

റഷ്യയുമായുള്ള വ്യാപാര ബന്ധത്തിന്റെ പേരില്‍ യു.എസുമായുള്ള ഏറ്റുമുട്ടല്‍ രൂക്ഷമാകുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 308 പോയിന്റ് താഴ്ന്ന് 80,710.25ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 73.20 പോയിന്റ് ഇടിഞ്ഞ് 24,649.55ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ഇന്ന് 4,180 ഓഹരികള്‍ വ്യാപാരം നടന്നപ്പോള്‍ 1,723 എണ്ണം മുന്നേറി 2,300 ഓഹരികള്‍ ഇടിഞ്ഞു. 157 ഓഹരികളുടെ വിലയില്‍ മാറ്റമില്ല.
വ്യാപാരയുദ്ധത്തില്‍ തരിമ്പും വിട്ടുകൊടുക്കാനില്ലെന്നും എതിര്‍ക്കുന്നവര്‍ക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പുണ്ട്. ഇതിനൊപ്പം ജൂണ്‍ പാദത്തിലെ മോശം ഫലങ്ങളും നിക്ഷേപകരുടെ മനസു മടുപ്പിക്കുന്നു.
ഐ.ടി, എഫ്.എം.സി.ജി, ഫാര്‍മ ഓഹരികള്‍ ഇന്ന് മോശം പ്രകടനമാണ് നടത്തിയത്. രാജ്യത്ത് സാമ്പത്തിക ക്രയവിക്രയം വര്‍ധിച്ചില്ലെന്നതിന്റെ സൂചനയായി എഫ്.എം.സി.ജി കമ്പനികളുടെ പ്രകടനത്തെ വിലയിരുത്താം. പൊതുമേഖല ബാങ്ക്, ഓട്ടോ, റിയാലിറ്റി ഓഹരികള്‍ ഇന്ന് നേട്ടമുണ്ടാക്കി.
ഇന്ന് ഏറ്റവും നേട്ടം കൊയ്ത ഓഹരികളിലൊന്ന് സോളര്‍ ഇന്‍ഡസ്ട്രീസ് ഇന്ത്യയുടേതാണ്. ജൂണ്‍ പാദ ഫലം അനുകൂലമാകുമെന്ന വിലയിരുത്തലാണ് ഓഹരികള്‍ക്ക് കരുത്തായത്. സീമെന്‍സ് ഓഹരിവില 3.05 ശതമാനം ഉയര്‍ന്നപ്പോള്‍ ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് 2.93 ശതമാനവും ഉയര്‍ന്നു. വിശാല്‍ മെഗാമാര്‍ട്ടും (2.91) മോശമാക്കിയില്ല.
ബി.എസ്.ഇ ഓഹരികള്‍ ഇന്ന് 4.73 ശതമാനത്തോളം താഴ്ന്നു. സ്വിഗ്ഗി (3.54), ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് (2.54), ബയോകോണ്‍ (2.46) ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
യു.എസിലേക്കുള്ള കയറ്റുമതി അനിശ്ചിതത്വം നിലനില്‍ക്കുന്ന ടെക്‌സ്റ്റൈല്‍ മേഖലയിലുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്ന് അഞ്ച്ശതമാനത്തോളം ഇടിഞ്ഞു. സ്‌കൂബീഡേ ഗാര്‍മെന്റ്‌സിനും സമാന ക്ഷീണം നേരിടേണ്ടി വന്നു. 3.33 ശതമാനം താഴ്ന്നാണ് സ്‌കൂബീഡേ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. കേരളം ആസ്ഥാനമായുള്ള നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ മണപ്പുറം ഫിനാന്‍സ് (2.20), മുത്തൂറ്റ് ഫിനാന്‍സ് (1.16) ഓഹരികള്‍ ഇടിവ് നേരിട്ടു.
ഇന്ന് നേട്ടം കൊയ്തവരില്‍ മുന്‍നിരയിലുള്ള കേരള ഓഹരി ഫാക്ട് (3.91%) ആണ്. തൊട്ടുപിന്നില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിന്റേതാണ്. 2.40 ശതമാനം നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine