താരിഫ് ആശങ്കകള്‍ക്കിടയിലും വിപണിക്ക് നല്ലദിനം, നിക്ഷേപകരുടെ സമ്പത്തില്‍ ₹1 ലക്ഷം കോടിയുടെ വര്‍ധന; കേരള ഓഹരികള്‍ക്ക് തിരിച്ചടി

കേരളത്തില്‍ നിന്നുള്ള ഓഹരികളില്‍ സിംഹഭാഗവും ഇന്ന് മോശം പ്രകടനമാണ് നടത്തിയത്. യു.എസ് ഇരട്ട താരിഫില്‍ തട്ടി കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ ഇന്ന് 5 ശതമാനം ഇടിഞ്ഞു
stock close analysis
Published on

യു.എസ് ഇരട്ട താരിഫ് ചുമത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയെങ്കിലും ഇന്ത്യന്‍ ഓഹരി വിപണിക്ക് തിങ്കളാഴ്ച്ച മുന്നേറ്റത്തിന്റെ ദിനം. പ്രതികൂല സാഹചര്യങ്ങളുണ്ടെങ്കിലും ജി.എസ്.ടിയിലെ ഉടച്ചുവാര്‍ക്കലും സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നുവെന്ന വിലയിരുത്തലും ഒപ്പം ഉത്സവകാലത്തിന്റെ വരവും നിക്ഷേപകരില്‍ അനുകൂല ചിന്തയ്ക്ക് വഴിയൊരുക്കി.

സെന്‍സെക്‌സ് ഇന്ന് 329 പോയിന്റ് ഉയര്‍ന്ന് 81,635.91 ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 98 പോയിന്റ് നേട്ടത്തോടെ 24,967.75ലും വ്യാപാരം അവസാനിപ്പിച്ചു.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 455 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ഒരു സെഷന്‍ കൊണ്ട് നിക്ഷേപകരുടെ സമ്പത്തിലെ വര്‍ധന ഒരു ലക്ഷം കോടി രൂപയാണ്.

ഐ.ടി സൂചികകളാണ് ഇന്നേറ്റവും മികച്ച പ്രകടനം നടത്തിയത്. 2.37 ശതമാനം നേട്ടം കൊയ്തപ്പോള്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 0.57 ശതമാനവും മെറ്റല്‍ 0.65 ശതമാനവും ഉയര്‍ന്നു. മീഡിയ (1.67), പൊതുമേഖല ബാങ്ക് (0.25), എഫ്എംസിജി (0.10) സെക്ടറുകള്‍ അത്ര ശോഭിച്ചില്ല.

ശതമാന കണക്കില്‍ ഇന്ന് നേട്ടം കൊയ്ത ഓഹരികളിലൊന്ന് വോഡാഫോണ്‍ ഐഡിയയാണ്. 4.67 ശതമാനം. 5ജി പദ്ധതികളും ഡേറ്റ പ്ലാനുകളിലെ മാറ്റവും ഈ ഓഹരിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു.

ഹ്യൂണ്ടായ് മോട്ടോഴ്‌സ് 4.61 ശതമാനമാണ് നേട്ടം കൊയ്തത്. ജി.എസ്.ടി താഴുന്നതോടെ വില്പന അടിച്ചുകയറിയേക്കുമെന്ന പ്രതീക്ഷകളാണ് ഹ്യൂണ്ടായ് ഓഹരികളെ കുതിപ്പിന്റെ പാതയിലെത്തിച്ചത്. ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് (4.50), ഇന്‍ഫോസിസ് (3.08) ഓഹരികളും നേട്ടത്തില്‍ ക്ലോസ് ചെയ്തു.

കേരള ഓഹരികള്‍ക്ക് തിരിച്ചടി

കേരളത്തില്‍ നിന്നുള്ള ഓഹരികളില്‍ സിംഹഭാഗവും ഇന്ന് മോശം പ്രകടനമാണ് നടത്തിയത്. യു.എസ് ഇരട്ട താരിഫില്‍ തട്ടി കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ ഇന്ന് 5 ശതമാനം ഇടിഞ്ഞു. സ്‌കൂബീഡേ ഗാര്‍മെന്റ്‌സിനും സമാന അവസ്ഥ നേരിടേണ്ടിവന്നു, 5.62 ശതമാനം താഴേക്ക് പോയി.

സി.എസ്.ബി ബാങ്ക് (4.34), ധനലക്ഷ്മി ബാങ്ക് (0.52), ഫെഡറല്‍ ബാങ്ക് (0.68), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.37) ഓഹരികളും താഴ്ന്നു. ഫാക്ട് (0.14), ജിയോജിത്ത് (1.01), മണപ്പുറം ഫിനാന്‍സ് (0.84), നിറ്റജെലാറ്റിന്‍ (0.74) ഓഹരികള്‍ നേട്ടത്തിലെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com