അഞ്ചാംദിനം വിപണിക്ക് തിരിച്ചുവരവ്, എല്ലാ ശ്രദ്ധയും സഞ്ജയ് മല്‍ഹോത്രയില്‍, ഐടിയും റിയാലിറ്റിയും കുതിച്ചു; ഇന്ന് വിപണിയില്‍ സംഭവിച്ചതെന്ത്?

നാളെയാണ് (ഡിസംബര്‍ 4, വെള്ളി) റിസര്‍വ് ബാങ്കിന്റെ അര്‍ധവാര്‍ഷിക ധനനയ പ്രഖ്യാപനം.
അഞ്ചാംദിനം വിപണിക്ക് തിരിച്ചുവരവ്, എല്ലാ ശ്രദ്ധയും സഞ്ജയ് മല്‍ഹോത്രയില്‍, ഐടിയും റിയാലിറ്റിയും കുതിച്ചു; ഇന്ന് വിപണിയില്‍ സംഭവിച്ചതെന്ത്?
Published on

തുടര്‍ച്ചയായ നാലുദിവസത്തെ നഷ്ടകച്ചവടത്തിനൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് സമാശ്വാസത്തിന്റെ വ്യാഴം. സെന്‍സെക്‌സും നിഫ്റ്റിയും നേരിയ രീതിയില്‍ മാത്രമാണ് നേട്ടം കൈവരിച്ചതെങ്കിലും നിക്ഷേപകരുടെ ആത്മവിശ്വാസം കാത്തുസൂക്ഷിക്കാന്‍ വഴിയൊരുക്കുന്നതായി ഈ മുന്നേറ്റം.

സെന്‍സെക്‌സ് 159 പോയിന്റ് അല്ലെങ്കില്‍ 0.19 ശതമാനം ഉയര്‍ന്ന് 85,265,32ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റിയാകട്ടെ 26,033.75 വരെ ഉയര്‍ന്നു. 48 പോയിന്റ് വര്‍ധന. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ ഇന്നും സമ്മര്‍ദത്തിലായിരുന്നു. യഥാക്രമം 0.19%, 0.32% വീതം താഴ്ന്നു. ഇന്‍ഫോസിസ്, ടിസിഎസ് എന്നീ ഐടി ഓഹരികള്‍ വിപണിയുടെ തിരിച്ചുവരവിന് കളമൊരുക്കി. ബാങ്കിംഗ് വമ്പന്മാരായ എഫ്ച്ചഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് ഓഹരികളും നേട്ടം കൊയ്തു.

തിരിച്ചുവരവിന്റെ കാരണങ്ങളെന്ത്?

നാളെയാണ് (ഡിസംബര്‍ 4, വെള്ളി) റിസര്‍വ് ബാങ്കിന്റെ അര്‍ധവാര്‍ഷിക ധനനയ പ്രഖ്യാപനം. പലിശനിരക്കില്‍ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ തീരുമാനത്തില്‍ പ്രതീക്ഷിച്ചാണ് വിപണി ഇന്ന് പോസിറ്റീവ് മനോഭാവത്തിലേക്ക് ഉയര്‍ന്നത്. രൂപ കൂടുതല്‍ ദുര്‍ബലമാകുന്നതും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റൊഴിവാകുന്നതും വിപണിക്ക് അസ്വസ്ഥത സമ്മാനിക്കുന്നതിനിടയിലുള്ള ഈ മുന്നേറ്റം ആശ്വാസം പകരുന്നതാണ്.

നിഫ്റ്റി50ല്‍ 34 ഓഹരികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. ടെക് മഹീന്ദ്ര (1.51%), എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സ് കമ്പനി (1.49%), ടിസിഎസ് (1.48%) എന്നീ ഓഹരികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു.

സൂചികകളുടെ പ്രകടനം

സമ്മിശ്രമായിരുന്നു സൂചികകളുടെ ഗ്രാഫ്. ഐടിയാണ് ഏറ്റവും മികച്ച് നിന്നത്. 1.41 ശതമാനം ഈ സെക്ടര്‍ ഉയര്‍ന്നു. റിയാലിറ്റി 0.54 ശതമാനം നേട്ടത്തിലെത്തിയപ്പോള്‍ ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ് 0.19 ശതമാനവും നേട്ടം കൊയ്തു. ഓട്ടോ (0.32), എഫ്എംസിജി (0.47) സൂചികകളും ഇന്ന് നേട്ടത്തിലെത്തി.

മീഡിയ (1.45), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.62), ബാങ്ക് (0.10) സൂചികകള്‍ താഴ്ചയിലായി.

നേട്ടം കൊയ്തവരും വീണവരും

പ്രതിരോധ ഓഹരികളെല്ലാം തന്നെ ഇന്ന് നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്റെ ഇന്ത്യ സന്ദര്‍ശനമാണ് പ്രതിരോധ ഓഹരികള്‍ക്ക് കരുത്തായത്. പ്രതിരോധ രംഗത്ത് ഇന്ത്യ-റഷ്യ കരാറുകള്‍ക്ക് സാധ്യതയുണ്ടെന്ന വിലയിരുത്തലാണ് ഇതിന് കാരണം. ഭാരത് ഡൈനാമിക്‌സ് (Bharat Dynamics Ltd) ഓഹരികള്‍ ഇന്ന് 3.70 ശതമാനമാണ് ഉയര്‍ന്നത്.

കോഫോര്‍ജ് ലിമിറ്റഡ് (Coforge Ltd) ഓഹരികള്‍ 2.83 ശതമാനം നേട്ടം കൊയ്തപ്പോള്‍ ആസ്ട്രല്‍ (2.43), ടോറന്റ് ഫാര്‍മ (2.34) ശതമാനം വീതം മുന്നേറി.

പതഞ്ജലി ഫുഡ്‌സ് ഓഹരികള്‍ വലിയ തോതില്‍ താഴേക്ക് പോകുന്നതിനാണ് ഇന്നത്തെ ദിനം സാക്ഷ്യം വഹിച്ചത്. ഒരു ദിവസത്തെ ഏറ്റവും വലിയ താഴ്ചയാണ് ഓഹരി നേരിടേണ്ടി വന്നത്, -5.63 ശതമാനം. 52 ആഴ്ചയിലെ താഴ്ന്ന വിലയായ 518.10 രൂപയ്ക്കടുത്താണ് ഓഹരിവില. ബയോകോണ്‍ (5.38) വാരീ എനര്‍ജീസ് (4.46) ഓഹരികളും നഷ്ടത്തില്‍ കലാശിച്ചു.

കേരള ഓഹരികളുടെ പ്രകടനം
കേരള ഓഹരികളുടെ പ്രകടനം

കേരള ഓഹരികളുടെ പ്രകടനം

ദുര്‍ബലമായ പ്രകടനമായിരുന്നു കേരള ഓഹരികളില്‍. ചുരുക്കം ഓഹരികള്‍ക്ക് മാത്രമാണ് നേട്ടമുണ്ടാക്കാനായത്. കല്യാണ്‍ ജുവലേഴ്‌സ് (0.14), എസ്ടിഇല്‍ ഹോള്‍ഡിംഗ്‌സ് (10.39), സൗത്ത് ഇന്ത്യന്‍ ബാങ്ക് (0.73) ഓഹരികളാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്. മറ്റ് കേരള ബാങ്കിംഗ് ഓഹരികളെല്ലാം നഷ്ടത്തിലായിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com