

വിപണിയെ അലട്ടുന്ന വലിയ പ്രശ്‌നങ്ങള്‍ക്കു പരിഹാരം തെളിഞ്ഞിട്ടില്ല. വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ വലിയ വിറ്റൊഴിയല്‍ തുടരുകയാണ്. രൂപ ഇന്നലെ നില മെച്ചപ്പെടുത്തിയെങ്കിലും രൂപയുടെ മേലുള്ള സമ്മര്‍ദം തുടരുകയാണ്. യുഎസ്-ഇന്ത്യ വ്യാപാര ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ തുടങ്ങാനിരിക്കുന്നു. യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനം ഇന്നു രാത്രി വരും. ഈ അനിശ്ചിതത്വങ്ങള്‍ക്കു നടുവില്‍ ഇന്നും ദുര്‍ബലമായ തുടക്കമാണു വിപണിയില്‍ പ്രതീക്ഷിക്കുന്നത്.
മൈക്രോസോഫ്റ്റ് ഇന്ത്യയില്‍ നിര്‍മിതബുദ്ധി മേഖലയ്ക്കു വേണ്ടി 1750 കോടി ഡോളര്‍ (1.57 ലക്ഷം കോടി രൂപയുടെ) നിക്ഷേപം പ്രഖ്യാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദര്‍ശിച്ച് കമ്പനി സിഇഒ സത്യ നഡെല്ല ആണ് ഇതറിയിച്ചത്. കമ്പനി ഏഷ്യയില്‍ നടത്തുന്ന ഏറ്റവും വലിയ മൂലധനനിക്ഷേപമാണിത്.
ഫെഡറല്‍ റിസര്‍വ് ഇന്നു പലിശ തീരുമാനം പ്രഖ്യാപിക്കും. ഒപ്പം പലിശയും വളര്‍ച്ചയും സംബന്ധിച്ച ഫെഡ് ഗവര്‍ണര്‍മാരുടെ വിലയിരുത്തലിന്റെ ഡോട് ഗ്രാഫും പ്രസിദ്ധീകരിക്കും. കഴിഞ്ഞ രണ്ടു യോഗങ്ങളില്‍ ചെയ്തതുപോലെ പലിശ 0.25 ശതമാനം കുറയ്ക്കും. ഇനി ഉടനേ കുറയ്ക്കില്ല എന്നു സൂചിപ്പിക്കുകയും ചെയ്യും എന്നാണു പ്രതീക്ഷ.
ഫെഡ് ചെയര്‍മാന്‍ ജെറോം പവല്‍ അടുത്ത മേയില്‍ വിരമിക്കും. പകരം വരിക വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേശക സമിതിയുടെ കെവിന്‍ ഹാസറ്റ് ആകും എന്നാണു പ്രതീക്ഷ. പുതിയ ചെയര്‍മാന്‍ ഉടനേ പലിശ കുറയ്ക്കുമോ എന്നതിനു തീര്‍ച്ചയായും എന്ന മറുപടിയാണ് ഇന്നലെ പ്രസിഡന്റ് ട്രംപ് നല്‍കിയത്. മേയ്, ജൂണ്‍ മാസങ്ങളില്‍ ഞെട്ടിക്കുന്ന തരം കുറയ്ക്കല്‍ പ്രഖ്യാപനം ഉണ്ടാകുമോ എന്നു വിപണി സംശയിക്കുന്നുണ്ട്.
യുഎസ് പലിശ കുറയ്ക്കുന്നത് ഓഹരികളെയും സ്വര്‍ണത്തെയും ഉയര്‍ത്തും. വികസ്വരരാജ്യങ്ങളിലേക്കു മൂലധന പ്രവാഹം കൂടും. ഈ വര്‍ഷം ചൈന, വിയറ്റ്‌നാം, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലേക്കാണു യുഎസിലെ ഫണ്ടുകള്‍ പണം നീക്കിയത്. ഇന്ത്യയില്‍ നിന്നു പണം പിന്‍വലിച്ചു.
ഗിഫ്റ്റ് സിറ്റിയിലെ ഡെറിവേറ്റീവ് വ്യാപാരത്തില്‍ നിഫ്റ്റി ചൊവ്വാഴ്ച രാത്രി 25,920.00ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 25,885 വരെ താഴ്ന്നു. ഇന്ത്യന്‍ വിപണി ഇന്നും നഷ്ടത്തോടെ വ്യാപാരം തുടങ്ങും എന്നാണ് ഇതിലെ സൂചന.
യൂറോപ്യന്‍ വിപണികള്‍ ചൊവ്വാഴ്ചയും പല ദിശകളില്‍ നീങ്ങി. മിക്ക ദേശീയ സൂചികകളും പാന്‍ യൂറോപ്യന്‍ സ്റ്റോക്‌സ് 600 ഉം താഴ്ന്നു. ജര്‍മന്‍ സൂചിക അര ശതമാനം ഉയര്‍ന്നു. അമേരിക്കന്‍ ഫെഡ് തീരുമാനം വന്ന ശേഷമേ യൂറോപ്പ് ദിശ കണ്ടെത്തൂ. നാളെ സ്വിറ്റ്‌സര്‍ലന്‍ഡിലും അടുത്തയാഴ്ച ഇംഗ്ലണ്ടിലും പണനയ തീരുമാനം ഉണ്ടാകും. യൂറോപ്യന്‍ കേന്ദ്രബാങ്ക് തീരുമാനവും അടുത്തയാഴ്ചയാണ്. ഗൂഗിള്‍ നിര്‍മിതബുദ്ധി ഉപയോഗിക്കുന്ന കണ്ണട പുറത്തിറക്കും എന്നു പറഞ്ഞത് റേ ബാന്‍ നിര്‍മാതാക്കളായ എസിലോര്‍ ലാക്‌സോട്ടിക്ക ഓഹരിയെ 5.7 ശതമാനം താഴ്ത്തി. മെറ്റായുമായി ഇത്തരം കണ്ണടയ്ക്ക് എസിലോര്‍ കരാര്‍ ഉണ്ടാക്കിയിരുന്നു.
യുഎസ് വിപണിസൂചികകള്‍ ഇന്നലെ പല വഴി നീങ്ങി. ജെപി മോര്‍ഗന്‍ ചേയ്‌സ് ബാങ്ക് അടുത്ത വര്‍ഷത്തെ ചെലവ് എസ്റ്റിമേറ്റ് ഉയര്‍ത്തിയതു ഡൗവിനെ 0.38 ശതമാനം താഴ്ത്തി. എസ് ആന്‍ഡ് പി നാമമാത്രമായി താഴ്ന്നപ്പോള്‍ നാസ്ഡാക് നേരിയ തോതില്‍ ഉയര്‍ന്നു.
ചൊവ്വാഴ്ച ഡൗ ജോണ്‍സ് സൂചിക 179.03 പോയിന്റ് (0.38%) താഴ്ന്ന് 47,560.29ലും എസ്ആന്‍ഡ്പി 500 സൂചിക 6.00 പോയിന്റ് (0.09%) കുറഞ്ഞ് 6840.51 ലും നാസ്ഡാക് കോംപസിറ്റ് 30.58 പോയിന്റ് (0.13%) നേട്ടത്തോടെ 23,576.49ലും ക്ലോസ് ചെയ്തു.
ഇന്നു രാവിലെ യുഎസ് ഫ്യൂച്ചേഴ്‌സ് നഷ്ടത്തിലാണ്. ഡൗ 0.05 ഉം എസ്ആന്‍ഡ്പി 0.10 ഉം നാസ്ഡാക് 0.20 ഉം ശതമാനം താഴ്ന്നു നീങ്ങുന്നു.
ഏഷ്യന്‍ വിപണികള്‍ ഇന്നു നേട്ടത്തോടെ തുടങ്ങിയിട്ടു താഴ്ന്നു. ജപ്പാനിലെ നിക്കൈ, ഓസ്‌ട്രേലിയന്‍ എഎസ്എക്‌സ്, ദക്ഷിണ കൊറിയന്‍ കോസ്പി സൂചികകള്‍ തുടക്കത്തില്‍ ഉയര്‍ന്നിട്ടു ഗണ്യമായ നഷ്ടത്തിലേക്കു മാറി. ചൈനയുടെ നവംബറിലെ ചില്ലറ വിലക്കയറ്റ കണക്ക് ഇന്നു വരുന്നതിലാണു വിപണികളുടെ ശ്രദ്ധ. ചൈനീസ് വിപണികള്‍ താഴ്ന്നു വ്യാപാരം തുടങ്ങി.
വ്യാപാര കരാര്‍, രൂപ, വിദേശികളുടെ പിന്മാറ്റം തുടങ്ങിയ വിഷയങ്ങള്‍ ഇന്ത്യന്‍ വിപണിയെ ഇന്നലെയും ഉലച്ചു. രാവിലെ വ്യാപാരം തുടങ്ങി കുറച്ചു സമയത്തിനകം നിഫ്റ്റി 230 ഉം സെന്‍സെക്‌സ് 720 ഉം പോയിന്റ് ഇടിഞ്ഞു. പിന്നീടു വിപണി കരുത്തോടെ തിരിച്ചു കയറിയെങ്കിലും മുഖ്യ സൂചികകള്‍ അര ശതമാനത്തോളം നഷ്ടത്തില്‍ നിന്നു മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ ആവേശത്തോടെ തിരിച്ചുയര്‍ന്നു. സ്‌മോള്‍ ക്യാപ് സൂചിക ഒരു ശതമാനത്തിലധികം നേട്ടത്തിലാണ് അവസാനിച്ചത്.
വിദേശനിക്ഷേപകരുടെ വില്‍പന ഇന്നലെയും വലിയ തോതില്‍ തുടര്‍ന്നു. അവര്‍ ക്യാഷ് വിപണിയില്‍ 3,760.08 കോടി രൂപയുടെ അറ്റവില്‍പന നടത്തി. സ്വദേശി ഫണ്ടുകള്‍ 6224.89 കോടിയുടെ അറ്റവാങ്ങല്‍ നടത്തി.
നിഫ്റ്റി തിങ്കളാഴ്ച 25,839 ഉം സെന്‍സെക്‌സ് 84,382 ഉം വരെ താഴ്ന്ന ശേഷമാണ് ഉയര്‍ന്നു ക്ലോസ് ചെയ്തത്. രാവിലെ എല്ലാ മേഖലകളും ഇടിഞ്ഞെങ്കിലും പിന്നീടു കഥ മാറി. റിയല്‍റ്റി, പ്രതിരോധം, പൊതുമേഖലാ ബാങ്ക്, ടൂറിസം, കണ്‍സ്യൂമര്‍ ഡ്യുറബിള്‍സ് തുടങ്ങിയവ നല്ല നേട്ടത്തില്‍ ക്ലാേസ് ചെയ്തു. ഐടി, ഓട്ടോ, ഫാര്‍മ, ഹെല്‍ത്ത് കെയര്‍, ധനകാര്യ സേവന മേഖലകള്‍ ഇടിഞ്ഞു
ചൊവ്വാഴ്ച സെന്‍സെക്‌സ് 436.41 പോയിന്റ് (0.51%) ഇടിഞ്ഞ് 84,666.28ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 120.90 പോയിന്റ് (0.47%) താഴ്ന്ന് 25,839.65 ല്‍ അവസാനിച്ചു. ബാങ്ക് നിഫ്റ്റി 16.20 പോയിന്റ് (0.03%) മാത്രം നഷ്ടത്തോടെ 59,222.35ല്‍ ക്ലോസ് ചെയ്തു. മിഡ് ക്യാപ് 100 സൂചിക 188.10 പോയിന്റ് (0.32%) ഉയര്‍ന്ന് 59,676.20ലും സ്‌മോള്‍ ക്യാപ് 100 സൂചിക 194.15 പോയിന്റ് (1.14%) കയറി 17,245.80 ലും അവസാനിച്ചു.
വിശാലവിപണിയില്‍ കയറ്റ-ഇറക്ക അനുപാതം കയറ്റത്തിന് അനുകൂലമായി മാറി. ബിഎസ്ഇയില്‍ 2550 ഓഹരികള്‍ ഉയര്‍ന്നപ്പോള്‍ 1625 എണ്ണം താഴ്ന്നു. എന്‍എസ്ഇയില്‍ 1983 ഓഹരികള്‍ കയറി, 1119 എണ്ണം താഴ്ന്നു.
എന്‍എസ്ഇയില്‍ 18 ഓഹരികള്‍ 52 ആഴ്ചയിലെ ഉയര്‍ന്ന വിലയില്‍ എത്തിയപ്പോള്‍ 483 എണ്ണം താഴ്ന്ന വിലയില്‍ എത്തി. നാല് ഓഹരികള്‍ അപ്പര്‍ സര്‍കീട്ടില്‍ എത്തിയപ്പോള്‍ ഒരെണ്ണം ലോവര്‍ സര്‍കീട്ടില്‍ എത്തി.
നിഫ്റ്റിക്ക് 25,700 ലാണു പിന്‍ബലം പ്രതീക്ഷിക്കാവുന്നത്. അതു തകര്‍ന്നാല്‍ 25,500-ലാകും പിന്തുണ. 26,000-26,200 തടസമേഖലയാണ്. വിശാലവിപണിയിലെ കയറ്റം മുന്നേറ്റ പ്രതീക്ഷ നല്‍കുന്നുണ്ട്. ഇന്നു നിഫ്റ്റിക്ക് 25,750ലും 25,625ലും പിന്തുണ പ്രതീക്ഷിക്കാം. 25,900ലും 26,000ലും പ്രതിരോധം നേരിടും.
വ്യാപാര കരാര്‍ ചര്‍ച്ചയ്ക്കുള്ള യുഎസ് സംഘവും പ്രതിരോധ സഹകരണ ചര്‍ച്ചയ്ക്കുള്ള അസിസ്റ്റന്റ് സെക്രട്ടറി ഓഫ് സ്റ്റേറ്റും ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ചര്‍ച്ചകളിലെ പുരോഗതി വെള്ളിയാഴ്ച അറിയാം. ചര്‍ച്ച നടക്കുന്നു എന്നതു പോസിറ്റീവ് കാര്യമായി വിപണി കണക്കാക്കും.
ഇന്ത്യയില്‍ നിന്നുള്ള അരിക്കു പുതിയ ചുങ്കം ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ട്രംപിന്റെ ഭീഷണിയില്‍ വലിയ കാര്യമില്ലെന്നു വിപണി കരുതുന്നു. ബസുമതി അരിയില്‍ നാലാമത്തെയും സാധാരണ അരിയില്‍ 24-ാമത്തെയും കയറ്റുമതി രാജ്യം മാത്രമാണ് അമേരിക്ക. ചുങ്കം ചുമത്തിയാല്‍ അമേരിക്കന്‍ ഉപഭോക്താക്കള്‍ കൂടുതല്‍ വില നല്‍കേണ്ടി വരും. ഇന്ത്യക്കു വേറേ ധാരാളം വിപണികള്‍ ഉള്ള കയറ്റുമതി ഇനമാണ് അരി. ലോകത്തില്‍ ഏറ്റവുമധികം അരി ഉല്‍പാദിപ്പിക്കുന്ന ഇന്ത്യ തന്നെയാണു കയറ്റുമതിയിലും ഒന്നാമത്തെ രാജ്യം. അരി കയറ്റുമതി കമ്പനികളുടെ ഓഹരികള്‍ രാവിലെ ഇടിഞ്ഞെങ്കിലും പിന്നീടു കയറി.
ജെഎസ്ഡബ്ല്യു സ്റ്റീലിന്റെയും ടാറ്റാ സ്റ്റീലിന്റെയും ലാഭപ്രതീക്ഷ വെട്ടിക്കുറച്ച് വിദേശ ബ്രോക്കറേജ്. 2020 -28 കാലയളവില്‍ ജെഎസ്ഡബ്ല്യുവിനു നാലു മുതല്‍ 15 വരെ ശതമാനവും ടാറ്റാ സ്റ്റീലിന് രണ്ടു മുതല്‍ ആറു വരെയും ശതമാനമാണു കുറച്ചത്. ജെഎസ്ഡബ്ല്യുവിന്റെ ലക്ഷ്യവില 1400 രൂപയില്‍ നിന്ന് 1300 രൂപ ആയും ടാറ്റാ സ്റ്റീലിന്റേത് 210-ല്‍ നിന്ന് 200 ആയും കുറച്ചു. രണ്ടിനും വാങ്ങല്‍ ശിപാര്‍ശ നിലനിര്‍ത്തി. ഏഷ്യയിലും യൂറോപ്പിലും സ്റ്റീല്‍ വില കുറയാനുള്ള സാധ്യത പരിഗണിച്ചാണ് ഈ മാറ്റം.
പാപ്പരായ കാര്‍വി സ്റ്റോക്ക് ബ്രോക്കിംഗ് ലിമിറ്റഡിലെ ഇടപാടുകാര്‍ക്ക് എന്തെങ്കിലും ക്ലെയിം ചെയ്യാനുള്ള സമയം 2026 മാര്‍ച്ച് വരെ സെബി നീട്ടി. ഈ ഡിസംബര്‍ 31 ആയിരുന്നു പഴയ കാലാവധി. ദിലീപ് ബില്‍ഡ് കോണിന് 25 വര്‍ഷത്തേക്ക് നാല്‍ക്കോയുടെ ബോക്‌സൈറ്റ് ഖനന ഉടമ്പടി ലഭിച്ചു. ടണ്ണിനു 423 രൂപയാണ നിരക്ക്.
ആന്ധ്രപ്രദേശില്‍ ദേശീയ പാതകളിലെ ടോള്‍ പിരിവിനു 328.78 കോടി രൂപയുടെ കരാര്‍ ഹൈവേ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിനു ലഭിച്ചു. നവംബറില്‍ ഐആര്‍ബി ഇന്‍ഫ്രായുടെ ടോള്‍ പിരിവ് 16 ശതമാനം വര്‍ധിച്ചു.
ഫെഡറല്‍ റിസര്‍വിന്റെ പലിശ തീരുമാനം കാത്തുകഴിയുന്ന സ്വര്‍ണവും വെള്ളിയും ചാഞ്ചാട്ടം തുടര്‍ന്നു. സ്വര്‍ണം ഔണ്‍സിന് 4220 ഡോളര്‍ വരെ കയറിയിട്ടു 4169 ഡോളര്‍ വരെ താഴ്ന്നു. പിന്നീടു കയറി 4209.20 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 4216 ഡോളറിലേക്കു കയറി. അവധിവില ഇന്ന് 4242 ഡോളര്‍ ആയി.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഒരു പവനു ചൊവ്വാഴ്ച രണ്ടു തവണയായി 720 രൂപ കുറഞ്ഞ് 94,920 രൂപയില്‍ എത്തി. വെള്ളി സ്‌പോട്ട് വിപണിയില്‍ ഇന്നലെ നാലര ശതമാനം കുതിച്ച് ഔണ്‍സിന് 61.11 ഡോളര്‍ വരെ എത്തി റെക്കോര്‍ഡ് കുറിച്ചു. 60.61 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 61.05 ഡോളറിലേക്കു കയറി. അവധിവില 61.55 ഡോളര്‍ ആയി.
പ്ലാറ്റിനം 1670 ഡോളര്‍, പല്ലാഡിയം 1479 ഡോളര്‍, റോഡിയം 7800 ഡോളര്‍ എന്നിങ്ങനെയാണു വില.
വ്യാവസായിക ലോഹങ്ങള്‍ ഇന്നലെ വലിയ ഇടിവ് കാണിച്ചു. ചെമ്പ് 1.12 ശതമാനം ഇടിഞ്ഞു ടണ്ണിന് 11,563.50 ഡോളറില്‍ ക്ലോസ് ചെയ്തു. അലുമിനിയം 1.18 ശതമാനം താഴ്ന്നു ടണ്ണിന് 2853.80 ഡോളറില്‍ അവസാനിച്ചു. സിങ്ക് ഉയര്‍ന്നു. നിക്കലും ലെഡും ടിന്നും താഴ്ന്നു.
റബര്‍ വില രാജ്യാന്തര വിപണിയില്‍ 0.17 ശതമാനം താഴ്ന്നു കിലോഗ്രാമിന് 171.20 സെന്റ് ആയി. കൊക്കോ 0.95 ശതമാനം കയറി ടണ്ണിന് 5701.16 ഡോളറില്‍ എത്തി. കാപ്പി വില 0.75 ശതമാനം കുറഞ്ഞു. തേയില വില മാറ്റമില്ലാതെ തുടര്‍ന്നു പാമാേയില്‍ 0.24 ശതമാനം താഴ്ന്നു.
ഡോളര്‍ സൂചിക രണ്ടാം ദിവസവും ഉയര്‍ന്ന് 99.22 ല്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ 99.21 ലേക്കു താഴ്ന്നു. ഡോളര്‍ വിനിമയനിരക്ക് ചൊവ്വാഴ്ച നേരിയ കയറ്റം കാണിച്ചു. യൂറോ 1.1627 ഡോളറിലേക്കും പൗണ്ട് 1.33 ഡോളറിലേക്കും താഴ്ന്നു. ജാപ്പനീസ് യെന്‍ ഒരു ഡോളറിന് 156.69 യെന്‍ ആയി താഴ്ന്നു.
യുഎസ് ഡോളര്‍ 7.06 യുവാന്‍ എന്ന നിരക്കിലേക്കു താഴ്ന്നു. സ്വിസ് ഫ്രാങ്ക് 0.8059 ഡോളറിലേക്കു കുറഞ്ഞു. യുഎസില്‍ കടപ്പത്ര വിലകള്‍ വീണ്ടും കുറഞ്ഞു. 10 വര്‍ഷ കടപ്പത്രങ്ങളിലെ നിക്ഷേപ നേട്ടം 4.188 ശതമാനമായി ഉയര്‍ന്നു.
ഡോളര്‍-രൂപ വിനിമയ നിരക്കില്‍ രൂപ നേട്ടം ഉണ്ടാക്കി. ചൊവ്വാഴ്ച 90.15 രൂപവരെ കയറിയിട്ട് 89.88 രൂപയില്‍ ഡോളര്‍ ക്ലോസ് ചെയ്തു. റിസര്‍വ് ബാങ്ക് വിപണിയില്‍ കാര്യമായ ഇടപെടല്‍ നടത്തി. കയറ്റുമതിക്കാരുടെ ഡോളര്‍ വില്‍പനയും രൂപയെ സഹായിച്ചു. ചൈനയുടെ കറന്‍സി യുവാന്‍ ഇന്നലെ 12.73 രൂപയിലേക്കു താഴ്ന്നു.
യുക്രെയ്ന്‍ സമാധാനത്തിനു പുതിയ ഫോര്‍മുല ചര്‍ച്ച ചെയ്യുന്നതും പലിശ കുറയ്ക്കല്‍ പ്രതീക്ഷയും ക്രൂഡ് ഓയില്‍ വിലയെ വീണ്ടും താഴ്ത്തി. ബ്രെന്റ് ഇനം ക്രൂഡ് ചൊവ്വാഴ്ച ഒരു ശതമാനം താഴ്ന്ന് 61.94 ഡോളറില്‍ ക്ലോസ് ചെയ്തു. ഇന്നു രാവിലെ ബ്രെന്റ് ഇനം 62.04 ഡോളറിലും ഡബ്‌ള്യുടിഐ ഇനം 58.37 ലും യുഎഇയുടെ മര്‍ബന്‍ ക്രൂഡ് 63.65 ലും എത്തി. പ്രകൃതിവാതക വില ആറു ശതമാനം താഴ്ന്ന് 4.58 ഡോളര്‍ ആയി.
ക്രിപ്‌റ്റോകള്‍ കുതിച്ചു
ക്രിപ്‌റ്റോ കറന്‍സികള്‍ ചൊവ്വാഴ്ച മികച്ച കയറ്റത്തിലായി. ബിറ്റ് കോയിന്‍ ഉയര്‍ന്ന് ഇന്നു രാവിലെ 92,300 നു മുകളിലാണ്. ഈഥര്‍ 6.0 ശതമാനം കുതിച്ച് 3300 ഡോളറില്‍ എത്തി. സൊലാന 138 നു മുകളിലായി.
Read DhanamOnline in English
Subscribe to Dhanam Magazine