
രണ്ട് ദിവസത്തെ നേട്ടത്തിന് ശേഷം വിപണി ചൊവ്വാഴ്ച നഷ്ടത്തിലേക്ക് വീണു. ഇന്ത്യ-പാകിസ്ഥാൻ സംഘർഷങ്ങളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിക്ഷേപകരുടെ വികാരത്തെ ബാധിച്ചു. യു.എസ് കേന്ദ്ര ബാങ്കായ ഫെഡ് റിസര്‍വിന്റെ പോളിസി നിരക്ക് ഈ ആഴ്ച പ്രഖ്യാപിക്കാനിരിക്കുകയാണ്. ഇതേ തുടര്‍ന്ന് നിക്ഷേപകര്‍ ജാഗ്രതയോടെയുളള സമീപനമാണ് സ്വീകരിക്കുന്നത്.
മിഡ്‌ക്യാപ്, സ്‌മോൾക്യാപ് ഓഹരികൾ വലിയ ഇടിവ് നേരിട്ടു. വലിയ തോതില്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതാണ് ഈ മേഖലകളെ ബാധിച്ചത്. നിഫ്റ്റി ഓട്ടോ ഒഴികെയുള്ള മേഖലാ സൂചികകളെല്ലാം താഴ്ന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 0.19 ശതമാനം (155.77 പോയിന്റ്) ഇടിഞ്ഞ് 80,641.07 ലും നിഫ്റ്റി 0.33 ശതമാനം (81.55 പോയിന്റ്) ഇടിഞ്ഞ് 24,379.60 ലുമാണ് ക്ലോസ് ചെയ്തത്.
പാകിസ്ഥാനുമായുളള സംഘർഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ 2025 ൽ 6.3 ശതമാനമായി കുറയാൻ സാധ്യതയുണ്ടെന്ന ആഗോള റേറ്റിംഗ് ഏജൻസിയായ മൂഡീസ് റേറ്റിംഗ്സിന്റെ റിപ്പോര്‍ട്ട് ഇന്ന് പുറത്തു വന്നു. അന്താരാഷ്ട്ര നാണയ നിധിയും (ഐഎംഎഫ്) ലോക ബാങ്കും ഇന്ത്യയുടെയും ലോകത്തിന്റെയും വളർച്ചാ എസ്റ്റിമേറ്റുകൾ താഴ്ത്തിയതിന് തൊട്ടുപിന്നാലെയാണ് മൂഡീസ് റേറ്റിംഗ്സിന്റെ നിഗമനം എത്തിയിരിക്കുന്നത്. യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് ചെലുത്തുന്ന നയപരമായ അനിശ്ചിതത്വവും വ്യാപാര സംഘർഷങ്ങളും ആഗോള വ്യാപാരത്തെയും നിക്ഷേപത്തെയും മന്ദഗതിയിലാക്കാൻ സാധ്യതയുണ്ട്.
പിഎസ്‌യു ബാങ്ക് സൂചിക ഏകദേശം 5 ശതമാനം ഇടിഞ്ഞു, റിയാലിറ്റി സൂചിക 3.5 ശതമാനം ഇടിഞ്ഞു, അതേസമയം ഫാർമ, കൺസ്യൂമർ ഡ്യൂറബിൾസ്, മീഡിയ, ഓയിൽ & ഗ്യാസ്, പവർ എന്നിവ 1-2.6 ശതമാനം ഇടിഞ്ഞു.
മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ രണ്ട് ശതമാനം വീതം ഇടിഞ്ഞു.
ഹീറോ മോട്ടോകോർപ്പിന്റെ ഓഹരികൾ 2.48 ശതമാനം ഉയർന്ന് 3,861 രൂപയിലെത്തി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കമ്പനിയുടെ വരുമാനത്തില്‍ ക്രമാനുഗതമായ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. ഉയർന്ന തോതില്‍ കൈമാറ്റം ചെയ്യപ്പെട്ടതാണ് ഓഹരിയുടെ നേട്ടത്തിനുളള കാരണം.
ടാറ്റ സ്റ്റീൽ, ഭാരതി എയർടെൽ, എം & എം, എച്ച്‌യുഎൽ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
മാർച്ച് പാദത്തിൽ മോശം പ്രകടനം റിപ്പോർട്ട് ചെയ്തതിനെ തുടർന്ന് ബാങ്ക് ഓഫ് ബറോഡ ഓഹരികൾ 10 ശതമാനം ഇടിഞ്ഞു. അറ്റ പലിശ വരുമാനം 6.6 ശതമാനം ഇടിഞ്ഞ് 11,019 കോടി രൂപയായി. ഓഹരി 221 രൂപയിലാണ് ക്ലോസ് ചെയ്തത്.
അദാനി എന്റർപ്രൈസസ്, എറ്റേണൽ, ജിയോ ഫിനാൻഷ്യൽ, ട്രെന്റ്, എസ്‌ബിഐ ലൈഫ് തുടങ്ങിയവ നഷ്ടത്തിലായിരുന്നു.
കേരളാ കമ്പനികളില്‍ ഭൂരിഭാഗം ഓഹരികളും ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നഷ്ടത്തിലേക്ക് പോകാതെ പിടിച്ചു നില്‍ക്കാന്‍ സാധിച്ച പ്രധാന കമ്പനികളിലൊന്ന് മുത്തൂറ്റ് ഫിനാന്‍സാണ്. ഓഹരി 1.83 ശതമാനം നേട്ടത്തില്‍ 2,244 രൂപയില്‍ ക്ലോസ് ചെയ്തു.
കൊച്ചിൻ ഷിപ്പ്‌യാർഡ് 4.32 ശതമാനം നഷ്ടത്തില്‍ 1478 രൂപയിലാണ് ക്ലോസ് ചെയ്തത്. ഫാക്ട് ഓഹരി 3 ശതമാനം നഷ്ടത്തില്‍ 771 രൂപയിലെത്തി.
കിറ്റെക്സ് 5 ശതമാനം നഷ്ടത്തില്‍ 229 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മൂത്തൂറ്റ് മൈക്രോഫിന്‍ (5.98%), കല്യാണ്‍ ജുവലേഴ്സ് (4.86%), നിറ്റാ ജെലാറ്റിന്‍ (5.41%), ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (4.54%) തുടങ്ങിയവയ്ക്കും ഇന്നത്തെ നഷ്ട പ്രവാഹത്തില്‍ പിടിച്ചു നില്‍ക്കാനായില്ല.
Stock market closing analysis 6 may 2025.
Read DhanamOnline in English
Subscribe to Dhanam Magazine