
രണ്ട് ദിവസത്തെ തുടര്‍ച്ചയായ നേട്ടത്തിന് ഇന്ന് വിരാമമിട്ട് ഇന്ത്യന്‍ ഓഹരി സൂചികകള്‍. ഫിനാന്‍ഷ്യല്‍ ഓഹരികളിലുണ്ടായ ഇടിവാണ് സൂചികകളെ താഴേക്ക് വലിച്ചത്. വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പണം പിന്‍വലിക്കുന്നത് തുടരുന്നതും രാജ്യത്തെ പ്രമുഖ കമ്പനികളുടെ രണ്ടാം പാദഫലങ്ങള്‍ മോശമായതും വിപണിയുടെ സെന്റിമെന്റ്‌സിനെ ബാധിച്ചു.
ഒക്ടോബറില്‍ ഇതുവരെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ 1,000 കോടി ഡോളര്‍ മൂല്യമുള്ള ഓഹരികളാണ് വിറ്റഴിച്ചത്. അതേസമയം, ആഭ്യന്തര നിക്ഷേപകര്‍ 1,160 കോടി ഡോളറിന്റെ ഓഹരികള്‍ വാങ്ങി.
സെന്‍സെക്‌സ് 427 പോയിന്റ് ഇടിഞ്ഞ് 79,942ലും നിഫ്റ്റി 126 പോയിന്റ് താഴ്ന്ന് 24,340ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ഒക്ടോബറില്‍ ഇതു വരെ 6 ശതമാനമാണ് ഇടിഞ്ഞത്. കോവിഡിന്റെ തുടക്കകാലമായ മാര്‍ച്ചിനു ശേഷമുള്ള വലിയ ഇടിവാണിത്.
വിശാല വിപണികള്‍ ഇന്ന് നേട്ടത്തിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.16 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 1.05 ശതമാനവും ഉയര്‍ന്നു.
വിവിധ സൂചികകളുടെ പ്രകടനം
സെക്ടറുകളെടുത്താല്‍ നിഫ്റ്റി മീഡിയ, മെറ്റല്‍, എഫ്.എം.സി.ജി, ഓട്ടോ സൂചികകളാണ് ഇന്ന് നേട്ടത്തിലേറിയത്. മീഡിയ സൂചിക 2 ശതമാനത്തിലധികം ഉയര്‍ന്നു.
സെന്‍സെക്‌സ് 30 ല്‍ ഉള്‍പ്പെടുന്ന ഓഹരികളായ ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, കോട്ടക് മഹീന്ദ്ര ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്.ബി.ഐ, എച്ച്.സി.എല്‍ ടെക് എന്നിവ രണ്ട് ശതമാനം വരെ ഇടിഞ്ഞു. അതേ സമയം മാരുതി സുസുകി, ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്, അദാനി പോര്‍ട്‌സ്, ഐ.ടി.സി, അള്‍ട്രാടെക്‌സ് സിമന്റ്‌സ് എന്നിവ നേട്ടത്തിലായി.
രണ്ടാം പാദ വരുമാനം കുറഞ്ഞതിനെ തുടര്‍ന്ന് ഇന്നലെ 3.8 ശതമാനം ഇടിഞ്ഞ മാരുതി ഓഹരി ഇന്ന് രണ്ട് ശതമാനം ഉയര്‍ന്നു.
ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിച്ചതിനാല്‍ രണ്ടാംപാദ ലാഭം പ്രതീക്ഷയേക്കാള്‍ ഉയര്‍ന്നത് മാരികോ ഓഹരികളെ 3.5 ശതമാനം മുന്നേറ്റത്തിലാക്കി.
നേട്ടത്തിലായവര്‍
ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിപ്ലയുടെ ഓഹരി വില രണ്ടാം പാദഫലങ്ങള്‍ക്ക് ശേഷം 5 ശതമാനം ഇടിഞ്ഞു. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ലാഭം 15 ശതമാനം ഉയര്‍ന്നു. ആഗോള ബ്രോക്കറേജുകള്‍ സമ്മിശ്രമായ വിശകലനങ്ങള്‍ പുറത്തുവിട്ടതാണ് ഓഹരിയെ ബാധിച്ചത്.
പൂനാവാല ഫിന്‍കോര്‍പ്, ഐ.ആര്‍.എഫ്.സി, ബാങ്ക് ഓഫ് മഹാരാഷ്ട്ര, റെയില്‍ വികാസ് നിഗം, ആദിത്യ ബിര്‍ള എന്നിവയാണ് ഇന്ന് നിഫ്റ്റി 200ന്റെ നേട്ടപ്പട്ടികയില്‍ ആദ്യ സ്ഥാനക്കാര്‍.
നഷ്ടത്തിലായവര്‍
അതേസമയം ഡിക്‌സണ്‍ ടെക്‌നോളജീസ്, വോള്‍ട്ടാസ്, സിപ്ല, വോഡഫോണ്‍ ഐഡിയ, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ എന്നിവ മുഖ്യ നഷ്ടക്കാരുമായി.
വിപണിയുടെ പൊതുവേയുള്ള ട്രെന്‍ഡ് നെഗറ്റീവായിരുന്നെങ്കിലും കേരള കമ്പനികളില്‍ പലതും ഇന്ന് അടിച്ചു കയറി. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, കിറ്റെക്‌സ് ഓഹരികളിന്ന് 5 ശതമാനം അപ്പര്‍ സര്‍ക്യൂട്ടിലെത്തി.
കിറ്റെക്‌സിന്റെ രണ്ടാം പാദപ്രവര്‍ത്തന ഫലങ്ങള്‍ ഇന്ന് പുറത്തു വിട്ടിരുന്നു. സംയോജിത ലാഭം മുന്‍ വര്‍ഷത്തെ 7.81 കോടി രൂപയില്‍ നിന്ന് 36.73 കോടിയായി. 370 ശതമാനത്തോളമാണ് വര്‍ധന. തൊട്ട് മുന്‍പാദത്തിലെ 26.08 കോടിയേക്കാള്‍ 40 ശതമാനവും വര്‍ധനയുണ്ട്. വരുമാനം 190 കോടിയില്‍ നിന്ന് 215 കോടിയുമായി.
മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് ഓഹരി വില ഇന്ന് 7.39 ശതമാനം ഉയര്‍ന്നു. എന്‍.സി.ഡികള്‍ വഴി മൂലധന സമാഹരണത്തിന് ബോര്‍ഡ് ഇന്ന് അനുമതി നല്‍കിയിരുന്നു.
കേരള ആയുര്‍വേദ ഓഹരികളും ഇന്ന് നാല് ശതമാനത്തോളം ഉയര്‍ന്നു. ഓഹരി വില 272.25 രൂപയില്‍ നിന്ന് 260 രൂപയായി.
പ്രൈമ ഇന്‍ഡസ്ട്രീസ് (8.5 ശതമാനം), റബ്ഫില ഇന്റര്‍നാഷണല്‍ (7.39 ശതമാനം) എന്നിവയാണ് ഇന്ന് ശതമാനക്കണക്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികള്‍. ജി.ടി.എന്‍ (5.99 ശതമാനം), ഫാക്ട് (4.20 ശതമാനം), മണപ്പുറം ഫിനാന്‍സ് (3.09 ശതമാനം), കെ.എസ്.ഇ (2.51 ശതമാനം) എന്നിവയും ഇന്ന് മികച്ച നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
കേരള കമ്പനി ഓഹരികളുടെ പ്രകടനം
ചുരുക്കം ഓഹരികള്‍ മാത്രമാണ് ഇന്ന് നഷ്ടത്തിലായത്. പോപ്പീസ് കെയര്‍, സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ്, ടോളിന്‍സ് എന്നിവ ഇന്ന് ഒരു ശതമാനത്തിനു മേല്‍ നഷ്ടത്തിലാണ്. അപ്പോളോ ടയേഴ്‌സ്, ആസിപിന്‍ വാള്‍, എ.വി.ടി നാച്വറല്‍ പ്രോഡക്ട്‌സ്, കല്യാണ്‍ ജുവലേഴ്‌സ്, വി-ഗാര്‍ഡ് തുടങ്ങിയവ ഒരു ശതമാനത്തില്‍ താഴെയും നഷ്ടം രേഖപ്പെടുത്തി.
Read DhanamOnline in English
Subscribe to Dhanam Magazine