സംഘര്‍ഷഭീതിയില്‍ രണ്ടാംദിനവും വിപണിക്ക് 'ക്ഷീണം', നിക്ഷേപകര്‍ക്ക് ചോര്‍ന്നത് 9 ലക്ഷം കോടി രൂപ; കേരള ഓഹരികള്‍ക്കും റെഡ് അലര്‍ട്ട്

സംഘര്‍ഷഭീതിയില്‍ രണ്ടാംദിനവും വിപണിക്ക് 'ക്ഷീണം', നിക്ഷേപകര്‍ക്ക് ചോര്‍ന്നത് 9 ലക്ഷം കോടി രൂപ; കേരള ഓഹരികള്‍ക്കും റെഡ് അലര്‍ട്ട്

ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് എത്തിയതിനൊപ്പം ഐ.എം.എഫും ലോകബാങ്കും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നേരിയ തോതില്‍ താഴ്ത്തിയതും വിപണിയെ സ്വാധീനിച്ചു
Published on

ഒരു തളര്‍ച്ചയ്ക്കുള്ള വകുപ്പ് മാര്‍ക്കറ്റിലുണ്ടായിരുന്നു. വിപണി അത് തെറ്റിച്ചതുമില്ല. ഫലമോ, തുടര്‍ച്ചയായ രണ്ടാംദിനവും വിപണിക്ക് നഷ്ടകാലം. സെന്‍സെക്‌സ് ഇന്ന് 589 പോയിന്റ് (0.74) താഴ്ന്ന് 79,212.53ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 207 പോയിന്റ് (0.86) ഇടിഞ്ഞ് 24,039.35ല്‍ വ്യാപാരം അവസാനിപ്പിച്ചു.

ബിഎസ്ഇ മിഡ്ക്യാപ്റ്റ്, സ്‌മോള്‍ ക്യാപ് സൂചികകളെല്ലാം തകര്‍ച്ച നേരിടേണ്ടി വന്നു. യഥാക്രമം 2.44, 2.56 ശതമാനം ഇടിവാണ് ഈ സൂചികകളില്‍ ഉണ്ടായത്. ലിസ്റ്റഡ് കമ്പനികളുടെ വിപണിമൂല്യം 430 ലക്ഷം കോടിയില്‍ നിന്ന് 421 ലക്ഷം കോടിയിലേക്ക് താഴ്ന്നു. നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് മാത്രം ഒന്‍പത് ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. രണ്ട് ദിവസം കൊണ്ട് സെന്‍സെക്‌സ് 904 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റിയാകട്ടെ 290 പോയിന്റും.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

സംഘര്‍ഷഭീതിയും വളര്‍ച്ചാ അനുമാനവും

ഒന്നിലേറെ കാരണങ്ങളാണ് വിപണിയുടെ വീഴ്ച്ചയ്ക്ക് കാരണം. കശ്മീരിലെ തീവ്രവാദിയാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം മറ്റൊരു തലത്തിലേക്ക് എത്തിയതിനൊപ്പം ഐ.എം.എഫും ലോകബാങ്കും ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം നേരിയ തോതില്‍ താഴ്ത്തിയതും വിപണിയെ സ്വാധീനിച്ചു. സാമ്പത്തികവര്‍ഷത്തെ അവസാന പാദത്തെ ഫലങ്ങള്‍ വരും ആഴ്ച്ചകളില്‍ പുറത്തുവരും. ഫലങ്ങള്‍ മെച്ചപ്പെട്ടതാകുമോയെന്ന ആശങ്കയും ലാഭമെടുപ്പിലേക്ക് നിക്ഷേപകരെ നയിച്ചു.

വിപണിയിലെ സമ്മര്‍ദം സൂചികകളുടെ പ്രകടനത്തിലും ദൃശ്യമായി. ഐ.ടി സൂചിക മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. ബാക്കിയെല്ലാ സൂചികകളും നഷ്ടത്തില്‍ കലാശിച്ചു. മെറ്റല്‍ (2.10), ഫാര്‍മ (2.24), റിയാലിറ്റി (2.80) സൂചികകള്‍ക്ക് കരകയറാനായില്ല.

നേട്ടം കൊയ്ത ഓഹരികള്‍
നേട്ടം കൊയ്ത ഓഹരികള്‍

നേട്ടത്തില്‍ എസ്.ബി.ഐ ലൈഫ്

മാര്‍ച്ച് പാദത്തില്‍ മികച്ച പ്രകടനം നടത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് ഓഹരികളെ മുന്നേറാന്‍ സഹായിച്ചു. 5.15 ശതമാനം നേട്ടത്തോടെയാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. നാലാംപാദത്തില്‍ വരുമാനം 23,071 കോടിയും ലാഭം 814 കോടിയുമായി.

മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ ലാഭം ഉയര്‍ത്താനായത് അടുത്ത സാമ്പത്തികവര്‍ഷം കൂടുതല്‍ മെച്ചപ്പെട്ട നേട്ടമുണ്ടാക്കുമെന്ന പ്രതീക്ഷയും എസ്.ബി.ഐ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി ഓഹരികളെ മുന്നേറ്റത്തിന് സഹായിച്ചു.

നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍
നഷ്ടം രേഖപ്പെടുത്തിയ ഓഹരികള്‍

ഇന്ന് ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ട ഓഹരികളിലൊന്ന് മോട്ടിലാല്‍ ഒസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ്. 8.47 ശതമാനം ഇടിവാണ് ഓഹരികളിലുണ്ടായത്. 2020ന് ശേഷം ആദ്യമായി ഒരു പാദത്തില്‍ നഷ്ടമുണ്ടായെന്ന റിപ്പോര്‍ട്ടുകളാണ് ഓഹരികള്‍ക്ക് തിരിച്ചടിയായത്. മുന്‍വര്‍ഷം സമാനപാദത്തില്‍ 725 കോടി രൂപ ലാഭം നേടിയ സ്ഥാനത്താണ് ഇത്തവണ 64.8 കോടി രൂപയുടെ നഷ്ടം നേരിടേണ്ടി വന്നത്.

നാലാംപാദത്തില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയിട്ടും ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ 8.13 ശതമാനം ഇടിഞ്ഞു. എസ്.ബി.ഐ കാര്‍ഡ് ആന്‍ഡ് പേയ്‌മെന്റ് സര്‍വീസ് ഓഹരികള്‍ 6.66 ശതമാനവും ഇടിവു രേഖപ്പെടുത്തി.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികള്‍ക്ക് രക്ഷയില്ല

വിരലിലെണ്ണാവുന്ന ചെറുകിട ഓഹരികള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ കേരള ഓഹരികള്‍ക്ക് മോശം ദിനമായിരുന്നു ഇന്ന്. ഹാരിസണ്‍സ് മലയാളം (7.99%) ആണ് ഇന്നേറ്റവും മോശം പ്രകടനം നടത്തിയത്. ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചെങ്കിലും മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 2.64 ശതമാനം ഇടിഞ്ഞു.

സമാന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മണപ്പുറം ഫിനാന്‍സ് ഓഹരിയില്‍ 1.09 ശതമാനം താഴ്ച്ചയാണുണ്ടായത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (4.66), വണ്ടര്‍ലാ ഹോളിഡെയ്‌സ് (2.00), കെ.എസ്.ഇ (1.12) ഓഹരികളും മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com