വിപണിക്ക് വീണ്ടും സന്തോഷ വെള്ളി! വിദേശ പിന്‍മാറ്റത്തിലും കിതയ്ക്കാതെ സെന്‍സെക്‌സ്; നിക്ഷേപക സമ്പത്തില്‍ ₹3 ലക്ഷം കോടിയുടെ നേട്ടം

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 466.6 ലക്ഷം കോടി രൂപയില്‍ നിന്ന് 470 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.
വിപണിക്ക് വീണ്ടും സന്തോഷ വെള്ളി! വിദേശ പിന്‍മാറ്റത്തിലും കിതയ്ക്കാതെ സെന്‍സെക്‌സ്; നിക്ഷേപക സമ്പത്തില്‍ ₹3 ലക്ഷം കോടിയുടെ നേട്ടം
Published on

യുഎസ് ഫെഡ് പലിശനിരക്ക് കുറച്ചതും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും വീണ്ടും ഫോണില്‍ സംസാരിച്ചതും വിപണിക്ക് പോസിറ്റീവായപ്പോള്‍ നിക്ഷേപകര്‍ക്ക് ഇന്ന് സന്തോഷ വെള്ളി. ഇന്ത്യ-യുഎസ് വ്യാപാര കരാറിലേക്കുള്ള പോക്ക് ശരിയായ ദിശയില്‍ തന്നെയാണെന്ന സൂചനകള്‍ തന്നെ വിപണിക്ക് ഡബിള്‍ എന്‍ജിന്‍ കുതിപ്പിന് വഴിയൊരുക്കി.

സെന്‍സെക്‌സ് ഇന്ന് 449.52 പോയിന്റ് ഉയര്‍ന്ന് 85,267.66 ലെത്തി. നിഫ്റ്റി 148.40 വര്‍ധിച്ച് 26,046.95 പോയിന്റിലാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.14%, 0.65%വും ഉയര്‍ന്നു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 466.6 ലക്ഷം കോടി രൂപയില്‍ നിന്ന് 470 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപക സമ്പത്തില്‍ ഇന്ന് മാത്രം 3 ലക്ഷം കോടി രൂപയുടെ വര്‍ധന.

രൂപ സര്‍വകാല തകര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നതെങ്കിലും നിക്ഷേപകരുടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാന്‍ വിപണിക്ക് സാധിക്കുന്നുണ്ട്. ആഗോള തലത്തിലെ അനുകൂല സാഹചര്യങ്ങള്‍ക്കിടയിലും പക്ഷേ വിദേശ നിക്ഷേപകരുടെ വലിയ വില്പന ആശങ്ക പകരുന്നു.

സൂചികകളുടെ പ്രകടനം

എഫ്എംസിജി (0.24%), മീഡിയ (0.05%) ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് കയറ്റത്തിലായിരുന്നു. ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ സെക്ടര്‍ മെറ്റലാണ്. 2.63 ശതമാനം നേട്ടമാണ് മെറ്റല്‍ ഓഹരികളില്‍ സംഭവിച്ചത്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 1.46 ശതമാനം ഉയര്‍ന്നപ്പോള്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് 1.11 ശതമാനം വര്‍ധിച്ചു.

മെക്‌സിക്കോയിലേക്കുള്ള തീരുവ വര്‍ധിച്ചത് വാഹനങ്ങളുടെയും ഘടകങ്ങളുടെയും കയറ്റുമതിയെ ബാധിക്കുമെങ്കിലും ആഭ്യന്തര വില്പനയിലെ കുതിപ്പ് ഓട്ടോ സൂചികയെ 0.58 ശതമാനം കുതിപ്പിലേക്ക് നയിച്ചു.

കുതിച്ചവരും വീണവരും

അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത ഗ്രൂപ്പിന്റെ സബ്‌സിഡിയറിയായ ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ് ഓഹരികള്‍ ഇന്നും വലിയ നേട്ടമുണ്ടാക്കി. തുടര്‍ച്ചയായ നാലാം ദിവസവും കുതിച്ച ഈ ഓഹരി ഇന്ന് ഉയര്‍ന്നത് 7.34 ശതമാനമാണ്. 52 ആഴ്ചയിലെ ഉയര്‍ന്ന നിരക്കിലെത്താനും ഓഹരിക്ക് സാധിച്ചു. സില്‍വര്‍ വിലയിലെ കുതിപ്പാണ് ഓഹരിവിലയിലും പ്രതിഫലിച്ചത്.

ശതമാനക്കണക്കില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ മറ്റൊരു ഓഹരി ജിഎംആര്‍ എയര്‍പോര്‍ട്ട് ആണ്. 6.15 ശതമാനം ഉയരത്തിലാണ് ഓഹരിവില ക്ലോസ് ചെയ്തത്. ജെഎസ്ഡബ്ല്യു എനര്‍ജി ഓഹരിവില 5.50 ശതമാനം കയറിയപ്പോള്‍ ബിപിസിഎല്‍ ഓഹരിവിലയില്‍ 3.90 ശതമാനം നേട്ടമുണ്ടായി.

എഫ്എംസിജി ഓഹരികളിലെ തിരിച്ചടി ഹിന്ദുസ്ഥാന്‍ യൂണിലിവറില്‍ പ്രതിഫലിച്ചു. 1.80 ശതമാനമാണ് ഓഹരിവില താഴ്ന്നത്. പി.ഐ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് 1.78 ശതമാനവും ദാബര്‍ ഇന്ത്യ 1.46 ശതമാനവും ഇന്ന് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

കേരള ഓഹരികളുടെ പ്രകടനം

സമ്മിശ്ര പ്രകടനമാണ് കേരള ഓഹരികളുടെ പ്രകടനത്തിലുണ്ടായത്. ഒട്ടുമിക്ക ഓഹരികളും നേട്ടത്തിലായിരുന്നു ക്ലോസ് ചെയ്തത്. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനിയാണ് ഇന്ന് കൂടുതല്‍ ഉയരത്തിലെത്തിയത്. 7.03 ശതമാനം നേട്ടത്തില്‍ ക്ലോസ് ചെയ്തു. ഫാക്ട് ഓഹരിവില 2.03 ശതമാനവും മുത്തൂറ്റ് ഫിനാന്‍സ് 2.88 ശതമാനവും ഉയരത്തിലായി. നിറ്റ ജെലാറ്റിന്‍ ഇന്ത്യ ഓഹരിവിലയില്‍ 1.34 ശതമാനത്തിന്റെ വര്‍ധന. കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് ഇന്ന് തിരിച്ചടി നേരിട്ടു, 2.70 ശതമാനം താഴ്ച.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com