., ബജാജ് ഫിന്‍സെര്‍വ്, ബജാജ് ഫിനാന്‍സ്, കോട്ടക് ബാങ്ക് എന്നിവയാണ് ഇന്ന് സെന്‍സെക്‌സിനെ നേട്ടത്തില്‍ തുടരാന്‍ സഹായിച്ചത്. ആക്‌സിസ് ബാങ്ക്, മാരുതി സുസുക്കി, എച്ച്.സി.എല്‍ ടെക്, വിപ്രോ, അള്‍ട്രാടെക് സിമന്റ് എന്നിവയും പിന്തുണ നല്‍കി. ഓറോബിന്ദോ ഫാര്‍മ, എച്ച്.ഡി.എഫ്.സി അസറ്റ് മാനേജ്‌മെന്റ് കമ്പനി, ജെ.എസ്.ഡബ്ല്യു എനര്‍ജി, രാംകോ സിമന്റ്, പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ എന്നിവയാണ് ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചത്.
ഇന്ന് ഏറ്റവുമധികം നേട്ടം കുറിച്ചവർ
നാലാംപാദ പ്രവര്‍ത്തനഫലം നിരാശപ്പെടുത്തിയെങ്കിലും ഓറോബിന്ദോ ഓഹരികള്‍ ഇന്ന് ഏഴ് ശതമാനത്തോളം നേട്ടത്തിലേറി. ഗോള്‍ഡ്മാന്‍ സാച്‌സ്, ബാങ്ക് ഓഫ് അമേരിക്ക എന്നീ ബ്രോക്കറേജ് ഏജന്‍സികള്‍ ഓറോബിന്ദോ ഓഹരികള്‍ക്ക് മികച്ച സാദ്ധ്യതകള്‍ കല്‍പ്പിക്കുന്നതാണ് നേട്ടമായത്. പൊതുവേ ഭേദപ്പെട്ട നാലാംപാദ കോര്‍പ്പറേറ്റ് പ്രവര്‍ത്തനഫലങ്ങളും മെച്ചപ്പെട്ട മണ്‍സൂണ്‍ ലഭിക്കുമെന്ന വിലയിരുത്തലുകളുമാണ് ഓഹരികള്‍ക്ക് ഊര്‍ജം പകരുന്നത്.
നിരാശപ്പെടുത്തിയവര്‍
ടാറ്റാ സ്റ്റീല്‍, ടെക് മഹീന്ദ്ര, സണ്‍ഫാര്‍മ, നെസ്‌ലെ, എല്‍ ആന്‍ഡ് ടി., എസ്.ബി.ഐ എന്നിവ ഇന്ന് നഷ്ടത്തിലാണുള്ളത്. നാലാംപാദ ലാഭത്തില്‍ ഇടിവ് നേരിട്ട പൊതുമേഖലാ റെയില്‍വേ സ്ഥാപനമായ ആര്‍.വി.എന്‍.എല്‍ 5 ശതമാനം തളര്‍ന്ന് ലോവര്‍ സര്‍ക്യൂട്ടിലെത്തി. അദാനി ഗ്രൂപ്പ് ഓഹരികളിലും കനത്ത വില്‍പനസമ്മര്‍ദ്ദം തുടരുകയാണ്.
ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ടവർ
എന്‍.ഡി.ടിവി, അംബുജ സിമന്റ് എന്നിവയൊഴികെയുള്ള അദാനി ഗ്രൂപ്പ് ഓഹരികളെല്ലാം നഷ്ടത്തിലേക്ക് വീണു. അദാനി ടോട്ടല്‍ ഗ്യാസ്, ഇന്‍ഫോ എഡ്ജ്, അദാനി വില്‍മാര്‍, അദാനി ട്രാന്‍സ്മിഷന്‍, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ഇന്ന് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികള്‍.
സ്‌കൂബിഡേ കുതിപ്പ്
കേരളം ആസ്ഥാനമായ കമ്പനികളില്‍ ഇന്ന് ഏറ്റവും തിളങ്ങിയത് സ്‌കൂബിഡേയാണ്. നാലാംപാദ ലാഭത്തില്‍ 363 ശതമാനവും എബിറ്റ്ഡയില്‍ 103 ശതമാനവും വര്‍ദ്ധന രേഖപ്പെടുത്തിയ സ്‌കൂബിഡേ ഓഹരികള്‍ ഇന്ന് 20 ശതമാനം മുന്നേറി അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്‌സ്, മുത്തൂറ്റ് കാപ്പിറ്റല്‍ എന്നിവയും ഇന്ന് 5 ശതമാനത്തിലധികം നേട്ടവുമായി മികവ് പുലര്‍ത്തി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, ധനലക്ഷ്മി ബാങ്ക് എന്നിവ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
കേരള കമ്പനികളുടെ പ്രകടനം
പാറ്റ്‌സ്പിന്‍ 6 ശതമാനത്തിലധികം ഇടിഞ്ഞു. കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, റബ്ഫില എന്നിവ മൂന്ന് ശതമാനത്തിന് മേലും കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര, കിറ്റെക്‌സ് എന്നിവ രണ്ടു ശതമാനത്തിനുമേലും നഷ്ടത്തിലാണ്. എ.വി.ടി., ഇന്‍ഡിട്രേഡ്, നിറ്റ ജെലാറ്റിന്‍, വെര്‍ട്ടെക്‌സ് എന്നിവ ഒരു ശതമാനത്തോളം നഷ്ടവും നേരിട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine