
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ജൂണിലെ പണനയ അവലോകനത്തിൽ 50 ബേസിസ് പോയിന്റ് റിപ്പോ നിരക്ക് കുറച്ച് പ്രതീക്ഷിച്ചതിലും വലിയ ഇളവ് നല്‍കി വിപണികളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് സെൻസെക്സും നിഫ്റ്റിയും ഏകദേശം ഒരു ശതമാനം ഉയർന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. വിവിധ വ്യാവസായിക മേഖലകളിൽ ശുഭാപ്തിവിശ്വാസം ഉണർത്തുന്നതിനും നിക്ഷേപകരുടെ വികാരം ഉയർത്തുന്നതിനും സഹായകമായ നീക്കമാണ് ആര്‍.ബി.ഐ നടപടി.
ആര്‍.ബി.ഐ 2026 സാമ്പത്തിക വർഷത്തേക്കുള്ള ഉപഭോക്തൃ വില സൂചിക (CPI) പണപ്പെരുപ്പ പ്രവചനം 4 ശതമാനത്തിൽ നിന്ന് 3.70 ശതമാനമായി പരിഷ്കരിച്ചത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം പകര്‍ന്നതും വിപണി നേട്ടത്തിലാകാനുളള കാരണമാണ്. അതേസമയം ജിഡിപി വളർച്ചാ പ്രവചനം 6.5 ശതമാനത്തിൽ തന്നെ കേന്ദ്ര ബാങ്ക് നിലനിർത്തുകയും ചെയ്തു.
സെൻസെക്സ് 0.92 ശതമാനം (746 പോയിന്റ്) ഉയർന്ന് 82,188.99 ലും നിഫ്റ്റി 1.02 ശതമാനം ( 252 പോയിന്റ്) ഉയർന്ന് 25,003.05 ലും എത്തി.
സെൻസിറ്റീവ് മേഖലകളിൽ ശക്തമായ വാങ്ങലിന് വഴിയൊരുക്കിയതാണ് വിപണിയുടെ നേട്ടത്തിലുളള കാരണം. ഹോം ലോണ്‍ നിരക്കില്‍ കുറവുണ്ടാകുന്നതിനാല്‍ നിഫ്റ്റി റിയാലിറ്റി സൂചിക 4.68 ശതമാനം ഉയർന്ന് ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച മേഖലയായി. നിഫ്റ്റി ഫിനാൻഷ്യൽ സർവീസസ് സൂചിക 1.75 ശതമാനം ഉയർന്നു, നിഫ്റ്റി ബാങ്കും നിഫ്റ്റി ഓട്ടോയും 1.5 ശതമാനം വീതം നേട്ടമുണ്ടാക്കി.
നിഫ്റ്റി മെറ്റൽ സൂചിക 1.9 ശതമാനം ഉയർന്നപ്പോൾ നിഫ്റ്റി ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.6 ശതമാനം നേട്ടമുണ്ടാക്കി. മറ്റ് മേഖലകളിൽ നിഫ്റ്റി ഐടി, നിഫ്റ്റി ഹെൽത്ത്കെയർ 0.5 ശതമാനം വീതം നേട്ടമുണ്ടാക്കിയപ്പോൾ നിഫ്റ്റി എഫ്എംസിജി 0.3 ശതമാനവും നിഫ്റ്റി ഫാർമ 0.2 ശതമാനവും ഉയർന്നു.
നിഫ്റ്റി മീഡിയ മാത്രമാണ് ഇന്ന് ചുവപ്പ് വെളിച്ചം കണ്ടത്. 1.14 ശതമാനത്തിന്റെ നഷ്ടമാണ് ഈ മേഖല രേഖപ്പെടുത്തിയത്.
വെള്ളിയാഴ്ച ഇൻട്രാഡേയിൽ കൊച്ചിൻ ഷിപ്പ്‌യാർഡിന്റെ ഓഹരികൾ 8 ശതമാനത്തിലധികം ഉയർച്ചയാണ് രേഖപ്പെടുത്തിയത്. 2030 സാമ്പത്തിക വർഷത്തോടെ ഇന്ത്യയുടെ പ്രതിരോധ ചെലവ് ജിഡിപി യുടെ കുറഞ്ഞത് 2.5 ശതമാനമായി ഉയർത്താൻ സാഹചര്യങ്ങൾ അനുകൂലമാണെന്ന് പ്രതിരോധ സെക്രട്ടറി രാജേഷ് കുമാർ സിംഗ് പറഞ്ഞിരുന്നു. ഇന്ത്യയിലും ആഗോളതലത്തിലും പ്രതിരോധ ചെലവുകൾ വർദ്ധിക്കുമെന്ന നിക്ഷേപകരുടെ കണക്കുക്കൂട്ടലാണ് ഓഹരിയുടെ നേട്ടത്തിനുളള കാരണം. രണ്ടാം സെഷനില്‍ വൈകിട്ട് ഓഹരിയില്‍ ചില ലാഭമെടുപ്പുകൾ കാണപ്പെട്ടു. തുടർച്ചയായ നാലാം ദിവസമാണ് ഓഹരി നേട്ടത്തിലാകുന്നത്. ഏകദേശം 25 ശതമാനം നേട്ടമാണ് ഈ കാലയളവില്‍ ഓഹരിയുണ്ടാക്കിയത്. കൊച്ചിൻ ഷിപ്പ്‌യാർഡ് 1.07 ശതമാനം ഉയര്‍ന്ന് 2,376 രൂപയില്‍ ക്ലോസ് ചെയ്തു.
ഇൻഡസ്ഇൻഡ് ബാങ്ക് ലിമിറ്റഡിന്റെ ഓഹരികൾ ഏകദേശം 3 ശതമാനത്തോളം ഉയർന്നു. ആര്‍.ബി.ഐ ഗവർണർ സഞ്ജയ് മൽഹോത്രയും ഡെപ്യൂട്ടി ഗവർണർ ജെ സ്വാമിനാഥനും ബാങ്കിലെ പ്രശ്നങ്ങള്‍ വളരെ വേഗം പരിഹരിക്കപ്പെടുമെന്ന് വ്യക്തമാക്കിയതാണ് ഓഹരിയുടെ നേട്ടത്തിനുളള കാരണം. ഓഹരി 824 രൂപയിലാണ് ക്ലോസ് ചെയ്തത്.
ജെഎസ്ഡബ്ല്യു സ്റ്റീൽ, ആക്സിസ് ബാങ്ക്, മാരുതി സുസുക്കി എന്നിവയാണ് ഇന്നത്തെ വ്യാപാരത്തില്‍ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികൾ.
അതേസമയം എച്ച്ഡിഎഫ്സി ലൈഫ്, ഭാരത് ഇലക്ട്രോണിക്സ്, ഭാരതി എയർടെൽ, സൺ ഫാർമ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു, ഒരു ശതമാനത്തിൽ താഴെ നഷ്ടമാണ് ഈ ഓഹരികള്‍ രേഖപ്പെടുത്തിയത്.
കേരളാ കമ്പനികളില്‍ ഇന്ന് ഭൂരിഭാഗം ഓഹരികളും നേട്ടത്തിലായിരുന്നു. ആര്‍.ബി.ഐ റിപ്പോ നിരക്ക് കുറച്ചതു മൂലം ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഗണ്യമായ നേട്ടമുണ്ടാക്കി. മുത്തൂറ്റ് ഫിനാന്‍സ് 6.98 ശതമാനവും മണപ്പുറം ഫിനാന്‍സ് 5.64 ശതമാനവും നേട്ടം രേഖപ്പെടുത്തി. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (4.99%), ഹാരിസണ്‍സ് മലയാളം (3.78%), സ്കൂബി ഡേ (2.68%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
പോപ്പീസ് കെയര്‍ 4.99 ശതമാനം ഇടിഞ്ഞ് 50 രൂപയിലെത്തി. നിറ്റാ ജെലാറ്റിന്‍ (-1.55%), കേരള ആയുര്‍വേദ (-1.09%), ആഡ് ടെക് സിസ്റ്റംസ് (-2.47%), റബ്പില ഇന്റര്‍നാഷണല്‍ (-2.49%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് തിളങ്ങാനായില്ല.
Stock market closing analysis 6 june 2025.
Read DhanamOnline in English
Subscribe to Dhanam Magazine