

ഇന്ത്യ-യുഎസ് വ്യാപാര കരാറിനെക്കുറിച്ചുള്ള അനിശ്ചിതത്വം മൂലം വലിയ അസ്ഥിരതയാര്‍ന്ന സെഷനാണ് വിപണി സാക്ഷ്യം വഹിച്ചത്. നേട്ടങ്ങൾക്കും നഷ്ടങ്ങൾക്കും ഇടയിൽ വിപണി ചാഞ്ചാട്ടത്തിന്റെ പാതയാണ് സ്വീകരിച്ചത്. ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ പ്രധാന ഏഷ്യൻ സമ്പദ്‌വ്യവസ്ഥകൾ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ താരിഫുകൾ ട്രംപ് പ്രഖ്യാപിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര കരാർ ഉടൻ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വ്യാപാര കരാറിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച് ഒടുവില്‍ വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു.
തിങ്കളാഴ്ച വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ (FII) 321.16 കോടി രൂപയുടെ ഓഹരികളാണ് വാങ്ങിയത്. ആഗോള നിക്ഷേപകരുടെ വിപണിയിലുളള ആത്മവിശ്വാസത്തിന്റെ അടയാളമായാണ് എഫ്ഐഐ നിക്ഷേപത്തെ വിലയിരുത്തുന്നത്. ബ്രെന്റ് ക്രൂഡ് ഓയിൽ 0.36 ശതമാനം ഇടിഞ്ഞ് ബാരലിന് 69.33 യുഎസ് ഡോളറിലെത്തി. ക്രൂഡ് ഓയിൽ വിലയിലെ കുറവ് പണപ്പെരുപ്പ സമ്മർദ്ദങ്ങൾ ലഘൂകരിക്കാൻ സഹായിക്കുന്നതാണ്. ദക്ഷിണ കൊറിയയുടെ കോസ്പി, ജപ്പാന്റെ നിക്കി 225, ചൈനയുടെ എസ്എസ്ഇ കോമ്പോസിറ്റ്, ഹോങ്കോങ്ങിന്റെ ഹാങ് സെങ് എന്നിവ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചതും ആഭ്യന്തര വിപണിക്ക് ഊര്‍ജം പകര്‍ന്നു. രൂപയുടെ മൂല്യം 22 പൈസ ഉയർന്ന് 85.72 ആയി. ഇതും വിപണിക്ക് നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിക്കാനുളള ഊര്‍ജം പകര്‍ന്നു.
സെൻസെക്സ് 0.32 ശതമാനം (270.01 പോയിന്റ്) ഉയർന്ന് 83,712.51 ലും നിഫ്റ്റി 0.24 ശതമാനം ( 61.20 പോയിന്റ്) ഉയർന്ന് 25,522.50 ലും ക്ലോസ് ചെയ്തു.
പ്രൈവറ്റ് ബാങ്ക്, ഐടി, റിയൽറ്റി സൂചികകള്‍ നേട്ടത്തിലായിരുന്നു. റിയല്‍റ്റി സൂചിക ഏകദേശം 1 ശതമാനത്തിന്റെ നേട്ടം രേഖപ്പെടുത്തി.
ഫാർമ, പി.എസ്.യു ബാങ്ക്, എഫ്എംസിജി ഓഹരികൾ ഇടിഞ്ഞു. കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് 2.29 ശതമാനത്തിന്റെയും ഫാര്‍മ സൂചിക 0.89 ശതമാനത്തിന്റെയും നഷ്ടം രേഖപ്പെടുത്തി.
നവീൻ ഫ്ലൂറിൻ ഇന്റർനാഷണൽ ഓഹരികൾ 3 ശതമാനത്തിലധികം ഉയർന്നു. കമ്പനി ക്വാളിഫൈഡ് ഇൻസ്റ്റിറ്റ്യൂഷണൽ പ്ലേസ്‌മെന്റ് (QIP) വഴി 750 കോടി രൂപ സമാഹരിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടർന്നാണ് ഓഹരി നേട്ടം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ നവീൻ ഫ്ലൂറിൻ ഓഹരികൾ ഏകദേശം 15 ശതമാനവും കഴിഞ്ഞ ആറ് മാസത്തിനുള്ളിൽ 44 ശതമാനത്തിലധികവും നേട്ടമുണ്ടാക്കി. ഓഹരി 5,052 രൂപയിലാണ് ക്ലോസ് ചെയ്തത്.
വാരീ എനർജീസ്, എന്‍എച്ച്പിസി, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ചൊവ്വാഴ്ചത്തെ വ്യാപാരത്തിൽ ഓട്ടോ കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഓട്ടോ സൂചിക 0.38 ശതമാനത്തിന്റെ നഷ്ടമാണ് രേഖപ്പെടുത്തിയത്. യു.എസ് താരിഫുകള്‍ പ്രധാനമായും ഓട്ടോ കമ്പനികളെയാണ് ബാധിക്കുകയെന്ന വിലയിരുത്തലാണ് ഈ മേഖലയ്ക്ക് തിരിച്ചടിയായത്. ഹീറോ മോട്ടോകോർപ്പ്, മാരുതി സുസുക്കി ഇന്ത്യ തുടങ്ങിയ ഓഹരികള്‍ വിൽപ്പന സമ്മർദ്ദം നേരിട്ടു. ഒരു ശതമാനം വരെ നഷ്ടത്തിലാണ് ഇവ ക്ലോസ് ചെയ്തത്.
ഇന്ത്യൻ ഫാർമ കമ്പനികളുടെ ഓഹരികളും ഇന്ന് ഇടിവ് നേരിട്ടു. ഫാർമ കമ്പനികൾ അവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗം യു.എസ് കയറ്റുമതിയിൽ നിന്നാണ് നേടുന്നത്. അതിനാൽ, ട്രംപ് താരിഫുകൾ വർദ്ധിപ്പിച്ചാല്‍ ഈ കമ്പനികള്‍ക്ക് പ്രതിസന്ധി സൃഷ്ടിക്കും. അരബിന്ദോ ഫാർമ ഓഹരികൾ 3 ശതമാനത്തിലധികം ഇടിഞ്ഞ് 1,142 രൂപയിലും ലുപിൻ ഓഹരികൾ ഏകദേശം 3 ശതമാനം ഇടിഞ്ഞ് 1,922 രൂപയിലുമാണ് വ്യാപാരം അവസാനിപ്പിച്ച ത്. ഡോ. റെഡ്ഡീസ് ലബോറട്ടറീസ് , സൈഡസ് ലൈഫ് സയൻസസ് ഓഹരികൾ 1.6 ശതമാനത്തിലധികം ഇടിഞ്ഞു.
ടൈറ്റൻ കമ്പനി, ബിഎസ്ഇ, ഭാരതി ഹെക്സാകോം തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
കേരള കമ്പനികള്‍ ഇന്ന് സമ്മിശ്രപ്രകടനമാണ് കാഴ്ചവെച്ചത്. നിറ്റാ ജെലാറ്റിന്‍ 8 ശതമാനത്തിലധികം ഉയര്‍ച്ചയുമായി നേട്ടപ്പട്ടികയില്‍ മുന്നിട്ടു നിന്നു. ഓഹരി 922 രൂപയിലാണ് ക്ലോസ് ചെയ്തത്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (5.25%), കിറ്റെക്സ് (4.95%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (3.36%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് 1.45 ശതമാനം നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ ഫാക്ടിനും നേരിയ നഷ്ടത്തില്‍ (-0.14%) വ്യാപാരം അവസാനിപ്പിക്കേണ്ടി വന്നു,
ഹാരിസണ്‍സ് മലയാളം 3.88 ശതമാനം നഷ്ടത്തില്‍ 212.75 രൂപയിലെത്തി. സ്കൂബി ഡേ (-2.75%), ടോളിന്‍സ് ടയേഴ്സ് (-2.76%), എ.വി.ടി (-2.27%) തുടങ്ങിയ ഓഹരികള്‍ക്കും ചൊവ്വ നഷ്ടദിനമായിരുന്നു.
Stock market closing analysis 8 July 2025.
Read DhanamOnline in English
Subscribe to Dhanam Magazine