

യു.എസ് വ്യാപാര കരാറില്‍ അനിശ്ചിതത്വവും ആശങ്കയും തുടരുന്നത് ഇന്ത്യന്‍ ഓഹരി വിപണിയിലും ഇന്ന് കൂട്ടത്തകര്‍ച്ചയ്ക്ക് വഴിയൊരുക്കി. ഇന്നലെ അവസാന സെഷനില്‍ തിരിച്ചു വന്നിരുന്നെങ്കില്‍ ഇന്ന് നേരെ തിരിച്ചായിരുന്നു സംഭവിച്ചത്. അവസാന സെഷനില്‍ ഊര്‍ജം പകരാന്‍ പോസിറ്റീവ് വാര്‍ത്തകള്‍ വരാതിരുന്നതോടെ സെന്‍സെക്‌സ് 80,000 പോയിന്റിന് താഴെയായി. 765.47 പോയിന്റ് (0.95%) താഴ്ന്ന് 79,857.79ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 232.85 പോയിന്റ് താഴ്ന്ന് 24,363.30ല്‍ വ്യാപാരം അവസാനിപ്പിച്ചു.
നിക്ഷേപക മൂല്യത്തില്‍ ഇന്ന് അഞ്ച് ലക്ഷം കോടി രൂപയുടെ ഇടിവുണ്ടായി. 119 സ്റ്റോക്കുകള്‍ ഇന്ന് 52 ആഴ്ച്ചയിലെ താഴ്ന്ന നിലയിലെത്തി. മിഡ്ക്യാപ് സൂചിക 1.56 ശതമാനം ഇടിഞ്ഞപ്പോള്‍ സ്‌മോള്‍ക്യാപില്‍ 1.03 താഴ്ച്ചയുമുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 445 ലക്ഷം കോടി രൂപയില്‍ നിന്ന് 440 ലക്ഷം കോടിയായി താഴ്ന്നു.
വ്യാപാര കരാറില്‍ അവസാന തീരുമാനം എന്താകുമെന്ന ആശങ്ക തന്നെയാണ് വിപണിയുടെ വീഴ്ച്ചയ്ക്ക് പ്രധാന കാരണം. എന്നാല്‍ അതുമാത്രമല്ല താനും. ജൂണ്‍ പാദത്തിലെ കമ്പനികളുടെ പ്രവര്‍ത്തനഫലം അത്ര ആശാവഹമല്ല. വരുമാനം ഇടിഞ്ഞു നില്‍ക്കുന്നത് സമ്പദ് വ്യവസ്ഥ നേരെയായില്ലെന്നതിന്റെ സൂചനയായിട്ടാണ് വിപണി കാണുന്നത്.
ഇതിനൊപ്പം ട്രംപിന്റെ തീരുവ പ്രഹരം കൂടി വന്നതോടെ അനിവാര്യമായ തകര്‍ച്ചയിലേക്ക് വീഴുകയും ചെയ്തു. യു.എസിലേക്ക് കയറ്റുമതിയുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അടക്കമുള്ള ഓഹരികള്‍ക്ക് രണ്ടുദിവസമായി വലിയ പ്രഹരമാണ്.
ഇന്ന് എല്ലാ സൂചികകളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഏറ്റവും കൂടുതല്‍ ഇടിവ് നേരിട്ടത് മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളാണ്. വലിയ തിരിച്ചടി ബാധിക്കാത്തത് ഓയില്‍ ആന്‍ഡ് ഗ്യാസ്, മീഡിയ സൂചികകളാണ്.
കമ്മിന്‍സ് ഇന്ത്യ ഓഹരികള്‍ ഇന്ന് 3.18 ശതമാനത്തോളം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. ബിപിസിഎല്‍ 3.04 ശതമാനവും എല്‍.ഐ.സി 2.92 ശതമാനവും ഉയര്‍ന്നു. ട്രംപിന്റെ തീരുവ ഇംപാക്ട് നേരിട്ട് ബാധിക്കാത്ത ഓഹരികളിലാണ് നിക്ഷേപകര്‍ കൂടുതല്‍ വിശ്വാസമര്‍പ്പിച്ചത്.
കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ ഇന്ന് 10 ശതമാനമാണ് ഇടിഞ്ഞത്. വലിയ തിരിച്ചടി നേരിട്ട മറ്റൊരു ഓഹരി ബയോകോണ്‍ ആണ്. 6.16 ശതമാനമാണ് ഇടിഞ്ഞത്. കോഫോര്‍ജ് 5.70 ശതമാനവും മസഗോണ്‍ ഡോക് ഷിപ്പ്ബില്‍ഡേഴ്‌സ് 5.39 ശതമാനവും താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്.
ചുരുക്കം ചില കേരള ഓഹരികള്‍ മാത്രമാണ് ഇന്ന് നേട്ടത്തില്‍ ക്ലോസ് ചെയ്തത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്നും അഞ്ച് ശതമാനത്തിലേറെ താഴേക്ക് പോയി. സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് 3.14 ശതമാനവും ഇടിഞ്ഞു. കേരളത്തില്‍ നിന്നുള്ള ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ ഓഹരികളും ഇന്ന് തകര്‍ച്ച നേരിട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine