എ.ഐ പേടിയില്‍ ഐടി ഓഹരികളില്‍ വന്‍ വിറ്റൊഴിവാകല്‍; ഇന്‍ഫോസിസിന് മൂന്നു വര്‍ഷത്തെ ഏറ്റവും വലിയ വീഴ്ച; വിപണിക്ക് ഇന്നെന്ത് പറ്റി?

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യത്തില്‍ രണ്ട് ലക്ഷം കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി
എ.ഐ പേടിയില്‍ ഐടി ഓഹരികളില്‍ വന്‍ വിറ്റൊഴിവാകല്‍; ഇന്‍ഫോസിസിന് മൂന്നു വര്‍ഷത്തെ ഏറ്റവും വലിയ വീഴ്ച; വിപണിക്ക് ഇന്നെന്ത് പറ്റി?
Published on

ഇന്ത്യ-യുഎസ് വ്യാപാര കരാറിന്റെ ആഹ്ലാദം വിട്ടൊഴിയും മുമ്പേ ഓഹരിവിപണിയില്‍ ഐടി സെക്ടറിന്റെ വന്‍വീഴ്ച്ച. സങ്കീര്‍ണമായ ഐടി അനുബന്ധ ജോലികള്‍ മനുഷ്യസഹായമില്ലാതെ ചെയ്യാന്‍ സഹായിക്കുന്ന എഐ സേവനങ്ങള്‍ പുറത്തിറക്കിയ ആന്ത്രോപിക് ആണ് ഇന്നത്തെ വില്ലന്‍.

ഐടി കമ്പനികളുടെ നിലനില്പ് തന്നെ അവതാളത്തിലാക്കിയേക്കുമെന്ന ആശങ്ക വിപണിയിലേക്ക് വ്യാപിച്ചപ്പോള്‍ സെന്‍സെക്‌സ് ഇന്ന് വെറും 78.55 പോയിന്റ് മാത്രമാണ് മുന്നേറിയത്. നിഫ്റ്റി 48.45 പോയിന്റ് ഉയര്‍ന്ന് 25,776ല്‍ ക്ലോസ് ചെയ്തു.

ഐടി സൂചികകള്‍ ഇന്ന് വീണത് 7 ശതമാനമാണ്. ഇന്‍ഫോസിസ് ആണ് ഏറ്റവും ക്ഷീണം നേരിട്ടത്. 9 ശതമാനം ഇടിവ്. 2023 ഏപ്രിലിനുശേഷം ഇന്‍ഫോസിസ് ഓഹരികളിലെ ഏറ്റവും വലിയ പ്രതിദിന ഇടിവാണിത്. ടിസിഎസ് 7 ശതമാനവും നഷ്ടം നേരിട്ടു. ടെക് മഹീന്ദ്ര, കോഫോര്‍ജ് എച്ച്‌സിഎല്‍ ടെക്, വിപ്രോ ഓഹരികള്‍ 5 മുതല്‍ 7 ശതമാനത്തിനിടയില്‍ തകര്‍ച്ചയിലായി.

ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യയിലും ടെക് ഓഹരികള്‍ തകര്‍ച്ച നേരിട്ടത്. എന്‍വിഡിയ, മൈക്രോസോഫ്റ്റ് ഓഹരികള്‍ മൂന്നു ശതമാനം താഴ്ന്നപ്പോള്‍ ആല്‍ഫാബെറ്റ്, ആമസോണ്‍ ഓഹരികള്‍ക്കും തിരിച്ചടി നേരിട്ടിരുന്നു.

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത ഓഹരികളുടെ വിപണിമൂല്യത്തില്‍ രണ്ട് ലക്ഷം കോടി രൂപയുടെ വര്‍ധന രേഖപ്പെടുത്തി. 467 ലക്ഷം കോടി രൂപയില്‍ നിന്ന് 469 ലക്ഷം കോടി രൂപയായിട്ടാണ് വര്‍ധിച്ചത്.

വ്യാപാര കരാര്‍ ആവേശം മാറിയോ?

ഐടിയിലെ വലിയ വീഴ്ചയാണ് ഇന്ന് വലിയ കുതിപ്പിലേക്ക് നീങ്ങുന്നതില്‍ നിന്ന് വിപണിയെ തടഞ്ഞത്. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപനത്തില്‍ ഇന്നലെ ആനന്ദം കൊണ്ട വിപണിക്ക് ഇന്നത്ര സന്തോഷം ഉണ്ടായില്ല. കരാര്‍ സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരാത്തതും ലാഭമെടുക്കലിലേക്ക് നിക്ഷേപകര്‍ നീങ്ങിയതും ബാധിച്ചു.

വ്യാപാര കരാര്‍ മാറ്റിനിര്‍ത്തിയാല്‍ മറ്റ് പോസിറ്റീവ് കാര്യങ്ങള്‍ വിപണിയില്‍ സംഭവിച്ചിട്ടില്ല. മൂന്നാംപാദ ഫലങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അത്രത്തോളം പോസിറ്റീവല്ല ഫലങ്ങള്‍. നിക്ഷേപകര്‍ കരുതലോടെ പോകാന്‍ തീരുമാനിച്ചതിന് കാരണങ്ങള്‍ ഇതൊക്കെയാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com