
മൂന്ന് ദിവസത്തെ തുടർച്ചയായ നഷ്ടത്തിൽ നിന്ന് കരകയറി വിപണി. പോസിറ്റീവായ ആഗോള സൂചനകളും വെള്ളിയാഴ്ച റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) നയ ഇളവുകൾ പ്രഖ്യാപിക്കുമെന്ന നിക്ഷേപകരുടെ ശുഭാപ്തിവിശ്വാസവും വിപണിയെ പിന്തുണച്ചു.
ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225, ചൈനയുടെ ഷാങ്ഹായ് കോമ്പോസിറ്റ്, ഹോങ്കോങ്ങിന്റെ ഹാംഗ് സെങ് തുടങ്ങിയ ഏഷ്യൻ ഓഹരി വിപണികള്‍ ബുധനാഴ്ച നേട്ടത്തിലാണ് വ്യാപാരം നടത്തിയത്. ചൊവ്വാഴ്ച യുഎസ് വിപണികൾ ഉയർന്ന നിലയില്‍ ക്ലോസ് ചെയ്തതും ഇന്ത്യന്‍ വിപണിക്ക് ആവേശം പകര്‍ന്നു. യുഎസ്-ചൈന വ്യാപാര സംഘർഷങ്ങൾ ലഘൂകരിക്കുമെന്ന പ്രതീക്ഷകളും വിപണിക്ക് കരുത്തായി. യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ ഈ ആഴ്ച ഫോൺ സംഭാഷണം നടക്കാൻ സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. സംഭാഷണം രണ്ട് പ്രധാന സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള സംഘർഷങ്ങൾ ലഘൂകരിക്കുമെന്നും ഇത് ആഗോള വ്യാപാരത്തെ സഹായിക്കുമെന്നുമാണ് നിക്ഷേപകർ കരുതുന്നത്.
ആർബിഐ പലിശ നിരക്കുകള്‍ വീണ്ടും കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ വിപണിക്ക് കരുത്തായി. ആർബിഐ യുടെ പണനയ അവലോകന യോഗ (MPC) തീരുമാനങ്ങള്‍ ജൂൺ 6 നാണ് പ്രഖ്യാപിക്കുക. പലിശ നിരക്ക് 25 ബേസിസ് പോയിൻറ് കൂടി കുറയ്ക്കുമെന്ന പ്രതീക്ഷയും വിപണിയുടെ മുന്നേറ്റത്തിനുളള കാരണമാണ്. ഫെബ്രുവരി, ഏപ്രിൽ മാസങ്ങളില്‍ റിപ്പോ നിരക്ക് കുറച്ചിരുന്നു. സമാനമായി ഇത്തവണയും നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് നിക്ഷേപകര്‍ക്കുളളത്. ഉപഭോക്തൃ പണപ്പെരുപ്പം മിതമായ നിലയിൽ തുടരുന്നതാണ് ഈ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം.
സെൻസെക്സ് 0.32 ശതമാനം (260.74 പോയിന്റ്) ഉയർന്ന് 80,998.25 ലും നിഫ്റ്റി 0.32 ശതമാനം (77.70 പോയിന്റ്) ഉയർന്ന് 24,620.20 ലുമാണ് ക്ലോസ് ചെയ്തത്.
ധനകാര്യം, ടെലികോം, ഐടി, ഓട്ടോ തുടങ്ങിയ എല്ലാ മേഖലകളിലും പോസിറ്റീവ് വികാരം പ്രതിഫലിച്ചു.
മെറ്റൽ, ഓയിൽ & ഗ്യാസ്, ടെലികോം സൂചികകൾ 0.5-1 ശതമാനം നേട്ടം രേഖപ്പെടുത്തി.
റിയല്‍റ്റി സൂചിക 0.7 ശതമാനം ഇടിഞ്ഞു.
ഗാർഡൻ റീച്ച് ആന്‍ഡ് ഷിപ്പ് ബിൽഡേഴ്‌സ് ഓഹരി 6 ശതമാനം നേട്ടം രേഖപ്പെടുത്തി. ഇന്ത്യയുടെ ആദ്യത്തെ പോളാര്‍ ഗവേഷണ കപ്പലിന്റെ (polar research vessel, PRV) നിർമ്മാണത്തിനായി നോർവേയിലെ കോങ്‌സ്‌ബെർഗുമായി കമ്പനി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഓഹരി 3,368 രൂപയിലാണ് ക്ലോസ് ചെയ്തത്.
എറ്റേണൽ, ജിയോ ഫിനാൻഷ്യൽ, ഭാരതി എയർടെൽ, ഇൻഡസ്ഇൻഡ് ബാങ്ക്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ആദിത്യ ബിർള ഫാഷൻ ആന്‍ഡ് റീട്ടെയിൽ ഓഹരി 10 ശതമാനം ഇടിവ് രേഖപ്പെടുത്തി. 617 കോടി രൂപ വിലമതിക്കുന്ന കമ്പനിയുടെ 6.23 ശതമാനം ഓഹരികൾ ഓഹരിക്ക് 81 രൂപ നിരക്കിൽ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. വാൾമാർട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്ലിപ്കാർട്ട് ഏകദേശം 600 കോടി രൂപയുടെ ബ്ലോക്ക് ഡീൽ വഴി എ.ബി.എഫ്.ആർ.എല്ലിലെ തങ്ങളുടെ 6 ശതമാനം ഓഹരികൾ മുഴുവൻ വിൽക്കാൻ തീരുമാനിച്ചതായും ഇടപാടിന് സൗകര്യമൊരുക്കുന്നത് ഗോൾഡ്മാൻ സാക്സ് ആണെന്നും റിപ്പോർട്ടുകളുണ്ട്.
ട്രെന്റ്, ബജാജ് ഫിൻസെർവ്, ശ്രീറാം ഫിനാൻസ്, ടിസിഎസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരള കമ്പനികളുടെ പ്രകടനം ഇന്ന് സമ്മിശ്രമായിരുന്നു. കേരള ആയുര്‍വേദ 9.57 ശതമാനത്തിന്റെ ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 462 രൂപയിലാണ് ക്ലോസ് ചെയ്തത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ 5.77 ശതമാനം നേട്ടത്തില്‍ 584 രൂപയിലെത്തി. ടോളിന്‍സ് ടയേഴ്സ് (5%), ഈസ്റ്റേണ്‍ ട്രെഡ്സ് (5.82%), നിറ്റാ ജെലാറ്റിന്‍ (3.53%) തുടങ്ങിയ ഓഹരികളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
കൊച്ചിൻ ഷിപ്പ്‌യാർഡ് 2.57 ശതമാനം നേട്ടം രേഖപ്പെടുത്തിയപ്പോള്‍, ഫാക്ട് ഓഹരി 2.36 ശതമാനം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
പോപ്പീസ് കെയര്‍ 4.99 ശതമാനം നഷ്ടത്തില്‍ 55.46 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മണപ്പുറം ഫിനാന്‍സ് (2.12%), വണ്ടര്‍ലാ ഹോളിഡേയ്സ് (1.53%), റബ്ഫില ഇന്റര്‍നാഷണല്‍ (1.94%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് കാര്യമായി ശോഭിക്കാനായില്ല.
Stock market closing analysis 4 june 2025.
Read DhanamOnline in English
Subscribe to Dhanam Magazine