

യു.എസ് താരിഫില്‍ തട്ടി ഇന്ത്യന്‍ ഓഹരി വിപണിക്ക് തുടര്‍ച്ചയായ രണ്ടാം സെഷനിലും തകര്‍ച്ച. സെന്‍സെക്‌സ് 706 പോയിന്റ് ഇടിഞ്ഞ് 80,080.57 പോയിന്റില്‍ ക്ലോസ് ചെയ്തപ്പോള്‍ നിഫ്റ്റിയുടെ വീഴ്ച്ച 211.15 പോയിന്റായിരുന്നു. 24,500.90ലാണ് നിഫ്റ്റിയുടെ ഇന്നത്തെ ക്ലോസിംഗ്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.09, 0.96 ശതമാനം വീതം താഴ്ന്നു.
ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ 4 ലക്ഷം കോടി രൂപയാണ് ഒഴുകി പോയത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 449.4 ലക്ഷം കോടി രൂപയില്‍ നിന്ന് 445.3 ലക്ഷം കോടി രൂപയായി താഴ്ന്നു.
വിപണിയുടെ ഇന്നത്തെ വീഴ്ച്ചയുടെ പ്രധാന കാരണം യു.എസ് താരിഫ് തന്നെയാണ്. 50 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയത് വിപണിയെ ഗുരുതരമായി തന്നെ ബാധിച്ചു. നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സമയമെടുക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.
ജി.എസ്.ടി നിരക്കുകളില്‍ ഇളവുണ്ടാകുമെന്ന വാര്‍ത്തയായിരുന്നു കഴിഞ്ഞയാഴ്ച്ച വിപണിയെ മുന്നോട്ടു നയിച്ചത്. താരിഫ് നടപ്പാക്കല്‍ നിലവില്‍ വന്നതോടെ പ്രത്യാശ മാറി നിക്ഷേപകരില്‍ നിരാശ ഭാവം ഉടലെടുത്തു. നിഫ്റ്റി50ല്‍ 36 സ്റ്റോക്കുകള്‍ ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
യു.എസിന്റെ 50 ശതമാനം താരിഫ് വിപണിയുടെ വികാരങ്ങളില്‍ പ്രതിഫലിക്കും. എന്നാല്‍ ദീര്‍ഘ കാലയളവില്‍ വിപണിക്ക് ഇതു പ്രശ്‌നം സൃഷ്ടിക്കില്ല. അതേസമയം, ഓഹരികളുടെ ഉയര്‍ന്ന മൂല്യവും വളര്‍ച്ച പ്രതീക്ഷ മങ്ങിയതും ആശങ്കജനകമാണെന്ന് വിപണി കരുതുന്നു. ഉത്സവകാലം അടുക്കുന്നതും ജി.എസ്.ടിയിലെ വെട്ടിക്കുറയ്ക്കലും അധികം അകലെയല്ലാത്തതിനാല്‍ വിപണിക്ക് ആശ്വാസം അകലെയാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.
കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.56) ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. റിയാലിറ്റി (1.50), ഐടി (1.59), എഫ്എംസിജി (1.02) സൂചികകള്‍ വലിയ ഇടിവ് നേരിട്ടു. മെറ്റല്‍ (0.75), ഫാര്‍മ (0.83) സൂചികകള്‍ വലിയ ഇടിവില്ലാതെ പിടിച്ചു നിന്നു.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ചൊവ്വാഴ്ച്ച (ഓഗസ്റ്റ് 26) മാത്രം 6,516.49 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. എന്നാല്‍ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങള്‍ 7,060.37 കോടി രൂപയുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി. വിദേശ വിറ്റൊഴിക്കല്‍ വലിയ പരിഭ്രാന്തിക്ക് ഇടയാക്കാത്തതിന് കാരണവും ആഭ്യന്തര വാങ്ങലുകാര്‍ ഉണര്‍ന്നതാണ്.
ശതമാനക്കണക്കില്‍ ഇന്ന് നേട്ടം കൊയ്ത ഓഹരികളിലൊന്ന് ഒല ഇലക്ട്രിക് മൊബൈലിറ്റി ലിമിറ്റഡ് ആണ്. 8.03 ശതമാനം നേട്ടമാണ് ഈ ഓഹരികള്‍ കൈവരിച്ചത്. അമേരിക്കന്‍ സബ്‌സിഡിയറിക്ക് 452 മെഗാവാട്ട് സോളാര്‍ മോഡ്യൂള്‍ ഓര്‍ഡര്‍ ലഭിച്ചത് വാരി എനര്‍ജീസ് (Waaree Energies) ഓഹരികളെ 3.94 ശതമാനം ഉയര്‍ത്തി.
കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ക്കും ഇന്ന് നേട്ടത്തിന്റേതായി. 2.36 ശതമാനം ഉയര്‍ന്നാണ് ഈ കേരള ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ടൈറ്റന്‍ കമ്പനി (1.06), പെട്രോനെറ്റ് എല്‍.എന്‍.ജി (1.04) ഓഹരികളും ഉയരത്തില്‍ ക്ലോസ് ചെയ്തു.
ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയ്ല്‍ ഓഹരികള്‍ 5.66 ശതമാനമാണ് ഇന്ന് താഴ്ന്നത്. ഇന്ത്യന്‍ വിമാന കമ്പനികള്‍ക്ക് ഈ വര്‍ഷം വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്ന വാര്‍ത്ത പുറത്തു വന്നത് ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ മാതൃകമ്പനിയായ ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ലിമിറ്റഡ് ഓഹരികളെ 5.22 ശതമാനം താഴ്ത്തി. ശ്രീറാം ഫിനാന്‍സ് ലിമിറ്റഡിനും ഇന്ന് അടിതെറ്റി. 3.94 ശതമാനം താഴ്ച്ച.
ഇന്ന് കേരള കമ്പനികളില്‍ ഒട്ടുമിക്കതും വലിയ തിരിച്ചടി നേരിട്ടു. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് അഞ്ചു ശതമാനം താഴ്ന്നു. സി.എസ്.ബി ബാങ്ക് 4.65 ശതമാനവും ഫാക്ട് 4.21 ശതമാനവും താഴ്ച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. മണപ്പുറം ഫിനാന്‍സ് (1.48), മുത്തൂറ്റ് ഫിനാന്‍സ് (0.90) ഓഹരികള്‍ക്കും തിരിച്ചടിയുടേതായി വ്യാഴാഴ്ച്ച മാറി.
ബിപിഎല്‍ (0.79), കല്യാണ്‍ ജുവലേഴ്‌സ് (2.36), കേരള ആയുര്‍വേദ (0.99), മുത്തൂറ്റ് മൈക്രോഫിന്‍ (1.18), നിറ്റ ജെലാറ്റിന്‍ ഇന്ത്യ (0.45) ഓഹരികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്.
Read DhanamOnline in English
Subscribe to Dhanam Magazine