ആദ്യ വെള്ളിയില്‍ വിപണിക്ക് ശുഭാരംഭം! കുതിപ്പിന് വഴിയൊരുക്കി ഓട്ടോ, ബാങ്കിംഗ് പോസിറ്റീവ് ട്രെന്റ്; കേരള ഓഹരികള്‍ക്ക് സമ്മിശ്രദിനം

കോര്‍പറേറ്റ് ഫലങ്ങള്‍ മൂന്നാംപാദത്തില്‍ വലിയ ഉയരത്തിലാകുമെന്ന വിപണിയുടെ പ്രതീക്ഷ വര്‍ധിച്ചതാണ് ഇന്നത്തെ കുതിപ്പിന് കാരണം
ആദ്യ വെള്ളിയില്‍ വിപണിക്ക് ശുഭാരംഭം! കുതിപ്പിന് വഴിയൊരുക്കി ഓട്ടോ, ബാങ്കിംഗ് പോസിറ്റീവ് ട്രെന്റ്; കേരള ഓഹരികള്‍ക്ക് സമ്മിശ്രദിനം
Published on

2026ലെ ആദ്യത്തെ വെള്ളിയാഴ്ച മോശമാക്കാതെ ഇന്ത്യന്‍ ഓഹരിവിപണി. ഡിസംബറിലെ വാഹന വില്പന സംബന്ധിച്ച കണക്കുകള്‍ പുറത്തുവന്നതും പ്രത്യാശയാര്‍ന്ന വ്യാപാര കരാറുകള്‍ വൈകില്ലെന്ന നിഗമനങ്ങളും വിപണിക്ക് കരുത്തായി. സെന്‍സെക്‌സ് 573.41 പോയിന്റ് ഉയര്‍ന്ന് 85,762.01ല്‍ ക്ലോസ് ചെയ്തു.

നിഫ്റ്റിയാകട്ടെ 182 പോയിന്റ് ഉയര്‍ന്ന് റെക്കോഡ് ഉയരമായ 26,328.55ല്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരുവേള റെക്കോഡ് ഉയരമായ 26,340 പോയിന്റ് വരെ എത്തിയ ശേഷമായിരുന്നു ഇത്.

നിക്ഷേപകരുടെ സമ്പത്തില്‍ 4 ലക്ഷം കോടി രൂപയുടെ വര്‍ധന വരുത്താന്‍ ഇന്നത്തെ ഒരു സെഷനിലൂടെ സാധിച്ചു. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 477 ലക്ഷം കോടി രൂപയില്‍ നിന്ന് 481 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

കോര്‍പറേറ്റ് ഫലങ്ങള്‍ മൂന്നാംപാദത്തില്‍ വലിയ ഉയരത്തിലാകുമെന്ന വിപണിയുടെ പ്രതീക്ഷ വര്‍ധിച്ചതാണ് ഇന്നത്തെ കുതിപ്പിന് കാരണം. ഇതിന് വഴിയൊരുക്കിയത് വാഹന ലോകത്തു നിന്നുള്ള കണക്കുകള്‍ വന്നതാണ്. ഡിസംബര്‍ മാസം സര്‍വകാല വില്പനയക്കാണ് ഇന്ത്യന്‍ വാഹനലോകം സാക്ഷ്യം വഹിച്ചത്.

രാജ്യത്ത് ജിഎസ്ടി പരിഷ്‌കാരത്തിന് ശേഷമുള്ള ആദ്യത്തെ സമ്പൂര്‍ണ പാദഫലമാണ് വരാന്‍ പോകുന്നത്. എല്ലാ മേഖലയിലും വളര്‍ച്ച ഉണ്ടാകുമെന്നാണ് ബിസിനസ് ലോകം പ്രതീക്ഷിക്കുന്നത്. ഈയൊരു പ്രചോദനത്തിലാണ് വിപണിക്ക് കരുത്തായത്. ഇന്ത്യ-യുഎസ് വ്യാപാര കരാറിലേക്ക് വലിയ ദൂരം ബാക്കിയില്ലെന്ന സൂചനകളും ഡബിള്‍ എന്‍ജിന്‍ വേഗത്തില്‍ കുതിക്കാന്‍ വിപണിയെ സഹായിച്ചു.

മിന്നിക്കത്തി ഓട്ടോയും ബാങ്കിംഗും മെറ്റലും

സൂചികകളില്‍ തിളങ്ങിയത് ഓട്ടോ (1.13), പൊതുമേഖല ബാങ്ക് (1.50), മെറ്റല്‍ (1.47) സൂചികകളാണ്. എഫ്എംസിജി (1.19) ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നിക്ഷേപകരെ സന്തോഷിപ്പിച്ചു.

ഇന്നേറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്ന് ബോഷ് ലിമിറ്റഡ് ആണ്. 8.45 ശതമാനം നേട്ടത്തോടെയാണ് ഈ ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

കോള്‍ ഇന്ത്യയാണ് കുതിപ്പിന് നേതൃത്വം വഹിച്ച മറ്റൊരു ഓഹരി. ഓഹരികള്‍ക്ക് ഇന്ന് 7.15 ശതമാനമാണ് കയറ്റം. ബംഗ്ലാദേശ്, ഭൂട്ടാന്‍, നേപ്പാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വാങ്ങലുകാര്‍ക്കും ഇ-ലേലത്തില്‍ പങ്കെടുക്കാന്‍ അനുമതി ലഭിച്ചതാണ് കാരണം.

ടോറന്റ് പവര്‍ (5.47), എന്‍എച്ച്പിസി (5.20) ഓഹരികളും ഇന്ന് കുതിപ്പ് നടത്തി.

വാരീ എനര്‍ജി ഓഹരികള്‍ 3.02 ശതമാനം ഇടിഞ്ഞതാണ് ഇന്നത്തെ പ്രധാന വാര്‍ത്തകളിലൊന്ന്. എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ലിമിറ്റഡ് ഓഹരികള്‍ 2.02 ശതമാനം താഴ്ന്നു. ഹ്യുണ്ടായ് ഇന്ത്യ 1.94 ശതമാനം കിതച്ചപ്പോള്‍ യുണൈറ്റഡ് സ്പിരിറ്റ്‌സ് 1.65 ശതമാനം ഇടിഞ്ഞു.

കേരള കമ്പനികളുടെ പ്രകടനം

സമ്മിശ്രമായിരുന്നു കേരള കമ്പനികളുടെ പ്രകടനം. 20ലേറെ ഓഹരികള്‍ നഷ്ടത്തിലാണ് വാരാന്ത്യ വ്യാപാരം അവസാനിപ്പിച്ചത്. ആസ്പിന്‍വാള്‍ ആന്‍ഡ് കമ്പനി 7.08 ശതമാനം ഇടിഞ്ഞപ്പോള്‍ കേരള ആയുര്‍വേദ 2.78 ശതമാനവും താഴ്ന്നു.

ബംഗ്ലാദേശ് ടെക്‌സ്‌റ്റൈല്‍ മേഖലയിലെ പ്രശ്‌നങ്ങളും യുഎസുമായുള്ള കരാറിലെ അനുകൂല വാര്‍ത്തകളും കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനെ 1.20 ശതമാനം ഉയര്‍ത്തി. അതേസമയം, സ്‌കൂബീഡേ ഗാര്‍മെന്റ് വലിയ തിരിച്ചടി നേരിട്ടു. 7.95 ശതമാനം ഇടിവ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com