റിലയൻസും എച്ച്‌.ഡി.എഫ്‌.സിയും കൂപ്പുകുത്തി; വിപണിയിൽ തകർച്ച നേരിടുമ്പോഴും കരുത്തുറ്റ മുന്നേറ്റവുമായി സൗത്ത് ഇന്ത്യൻ ബാങ്ക്

മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് എന്നിവ 0.6-1.6 ശതമാനം ഇടിഞ്ഞു
stock close
Published on

വിപണി ഇന്നും ചുവപ്പില്‍. വൻകിട ഓഹരികളിലെ ലാഭമെടുപ്പ്, യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ താരിഫ് ഭീഷണി, വിദേശ നിക്ഷേപകരുടെ പിൻവാങ്ങൽ തുടങ്ങിയ കാരണങ്ങളാണ് വിപണിയെ പിറകോട്ടടിച്ചത്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയില്ലെങ്കില്‍ ഇന്ത്യയ്ക്ക് മേൽ താരിഫ് വർദ്ധിപ്പിക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പ് വിപണിയിൽ ആശങ്കയുണ്ടാക്കി. 36.25 കോടി രൂപയുടെ ഓഹരികളാണ് വിദേശ സ്ഥാപക നിക്ഷേപകർ (FIIs) ഇന്നലെ വിറ്റഴിച്ചത്. ഇത് വിപണിയിലെ ലിക്വിഡിറ്റി കുറയാൻ കാരണമായി. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡ്യൂറോയുടെ അറസ്റ്റിനെത്തുടർന്നുണ്ടായ ആഗോള രാഷ്ട്രീയ അനിശ്ചിതത്വങ്ങള്‍ മൂലം നിക്ഷേപകര്‍ ജാഗ്രതയുള്ള സമീപനമാണ് സ്വീകരിക്കുന്നത്.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി മൂല്യം കഴിഞ്ഞ സെഷനിൽ ഏകദേശം 481 ലക്ഷം കോടി രൂപയായിരുന്നത് 479 കോടി രൂപയായി കുറഞ്ഞു. നിക്ഷേപകര്‍ക്ക് ഈ സെഷനിൽ ഏകദേശം 2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്.

സെൻസെക്സ് 376 പോയിന്റ് (0.44%) നഷ്ടത്തില്‍ 85,063 ലും നിഫ്റ്റി 74 പോയിന്റ് (0.28%) നഷ്ടത്തില്‍ 26,175 ലും വ്യാപാരം അവസാനിപ്പിച്ചത്.

മീഡിയ, ഓയിൽ ആൻഡ് ഗ്യാസ്, ക്യാപിറ്റൽ ഗുഡ്സ് എന്നിവ 0.6-1.6 ശതമാനം ഇടിഞ്ഞു.

ഐടി, ഫാർമ, പി‌എസ്‌യു ബാങ്ക്, മെറ്റൽ എന്നിവ 0.3-1.7 ശതമാനം ഉയർന്നു.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

ഓഹരികളുടെ ഉയര്‍ച്ചയും താഴ്ചയും

വെനസ്വേലയിലെ പ്രതിസന്ധി നിർണായക ധാതുക്കൾ സ്വന്തമാക്കാനുള്ള ലോകരാജ്യങ്ങളുടെ മത്സരം ത്വരിതപ്പെടുത്തുമെന്ന പ്രതീക്ഷകള്‍ ചെമ്പ് വിലയെ അന്താരാഷ്ട്ര വിപണിയില്‍ എക്കാലത്തെയും ഉയർന്ന നിരക്കായ 13,253 ഡോളറിലെത്തിച്ചു. ഇന്ന് വ്യാപാര സമയത്ത് നിഫ്റ്റി മെറ്റൽ സൂചിക ഒരു ശതമാനത്തിലധികം ഉയർന്ന് 52 ​​ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 11,652 ലെത്തി. ഹിന്ദുസ്ഥാൻ കോപ്പറിന്റെ ഓഹരികൾ 2 ശതമാനത്തിലധികം ഉയർന്ന് 564 രൂപയില്‍ ക്ലോസ് ചെയ്തു. ഹിൻഡാൽകോ ഇൻഡസ്ട്രീസ് ഒരു ശതമാനത്തിലധികം ഉയർന്ന് 943 രൂപയിലാണ് ക്ലോസ് ചെയ്തത്.

എച്ച്‌ഡിഎഫ്‌സി ബാങ്ക് (HDFC Bank) ഓഹരികൾ രണ്ട് ശതമാനത്തോളം ഇടിഞ്ഞത് വിപണിയെ കാര്യമായി ബാധിച്ചു. ബാങ്കിന്റെ നിക്ഷേപ വളർച്ചയിലെ കുറവും ഉയർന്ന ക്രെഡിറ്റ്-ഡെപ്പോസിറ്റ് അനുപാതവുമാണ് നിക്ഷേപകരെ ആശങ്കയിലാക്കിയത്. ഓഹരി 962 രൂപയില്‍ ക്ലോസ് ചെയ്തു. റിലയൻസ് ഇൻഡസ്ട്രീസ് (-4.39%), ടാറ്റ മോട്ടോഴ്‌സ് (-1.33%) തുടങ്ങിയ മുൻനിര ഓഹരികളിലെ വിലയിടിവും വിപണിയുടെ തളർച്ചയ്ക്ക് ആക്കം കൂട്ടി.

കൊച്ചിൻ ഷിപ്പ്‌യാർഡ് നഷ്ടത്തില്‍

ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സൗത്ത് ഇന്ത്യന്‍ ബാങ്ക് 5 ശതമാനത്തിലധികം നേട്ടം രേഖപ്പെടുത്തി. കഴിഞ്ഞ ദിവസം ബാങ്കിന്റെ പാദഫലങ്ങള്‍ പുറത്തു വന്നിരുന്നു. ഡിസംബര്‍ 31 ന് അവസാനിച്ച പാദത്തില്‍ വായ്പകളിലും നിക്ഷേപങ്ങളിലും ശ്രദ്ധേയമായ വളര്‍ച്ചയാണ് ബാങ്ക് രേഖപ്പെടുത്തിയിരിക്കുന്നത്. ബാങ്കിന്റെ മൊത്തം വായ്പകള്‍ മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് 11.27 ശതമാനം വര്‍ധിച്ച് 96,765 കോടി രൂപയിലെത്തി. കേരള ആയുര്‍വേദ (1.53%), ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ (1.83%), കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കേരളം ആസ്ഥാനമായ പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളായ കൊച്ചിൻ ഷിപ്പ്‌യാർഡും എഫ്.എ.സി.ടി യും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സിഎസ്ബി ബാങ്ക് 3 ശതമാനത്തിലധികം നഷ്ടം രേഖപ്പെടുത്തി. ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്കിന്റെ മൊത്തം നിക്ഷേപം 21 ശതമാനം വളര്‍ച്ചയോടെ 40,460 കോടി രൂപയായി ഉയര്‍ന്നിരുന്നു. മികച്ച പാദഫലങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നുവെങ്കിലും ഓഹരിക്ക് ഇന്ന് നേട്ടത്തിലെത്താനായില്ല. പോപ്പുലര്‍ വെഹിക്കിള്‍സ് (-4.18%), ഫെഡറല്‍ ബാങ്ക് (-2.58%), ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി (-3.93%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com