

ഇന്ത്യ-പാക് അനിശ്ചിതത്വവും വളര്‍ച്ചാ നിരക്ക് കുറയുമെന്ന നിഗമനങ്ങളും ചേര്‍ന്ന് കഴിഞ്ഞയാഴ്ച്ച ദുര്‍ബലമായ വിപണിക്ക് ഇന്ന് സൂപ്പര്‍ മണ്‍ഡേ. സെന്‍സെക്‌സ് ഇന്ന് 1,006 പോയിന്റ് (1.27 ശതമാനം) ഉയര്‍ന്ന് 80,218.37ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 289 പോയിന്റ് (1.20 ശതമാനം) കുതിച്ച് 24,328.50ല്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ 1.34, 0.39 ശതമാനം ഉയരത്തിലാണ് ദിനം അവസാനിപ്പിച്ചത്.
ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ ഏകദേശം 4 ലക്ഷം കോടിയുടെ വര്‍ധനയുണ്ടായി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 426 ലക്ഷം കോടിയായി. 421.6 കോടിയില്‍ നിന്നാണ് ഈ കുതിപ്പ്.
ജമ്മു കശ്മീരില്‍ ഭീകരര്‍ നടത്തിയ നരനായാട്ടിനോടുള്ള ഇന്ത്യന്‍ പ്രതികരണം യുദ്ധത്തിലേക്ക് പോകില്ലെന്ന സൂചനകളാണ് വിപണിക്ക് കരുത്തായത്. നയതന്ത്രതലത്തില്‍ ഇന്ത്യ വിഷയത്തെ സമീപിക്കുന്നത് വിപണിക്കും കരുത്തായി. യു.എസും ചൈനയും തമ്മിലുള്ള താരിഫ് യുദ്ധത്തിന് ശമനം വന്നതും വിപണിക്ക് പോസിറ്റീവായി. ആഗോളതലത്തില്‍ വിപണികള്‍ കൂടുതല്‍ സ്ഥിരത കൈവരിക്കുന്നതും ഇന്ത്യന്‍ മാര്‍ക്കറ്റിനെ സ്വാധീനിക്കുന്നുണ്ട്.
സൂചികകളില്‍ ഐ.ടി മാത്രമാണ് ഇന്ന് മോശമാക്കിയത്. ഹെല്‍ത്ത്‌കെയര്‍ (2.07), ഓയില്‍ ആന്‍ഡ് ഗ്യാസ് (3.18), പൊതുമേഖല ബാങ്ക് (2.44) സൂചികകള്‍ മികച്ച പ്രകടനത്തോടെ വിപണിക്ക് തുണയായി. ബാങ്കിംഗ് ഓഹരികളും ഇന്ന് വലിയ നേട്ടം കൊയ്തു.
ഇന്ത്യ-പാക് സംഘര്‍ഷം പ്രതിരോധ ഓഹരികളില്‍ വലിയ ചലനം സൃഷ്ടിച്ചിട്ടുണ്ട്. നാവികസേനയ്ക്ക് അടക്കം സുപ്രധാന സംഭാവന നല്‍കുന്ന കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരികള്‍ ഇന്ന് 6.12 ശതമാനമാണ് ഉയര്‍ന്നത്. പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ഓഹരികളും 5.42 ശതമാനത്തോളം കുതിച്ചു.
നാലാംപാദത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരികളെ ഉയര്‍ത്തി. അഞ്ചുശതമാനത്തിനു മുകളില്‍ നേട്ടത്തോടെയാണ് റിലയന്‍സ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്.
സമ്മിശ്ര പ്രകടനമാണ് കേരള ഓഹരികളുടേതായി ഇന്നുണ്ടായത്. എന്‍.ബി.എഫ്.സി ഓഹരികള്‍ കരുത്തുകാട്ടി. മുത്തൂറ്റ് ഫിനാന്‍സ് 1.93 ശതമാനവും മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 3.47 ശതമാനവും ഉയര്‍ച്ച കൈവരിച്ചു. ഈ രംഗത്ത് മറ്റൊരു പ്രമുഖ ഓഹരിയായ മണപ്പുറം ഫിനാന്‍സ് 1.97 ശതമാനമാണ് നേട്ടം കൊയ്തത്.
കേരള ബാങ്കുകളില്‍ ധനലക്ഷ്മി ബാങ്ക് ഓഹരികള്‍ 1.55 ശതമാനം താഴ്ന്നപ്പോള്‍ സി.എസ്.ബി ബാങ്ക് 0.46 ശതമാനം ഉയര്‍ച്ച കൈവരിച്ചു. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 0.10 ശതമാനം ഇടിവുണ്ടായി. സൗത്ത് ഇന്ത്യന്‍ ബാങ്ക് (1.30), ഫെഡറല്‍ ബാങ്ക് (1.61) നേട്ടത്തോടെ വാരാദ്യം ക്ലോസ് ചെയ്തു. സ്‌കൂബീ ഡേ ഗാര്‍മെന്റ്‌സ് ആണ് ഇന്ന് മേശം പ്രകടനം കാഴ്ച്ചവച്ച പ്രധാന ഓഹരികളിലൊന്ന്.
Read DhanamOnline in English
Subscribe to Dhanam Magazine