

ട്രംപിന്റെ തീരുവ ആഘാതത്തില്‍ പകച്ചു നിന്നിരുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് ഉയിര്‍പ്പിന്റെ തിങ്കള്‍. നിക്ഷേപകരുടെ ആത്മവിശ്വാസം തിരികെയെത്തിയപ്പോള്‍ സെന്‍സെക്‌സ് ഇന്ന് 746 പോയിന്റിന്റെ കുതിപ്പ് രേഖപ്പെടുത്തി. 0.93 ശതമാനം വര്‍ധിച്ച് സെന്‍സെക്‌സ് 80,604.08 പോയിന്റില്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 221 പോയിന്റ് ഉയര്‍ന്ന് 24,585ല്‍ വ്യാപാരം അവസാനിപ്പിച്ചു.
ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 440 ലക്ഷം കോടിയില്‍ നിന്ന് 444 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഇന്നുമാത്രം നിക്ഷേപകരുടെ സമ്പത്തില്‍ നാലുലക്ഷം കോടി രൂപയുടെ വര്‍ധനയാണുണ്ടായത്.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. പൊതുമേഖല ബാങ്കിംഗ് ഓഹരികളാണ് ഇന്ന് വിപണിക്ക് കരുത്തു പകര്‍ന്നത്. 2.20 ശതമാനമാണ് പി.എസ്.യു സൂചികയില്‍ കുതിപ്പുണ്ടായത്. റിയാലിറ്റി (1.17), ഓട്ടോ (1.06), ഫാര്‍മ (0.95) സൂചികകളും നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.
ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ആഘാതത്തിന്റെ തോത് ഇന്ന് കാര്യമായി വിപണിയില്‍ ഏശിയില്ല. റീട്ടെയ്ല്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിച്ചതും വിപണിക്ക് നേട്ടമായി. ചൈനയ്ക്കു മേലും ട്രംപിന്റെ പുതിയ തീരുവ വന്നേക്കുമെന്ന വാര്‍ത്തകളും വിപണിക്ക് ഉണര്‍വേകിയിട്ടുണ്ട്. റഷ്യ-യു.എസ് ഉച്ചകോടി ഈയാഴ്ച്ച നടക്കുന്നുണ്ട്. ഇതിന്റെ ഫലം അനുകൂലമായേക്കുമെന്ന പ്രതീക്ഷ വിപണിക്കുണ്ട്. ഇതും അനുകൂല തരംഗത്തിന് ഘടകമായി.
കഴിഞ്ഞ ദിവസങ്ങളില്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററിയുടെ താക്കീതും പിഴയും നേരിടേണ്ടിവന്ന പോളിസിബസാര്‍ഡോട്ട്‌കോം ഓഹരികള്‍ ഇന്ന് കുതിപ്പുണ്ടാക്കി. 5.46 ശതമാനം നേട്ടത്തിലാണ് പി.ബി ഫിന്‍ടെക് വ്യാപാരം അവസാനിപ്പിച്ചത്. പേയ്ടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷനും 5.42 ശതമാനം ഉയര്‍ന്നു. സ്വിഗ്ഗി (4.98), സുപ്രീം ഇന്‍ഡസ്ട്രീസ് (4.81), അഡാനി എന്റര്‍പ്രൈസസ് (4.23) ഓഹരികളും കുതിപ്പില്‍ തിങ്കളാഴ്ച്ച പൂര്‍ത്തിയാക്കി.
ടാറ്റാ ഗ്രൂപ്പിന്റെ ഉപകമ്പനിയായ വോള്‍ട്ടാസ് (4.97) ഓഹരികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. എ.സി ഉള്‍പ്പെടെയുള്ള മേഖലയില്‍ ജൂണ്‍ പാദത്തില്‍ വില്പന കുറവാണെന്ന വാര്‍ത്ത പുറത്തു വന്നതാണ് വോള്‍ട്ടാസിന് തിരിച്ചടിയായത്. ഓയില്‍ ഇന്ത്യ (2.22), കണ്ടൈയ്‌നര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (2.09) ഓഹരികളും ഇടിവില്‍ വ്യാപാരം അവസാനിപ്പിച്ചു.
സമ്മിശ്ര പ്രകടനമാണ് കേരള കമ്പനികളില്‍ നിന്നുണ്ടായത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ ഇന്നും അഞ്ചുശതമാനം ഇടിഞ്ഞു. തുടര്‍ച്ചയായി മൂന്നു ദിവസങ്ങളിലും ഇതേ രീതിയിലുള്ള ഇടിവാണ് കിറ്റെക്‌സിന് നേരിടേണ്ടി വന്നത്. അതേസമയം, സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് 3.96 ശതമാനം നേട്ടമുണ്ടാക്കി. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളായ മുത്തൂറ്റ് ഫിനാന്‍സ് (1.69), മണപ്പുറം ഫിനാന്‍സ് (1.16), മുത്തൂറ്റ് മൈക്രോഫിന്‍ (0.20) താഴ്ന്നു. കൊച്ചിന്‍ മിനറല്‍സ് ഓഹരികള്‍ 7.97 ശതമാനമാണ് ഇടിഞ്ഞത്.
Read DhanamOnline in English
Subscribe to Dhanam Magazine