ലാഭമെടുപ്പ് മുറുകിയപ്പോള്‍ വിപണി ഫ്‌ളാറ്റ്! മുത്തൂറ്റ് ക്യാപിറ്റല്‍, പുറവങ്കര, എഫ്.എ.സി.ടി നേട്ടത്തില്‍, കൊച്ചിൻ ഷിപ്പ്‌യാർഡ് ഇടിവില്‍

ഐടി, ഹെൽത്ത്കെയർ, പി‌എസ്‌യു ബാങ്ക്, റിയൽറ്റി എന്നിവ 0.2-0.8 ശതമാനം ഇടിഞ്ഞു
stock close
Published on

ഇന്നലെ നേട്ടത്തിലായിരുന്ന വിപണിക്ക് ചൊവ്വാഴ്ച കാര്യമായ പുരോഗതി കൈവരിക്കാനായില്ല. വലിയ ചാഞ്ചാട്ടം നിറഞ്ഞ സെഷനൊടുവില്‍ വിപണി ഇന്ന് ഫ്ലാറ്റായി വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകര്‍ വലിയ തോതില്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതാണ് തിരിച്ചടിയായത്. കഴിഞ്ഞ രണ്ട് സെഷനുകളിലായി മുഖ്യ സൂചികകള്‍ ഒരു ശതമാനത്തിലധികം ഉയർന്നതാണ് നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചത്. സമ്മിശ്ര ആഗോള സൂചനകളും പോസറ്റീവായ പുതിയ ഉത്തേജനങ്ങളുടെ അഭാവവും വിപണിക്ക് ക്ഷീണമായി.

യു.എസ്-ഇന്ത്യ വ്യാപാര ചർച്ചകളെക്കുറിച്ചുള്ള അനിശ്ചിതത്വവും രൂപയുടെ അസ്ഥിരതയും നിക്ഷേപകരുടെ വികാരത്തെ സ്വാധീനിക്കുന്നത് തുടരുമെന്നാണ് വിലയിരുത്തുന്നത്. വിദേശ സ്ഥാപന നിക്ഷേപകർ (FII) തിങ്കളാഴ്ച 457.34 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചത്.

നിഫ്റ്റി ഇൻഡെക്സ് ഡെറിവേറ്റീവുകളുടെ വീക്ക്‌ലി എക്‌സ്പയറി കൂടിയായിരുന്നു ചൊവ്വാഴ്ച. എക്സ്പയറി ദിവസങ്ങളിൽ ട്രേഡര്‍മാര്‍ പൊസിഷനുകൾ ക്രമീകരിക്കുന്നതിന്റെ ഭാഗമായാണ് വിപണി ഉയർന്ന ചാഞ്ചാട്ടങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നത്. ക്രിസ്മസ് അവധി ഉളള ആഴ്ച ആയതിനാല്‍ വ്യാപാരം കുറയുമെന്ന ആശങ്ക നിക്ഷേപകരെ ജാഗ്രതയിലാക്കി.

സെൻസെക്സ് 0.05 ശതമാനം (42.64 പോയിന്റ്) ഇടിഞ്ഞ് 85,524.84 ലും നിഫ്റ്റി 0.02 ശതമാനം (4.75 പോയിന്റ്) ഉയർന്ന് 26,177.15 ലും വ്യാപാരം അവസാനിപ്പിച്ചു.

ഐടി, ഹെൽത്ത്കെയർ, പി‌എസ്‌യു ബാങ്ക്, റിയൽറ്റി എന്നിവ 0.2-0.8 ശതമാനം ഇടിഞ്ഞു.

മീഡിയ സൂചിക 0.8 ശതമാനവും മെറ്റൽ സൂചിക 0.5 ശതമാനവും ഉയർന്നു.

മിഡ്ക്യാപ് സൂചിക ഫ്ലാറ്റ് ആയി അവസാനിച്ചപ്പോൾ, സ്മോൾക്യാപ് സൂചിക 0.37 ശതമാനം ഉയർന്നു.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

പുറവങ്കരയുടെ ഓഹരികൾ 6 ശതമാനത്തിലധികം ഉയർന്നു. ബംഗളൂരുവിൽ 53.5 ഏക്കർ ഭൂമി ഏറ്റെടുത്തതായി കമ്പനി പ്രഖ്യാപിച്ചതാണ് മുന്നേറ്റത്തിന് കാരണം. 4,800 കോടി രൂപയിലധികം രൂപയുടെ റെസിഡൻഷ്യൽ പ്രൊജക്ടാണ് കമ്പനി നടപ്പാക്കുന്നത്. ഓഹരി 256 രൂപയില്‍ ക്ലോസ് ചെയ്തു.

കോൾ ഇന്ത്യ (3.73%), ശ്രീറാം ഫിനാൻസ് (2.42%), ഐടിസി (1.53%) തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു.

മീഷോയുടെ ഓഹരികൾ ഇന്ന് 7 ശതമാനത്തിലധികം ഇടിഞ്ഞു. കഴിഞ്ഞ മൂന്ന് സെഷനിലുകളിലായി 20 ശതമാനത്തോളം നഷ്ടമാണ് ഓഹരി രേഖപ്പെടുത്തിയത്. വിപണിയില്‍ അരങ്ങേറ്റം കുറിച്ച് വെറും നാല് സെഷനുകളിൽ 65 ശതമാനം ഉയർന്ന ഓഹരി പിന്നീട് നഷ്ടത്തിലായി. കമ്പനിയുടെ മൂല്യനിർണയവും ലാഭക്ഷമതയും സംബന്ധിച്ച ആശങ്കകളാണ് ഓഹരിക്ക് തിരിച്ചടിയാകുന്നത്. ഓഹരി 187 രൂപയിലാണ് ഇന്ന് ക്ലോസ് ചെയ്തത്.

ഇന്‍ഫോസിസ് (-1.48%), ഭാരതി എയര്‍ടെല്‍ (-1.15%), അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോൺ (-1.05%) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

സ്റ്റെല്‍ ഹോള്‍ഡിംഗ്സ് ഇടിവില്‍

കേരള കമ്പനികളില്‍ ഭൂരിഭാഗവും ഇന്ന് നേട്ടത്തിലായിരുന്നു. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 3 ശതമാനത്തോളം നേട്ടത്തില്‍ 280 രൂപയിലെത്തി. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.94%), ഈസ്റ്റേണ്‍ ട്രെഡ്സ് (2.67%), ബി.പി.എല്‍ (7.42%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

പ്രമുഖ പൊതുമേഖല സ്ഥാപനങ്ങളായ എഫ്.എ.സി.ടി 1.17 ശതമാനം നേട്ടത്തിലായിരുന്നപ്പോള്‍ കൊച്ചിൻ ഷിപ്പ്‌യാർഡ് നഷ്ടത്തിലാണ് (-1.28%) വ്യാപാരം അവസാനിപ്പിച്ചത്. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (-3.92%), പോപ്പീസ് കെയര്‍ (-4.88%), നിറ്റാ ജെലാറ്റിന്‍ (-1.30%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് ശോഭിക്കാനായില്ല.

Stock market closing analysis December 23, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com