ട്രംപിന്റെ നികുതിക്കുന്തം കണ്ട് പകച്ചിട്ടും വീറ് കൈവിടാതെ ഓഹരി വിപണി; എന്നിട്ടും ഒടുവില്‍ ചോരച്ചുവപ്പു തന്നെ, കാരണമെന്ത്?

നഷ്ടത്തില്‍ തുടങ്ങിയ വിപണി തിരിച്ചുവരവിന്റെ സൂചനകള്‍ കാണിച്ചെങ്കിലും അവസാന മണിക്കൂറില്‍ വില്‍പ്പന സമ്മര്‍ദ്ദം കനത്തതോടെ ചുവപ്പിലാവുകയായിരുന്നു
Stock market closing charts
Canva, NSE, BSE
Published on

യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് ആക്രമണത്തില്‍ പതറിയ വിപണി ശക്തമായി തിരിച്ചുവന്നെങ്കിലും ഒടുവില്‍ ചുവപ്പിലായി. വ്യാപാരത്തിന്റെ ആദ്യ 15 മിനിറ്റുകള്‍ക്കുള്ളില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണി വിഹിതത്തില്‍ കുറവുണ്ടായത് 5 ലക്ഷം കോടി രൂപ. നഷ്ടത്തില്‍ തുടങ്ങിയ ഇരുസൂചികകളും ഉച്ചയോടെ മുകളിലേക്ക് കയറി. യു.എസുമായുള്ള വ്യാപാര ചര്‍ച്ചകള്‍ തുടരുന്നതാണ് വിപണിക്ക് പ്രതീക്ഷ നല്‍കിയത്. അന്തിമ തീരുവ 25 ശതമാനത്തില്‍ താഴെയായിരിക്കുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ. എന്നാല്‍ അവസാന മണിക്കൂറുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായതോടെ വിപണി വീണ്ടും നഷ്ടത്തിലേക്ക് മാറുകയായിരുന്നു. ജൂലൈ മാസത്തില്‍ ഇരുസൂചികകളും മൂന്ന് ശതമാനത്തോളം നഷ്ടത്തിലായെന്നാണ് കണക്ക്.

മുഖ്യസൂചികയായ സെന്‍സെക്‌സ് 296.28 പോയിന്റ് (0.36%) നഷ്ടത്തില്‍ 81,185.58 എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ വ്യാപാരാന്ത്യം 86.70 പോയിന്റുകള്‍ (0.35%) നഷ്ടത്തില്‍ 24,768.35 എന്ന നിലയിലുമെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.93 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 1.05 ശതമാനവും നഷ്ടത്തിലാണ് ഇന്നത്തെ വ്യാപാരം നിറുത്തിയത്.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി എഫ്.എം.സി.ജി, മീഡിയ എന്നിവ ഒഴിച്ചുള്ളവയെല്ലാം ഇന്ന് ചുവപ്പിലായി. നിഫ്റ്റി മീഡിയ സൂചിക വെറും 0.10 ശതമാനം മാത്രമാണ് ലാഭത്തിലായത്. എഫ്.എം.സി.ജി മേഖലയിലെ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ഉള്‍പ്പെടെയുള്ള മുന്‍നിര കമ്പനികളുടെ മികച്ച ഒന്നാം പാദ ഫലമാണ് ഈ മേഖലക്ക് തുണയായത്. യു.എസ് തീരുവ തീരുമാനം സാരമായി ബാധിക്കുമെന്ന് കരുതുന്ന നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഫാര്‍മ, മെറ്റല്‍ എന്നീ മേഖലകള്‍ ഒരു ശതമാനത്തിലേറെയാണ് നഷ്ടത്തിലായത്. ഈ സെക്ടറുകളിലെ കമ്പനികളില്‍ തുടക്കം മുതല്‍ വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു.

എന്തുകൊണ്ട് നഷ്ടത്തിലായി

25 ശതമാനം ഇറക്കുമതി തീരുവയും റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന് പെനാല്‍റ്റിയും ചുമത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനമാണ് വിപണിയെ തുടക്കത്തിലേ നഷ്ടത്തിലാക്കിയത്. ദീര്‍ഘകാലം ഇതേ താരിഫ് നിലനിന്നാല്‍ രാജ്യത്തിന്റെ ജി.ഡി.പി വളര്‍ച്ച, ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക്, വിദേശ നിക്ഷേപം എന്നിവയെ സാരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. യു.എസിലേക്കുള്ള ടെക്‌സ്റ്റൈല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍സ്, ഓട്ടോമോട്ടീവ് പാര്‍ട്‌സ് തുടങ്ങിയ കയറ്റുമതിക്കും തിരിച്ചടിയാണ്. വിപണി പ്രതീക്ഷിച്ചതില്‍ നിന്ന് വിഭിന്നമായി 25 ശതമാനം തീരുവ ചുമത്തിയതും റഷ്യന്‍ എണ്ണയില്‍ പെനാല്‍റ്റി ചുമത്തിയതും തിരിച്ചടിയാണ്.

അതുമാത്രമല്ല കാരണം

യു.എസ് ഫെഡ് നിരക്കുകള്‍ അടുത്തെങ്ങും കുറക്കുമെന്ന സൂചന ലഭിക്കാത്തതും വിപണിയെ സ്വാധീനിച്ചെന്നാണ് വിദഗ്ധര്‍ പറയുന്നത്. പലിശ നിരക്കുകളില്‍ മാറ്റമില്ലാതെ തുടരാനാണ് അഞ്ചാം തവണയും ഫെഡ് റിസര്‍വ് തീരുമാനിച്ചത്. നിരക്ക് കുറക്കാന്‍ ഇനിയും രണ്ട് പാദങ്ങളെങ്കിലും കാത്തിരിക്കണമെന്നാണ് വിദഗ്ധര്‍ പറയുന്നത്. അമേരിക്കന്‍ കടപ്പത്രങ്ങളിലുള്ള പലിശ നിരക്ക് ഉയര്‍ന്ന് നില്‍ക്കുന്നത് വിദേശനിക്ഷേപങ്ങള്‍ ഇന്ത്യയിലേക്ക് എത്തുന്നതിന് തടസമാണ്.

വിദേശനിക്ഷേപകര്‍ ഓഹരികള്‍ കൂട്ടത്തോടെ വിറ്റൊഴിയുന്നതും വിപണിക്ക് ക്ഷീണമാണ്. ഈ മാസം ജൂലൈ 30 വരെ ഏതാണ്ട് 42,000 കോടി രൂപയുടെ ഓഹരികള്‍ വിദേശനിക്ഷേപകര്‍ വിറ്റൊഴിച്ചെന്നാണ് കണക്ക്. കമ്പനികളുടെ ഉയര്‍ന്ന വാല്യൂവേഷന്‍, രൂപയുടെ വിനിമയ നിരക്ക് കുറഞ്ഞത് എന്നിവയാണ് കാരണം. ഇന്ത്യന്‍ കമ്പനികളുടെ ഒന്നാം പാദ സാമ്പത്തിക ഫലങ്ങളും അത്ര മികച്ചതായിരുന്നില്ല. ഐ.ടി പോലുള്ള സെക്ടറുകളില്‍ പ്രതീക്ഷിച്ച ഫലമുണ്ടായില്ല. ആര്‍.ബി.ഐ പലിശ നിരക്ക് കുറച്ചത് ബാങ്കുകളുടെ ലാഭത്തെയും ബാധിച്ചു.

വിവിധ കമ്പനികളുടെ പ്രകടനം
വിവിധ കമ്പനികളുടെ പ്രകടനം

ലാഭവും നഷ്ടവും

മികച്ച ഒന്നാം പാദ ഫലങ്ങള്‍ പുറത്തുവിട്ടതിനെ തുടര്‍ന്ന് മികച്ച നേട്ടത്തിലായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡാണ് ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലുള്ളത്. എഫ്.എം.സി.ജി സെക്ടറില്‍ മികച്ച വളര്‍ച്ചയുണ്ടാകുമെന്ന പ്രവചനങ്ങള്‍ ഈ രംഗത്തെ മറ്റൊരു പ്രമുഖ കമ്പനിയായ ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിനെയും മികച്ച നേട്ടത്തിലാക്കി. ആദിത്യബിര്‍ള ക്യാപിറ്റല്‍, ഭാരതി ഹെക്‌സാകോം എന്നീ കമ്പനികളുടെ ഓഹരികളും ഇന്നത്തെ ലാഭപട്ടികയില്‍ മുന്നിലുണ്ട്. തുടര്‍ച്ചയായ നാലാം പാദത്തിലും വരുമാനം ഇടിഞ്ഞെങ്കിലും ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ഓഹരികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

കഴിഞ്ഞ ദിവസം ഒന്നാം പാദ ഫലം പുറത്തുവിട്ടതോടെ നേട്ടത്തിലായ സോളാര്‍ പാനല്‍ നിര്‍മാതാക്കളായ വാരി എനര്‍ജീസ് ട്രംപിന്റെ തീരുവയില്‍ തട്ടി ഇന്നത്തെ നഷ്ടക്കണക്കില്‍ മുന്നിലെത്തി. കമ്പനി യു.എസിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കാനിരിക്കെയാണ് ട്രംപിന്റെ തീരുവ പ്രഖ്യാപനമെത്തിയത്. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡ്, പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ്, സത്‌ലജ് ജല്‍ വൈദ്യുതി നിഗം ലിമിറ്റഡ് (എസ്.ജെ.വി.എന്‍), കെ.പി.ഐ.ടി ടെക്‌നോളജീസ് തുടങ്ങിയ കമ്പനികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കേരള കമ്പനികള്‍ക്കും ട്രംപാഘാതം

ട്രംപിന്റെ താരിഫ് ആഘാതത്തില്‍ കേരള കമ്പനികള്‍ക്കും തിരിച്ചടിയാണ്. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് ടെക്‌സ്റ്റൈല്‍ രംഗത്തുള്ള കിറ്റെക്‌സ് ഗാര്‍മെന്റ്‌സിനാണ്. കമ്പനിയുടെ ഓഹരി അഞ്ച് ശതമാനം നഷ്ടത്തിലായി. സെല്ല സ്‌പേസ് (4.98%), യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് (4.97%), സ്‌റ്റെല്‍ ഹോള്‍ഡിംഗ്‌സ് (4.47%), സ്‌കൂബി ഡേ ഗാര്‍മെന്റ്‌സ് (3.64%) എന്നീ കമ്പനികളും നഷ്ടത്തില്‍ മുന്നിലുണ്ട്.

ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ് ഓഹരികളാണ്. ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, ഈസ്റ്റേണ്‍ ട്രെഡ്‌സ്, ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, പോപ്പീസ് കെയര്‍ തുടങ്ങിയ കമ്പനികള്‍ ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com