

തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടിവ് തുടര്‍ന്ന് വിപണി. രൂപയുടെ മൂല്യത്തകർച്ച, വിദേശ ഫണ്ടുകളുടെ പുറത്തേക്കുളള ഒഴുക്ക്, സ്വകാര്യ ബാങ്ക് ഓഹരികളിലെ ലാഭമെടുപ്പ് തുടങ്ങിയവയാണ് വിപണി നഷ്ടത്തിലാകാനുളള കാരണങ്ങള്‍. യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 89.92 എന്ന താഴ്ന്ന റെക്കോഡിലെത്തി. കോർപ്പറേറ്റുകൾ, ഇറക്കുമതിക്കാർ, വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ എന്നിവരിൽ നിന്നുള്ള ശക്തമായ ഡോളർ ഡിമാൻഡും ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവുമാണ് രൂപയുടെ ഇടിവിന് കാരണം.
വിദേശ സ്ഥാപന നിക്ഷേപകർ തിങ്കളാഴ്ച 1,171.31 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്. തുടർച്ചയായ എഫ്‌ഐഐ വിൽപ്പന സാധാരണയായി ആഭ്യന്തര ഓഹരികളിൽ വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. അമേരിക്കൻ, ഏഷ്യൻ വിപണികളിൽ നിന്നുള്ള ദുർബലമായ സൂചനകളാണ് വിപണിയെ ബാധിക്കുന്ന മറ്റൊരു കാരണം. യുഎസ് ഫെഡറൽ റിസർവിന്റെ പലിശ നിരക്ക് സംബന്ധിച്ച ആശങ്കകൾ പോലുള്ള ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ വിദേശ നിക്ഷേപകരെ (FII/FPI) വിൽപ്പനയ്ക്ക് പ്രേരിപ്പിക്കുന്നു.
ബിഎസ്ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യം 1.82 ലക്ഷം കോടി രൂപ കുറഞ്ഞ് 472.59 ലക്ഷം കോടിയിലെത്തി.
സെൻസെക്സ് 0.59 ശതമാനം (503.63 പോയിന്റ്) ഇടിഞ്ഞ് 85,138.27 ലും നിഫ്റ്റി 0.55 ശതമാനം (143.55 പോയിന്റ്) ഇടിഞ്ഞ് 26,032.20 ലും വ്യാപാരം അവസാനിപ്പിച്ചു.
മിഡ്ക്യാപ് സൂചിക 0.22 ശതമാനവും സ്മോൾക്യാപ് സൂചിക 0.5 ശതമാനവും ഇടിഞ്ഞു.
നിഫ്റ്റി സ്വകാര്യ ബാങ്ക് സൂചിക 0.69 ശതമാനം വരെ ഇടിഞ്ഞു. എച്ച്ഡിഎഫ്‌സി ബാങ്കും ഐസിഐസിഐ ബാങ്കും സൂചികയിലെ ഏറ്റവും ഉയർന്ന നഷ്ടം നേരിട്ടു.
മെറ്റല്‍, ഓയില്‍ & ഗ്യാസ്, കണ്‍സ്യൂമര്‍ ഡ്യൂറബിൾസ്, മീഡിയ സൂചികകൾ 0.5 ശതമാനം വീതം ഇടിഞ്ഞു. നിഫ്റ്റി ഫാര്‍മ ഒഴികെ എല്ലാ മേഖല സൂചികകളും ചുവപ്പിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സൺ ഫാർമ അഡ്വാൻസ്ഡ് റിസർച്ച് കമ്പനിയുടെ (SPARC) ഓഹരികൾ 20 ശതമാനത്തോളം ഉയർന്നു. കമ്പനിയുടെ 'സെസാബി' (Sezaby) ഇഞ്ചെക്ഷന് അനുകൂലമായി യുഎസ് ജില്ലാ കോടതി ഉത്തരവ് പുറപ്പെടുവിച്ചതിന് ശേഷമാണ് ഓഹരി മുന്നേറ്റം നടത്തിയത്. നവജാത ശിശുക്കളുടെ അപസ്മാര ചികിത്സയ്ക്കായാണ് ഈ കുത്തിവയ്പ്പ് എടുക്കുന്നത്. ഓഹരി 161 രൂപയില്‍ ക്ലോസ് ചെയ്തു.
ഏഷ്യൻ പെയിന്റ്സ്, ടെക് മഹീന്ദ്ര, ഡോ. റെഡ്ഡീസ് ലാബ്സ്, എസ്ബിഐ ലൈഫ് ഇൻഷുറൻസ്, മാരുതി സുസുക്കി തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.
ബജാജ് ഹൗസിംഗ് ഫിനാൻസിന്റെ ഓഹരികൾ 7 ശതമാനത്തിലധികം ഇടിഞ്ഞു. ബ്ലോക്ക് ഡീലുകളിലൂടെ കമ്പനിയുടെ ഏകദേശം 22 കോടി ഓഹരികളാണ് കൈമാറ്റം ചെയ്യപ്പെട്ടത്. ബജാജ് ഹൗസിംഗ് ഫിനാൻസിന്റെ വിപണി മൂല്യം ഇന്നലെ ഏകദേശം 87,148 കോടി രൂപയായിരുന്നു. ഇന്ന് രാവിലെ 9.46 ന് കമ്പനിയുടെ വിപണി മൂല്യം 80,224 കോടി രൂപയായി കുറഞ്ഞു. ബ്ലോക്ക് ഡീലുകളെത്തുടർന്ന് ഏകദേശം 7,000 കോടി രൂപയുടെ വിപണി മൂല്യമാണ് കമ്പനിക്ക് രാവിലത്തെ സെഷനില്‍ നഷ്ടമായത്. ഓഹരി 97 രൂപയില്‍ ക്ലോസ് ചെയ്തു.
ഇന്റർഗ്ലോബ് ഏവിയേഷൻ, റിലയൻസ് ഇൻഡസ്ട്രീസ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരള കമ്പനികളുടെ ഓഹരികള്‍ ഇന്ന് ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് 4 ശതമാനത്തിലധികം ഉയര്‍ന്ന് 537 രൂപയിലെത്തി. ഫെഡറല്‍ ബാങ്ക് (1.05%), കേരള ആയുര്‍വേദ (0.58%), അപ്പോളോ ടയേഴ്സ് (0.51%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
കേരള ആസ്ഥാനമായ പ്രമുഖ പൊതുമേഖല കമ്പനികളായ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിനും എഫ്.എ.സി.ടി ക്കും ഇന്ന് മോശം ദിനമായിരുന്നു. കൊച്ചിൻ ഷിപ്പ്‌യാർഡ് 1.5 ശതമാനത്തോളം നഷ്ടം രേഖപ്പെടുത്തിയപ്പോള്‍ ഫാക്ട് 1.58 ശതമാനം നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.
യു.എസുമായുളള വ്യാപാര കരാര്‍ അനിശ്ചിതത്വത്തിലാകുന്നത് പ്രമുഖ വസ്ത്ര നിര്‍മ്മാണ കമ്പനിയായ കിറ്റെക്സ് ഓഹരികള്‍ക്ക് (-1.13%) ക്ഷീണമായി. കല്യാണ്‍ ജുവലേഴ്സ് (-1.17%), കെ.എസ്.ഇ (-0.93%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല.
Stock market closing analysis December 2, 2025.
Read DhanamOnline in English
Subscribe to Dhanam Magazine