

ഇന്ത്യ-ബ്രിട്ടണ്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ ആവേശമൊന്നും വിപണി പരിഗണിച്ചതേയില്ല. യു.എസുമായുള്ള കരാര്‍ വൈകുന്നതും കമ്പനികളുടെ ഒന്നാംപാദത്തിലെ മോശം റിസള്‍ട്ടുമെല്ലാം നിക്ഷേപകരുടെ പ്രതീക്ഷകളെ തകിടം മറിച്ചപ്പോള്‍ സെന്‍സെക്‌സ് ഇടിഞ്ഞത് 721.08 പോയിന്റ്. നിഫ്റ്റിയാകട്ടെ 225.10 പോയിന്റും താഴ്ന്നു. 0.88 ശതമാനം താഴ്ച്ചയോടെ 81,463.09 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്.
വിപണിയില്‍ വില്പന സമ്മര്‍ദം ശക്തമായിരുന്നു. വിദേശ നിക്ഷേപകരും കാര്യമായ ഇടപെടവിന് ശ്രമിച്ചില്ല. ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ 6.5 ലക്ഷം കോടി രൂപയുടെ കുറവുണ്ടായി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 458.11 ലക്ഷം കോടി രൂപയില്‍ നിന്ന് 451.7 ലക്ഷം കോടി രൂപയായി താഴ്ന്നു.
ഫാര്‍മ (0.54), ഹെല്‍ത്ത്‌കെയര്‍ (0.69) സൂചികകളൊഴിച്ച് ബാക്കിയെല്ലാം ഇന്ന് മോശം പ്രകടനമാണ് കാഴ്ച്ചവച്ചത്. മിഡ്ക്യാപ് ഓഹരികള്‍ 1.61 ശതമാനവും സ്‌മോള്‍ക്യാപ് 2.10 ശതമാനവും താഴ്ച്ചയിലാണ് ക്ലോസ് ചെയ്തത്.
മെറ്റല്‍ (1.64), ഓട്ടോ (1.27), പൊതുമേഖല ബാങ്ക് (1.70), ഓയില്‍ ആന്‍ഡ് ഗ്യാസ് (1.96) ശതമാനം താഴ്ന്നു.
ഇന്ത്യ-യു.കെ വ്യാപാര കരാര്‍ വാഹന ഓഹരികളെ പ്രതികൂലമായി ബാധിച്ചു. മാരുതി സുസൂക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടാറ്റ മോട്ടോഴ്‌സ് ഓഹരികളെല്ലാം ഇന്ന് തകര്‍ച്ച നേരിട്ടു. ഇളവുകള്‍ വന്നതോടെ യു.കെയില്‍ നിന്നുള്ള വാഹന ഇറക്കുമതി കൂടിയേക്കുമെന്ന സാധ്യതകളാണ് ഈ ഓഹരികള്‍ക്ക് തിരിച്ചടിയായത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ കമ്പനികളുടെ പ്രവര്‍ത്തനഫലം അത്ര മികച്ചതായിരുന്നില്ല. ഈ ട്രെന്റിന് മാറ്റമുണ്ടായെന്നും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മികച്ച നിലയിലേക്ക് എത്തുകയാണെന്നുമായിരുന്നു വിദഗ്ധമതം. എന്നാല്‍ വലിയ മാറ്റമൊന്നും പുതു സാമ്പത്തികവര്‍ഷത്തിലും സംഭവിച്ചില്ലെന്ന സൂചനയാണ് 2026ലെ ആദ്യ പാദം നല്കുന്നത്.
യു.എസുമായുള്ള വ്യാപാര കരാറിന് ഇതുവരെ അന്തിമ രൂപമാകാത്തത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തുന്നുണ്ട്. വിപണിയുടെ വീഴ്ച്ചയ്ക്ക് ഇതും വലിയൊരു കാരണമാണ്.
ഇന്ത്യന്‍ ഓഹരികള്‍ മൂല്യത്തേക്കാള്‍ കൂടിയ വിലയിലാണെന്ന പൊതുബോധം നിക്ഷേപകരിലുണ്ട്. കമ്പനികളുടെ സാമ്പത്തിക അവസ്ഥകളേക്കാള്‍ കൂടിയ മൂല്യത്തില്‍ നില്‍ക്കുന്ന ഓഹരികളില്‍ നിക്ഷേപിക്കുന്നതിലുള്ള വൈമനസ്യവും വീഴ്ച്ചയ്ക്ക് കാരണമാണ്.
ചുരുക്കം ചില കേരള ഓഹരികള്‍ക്കു മാത്രമാണ് ഇന്ന് ഉയരാന്‍ സാധിച്ചത്. ബ്രിട്ടനുമായുള്ള വ്യാപാര കരാര്‍ ഇന്ത്യന്‍ ടെക്‌സ്റ്റൈല്‍ മേഖലയ്ക്ക് ഗുണം ചെയ്യുമെന്ന സൂചനകള്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളെ 0.58 ശതമാനം ഉയര്‍ത്തി. എന്നാല്‍ സ്‌കൂബിഡേ ഗാര്‍മെന്റ്‌സ് 0.42 ശതമാനം താഴ്ന്നു.
സി.എസ്.ബി ബാങ്ക് ഓഹരി 0.23 ശതമാനം കൂടിയപ്പോള്‍ മറ്റ് ബാങ്കിംഗ് ഓഹരികള്‍ നഷ്ടത്തിലായി. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ 3.25 ശതമാനം വീണപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് (0.20), മണപ്പുറം ഫിനാന്‍സ് (2.51) ശതമാനം താഴ്ച്ചയിലായി.
Read DhanamOnline in English
Subscribe to Dhanam Magazine