
പശ്ചിമേഷ്യയില്‍ ഇറാനും ഇസ്രയേലും തീക്കളി തുടങ്ങിയതിന്റെ പ്രതിഫലനം ഇന്ത്യന്‍ ഓഹരി വിപണിയിലും. സെന്‍സെക്‌സ് ഇന്ന് 573.38 പോയിന്റ് താഴ്ന്നാണ് വാരം അവസാനിപ്പിച്ചത്. 0.70 ശതമാനം ഇടിഞ്ഞ് 81,118.60 പോയിന്റിലാണ് വിപണി. നിഫ്റ്റിയാകട്ടെ 169.60 പോയിന്റ് താഴ്ന്ന് 24,718.60ല്‍ ക്ലോസ് ചെയ്തു. ഇന്നലെയും (വ്യാഴം) വിപണി ഒരു ശതമാനത്തിനടുത്ത് ഇടിഞ്ഞിരുന്നു.
ഐ.ടി (0.02), മീഡിയ (0.17), റിയാലിറ്റി (0.06), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.04) എന്നീ സെക്ടറുകള്‍ ഒഴികെ ബാക്കിയെല്ലാം ചുവപ്പിലാണ് ഫിനിഷ് ചെയ്തത്. ഏറ്റവും കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത് എഫ്എംസിജി, പൊതുമേഖല ബാങ്ക് സൂചികകളാണ്. ഇന്ന് 1,548 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2,439 എണ്ണം താഴേക്ക് പോയി. വിപണിയുടെ തിരിച്ചടിയുടെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം
ഇന്നലെയും ഇന്നുമായി 1,400 പോയിന്റിനടുത്താണ് സെന്‍സെക്‌സ് ഇടിഞ്ഞത്. തുടര്‍ച്ചയായി നേട്ടത്തില്‍ മുന്നേറുന്നതിനിടെയാണ് പശ്ചിമേഷ്യന്‍ സംഘര്‍ഷം വളര്‍ന്നത്. യുദ്ധത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന ഭീതി നിക്ഷേപകരെയും സ്വാധീനിച്ചു. യുദ്ധം വ്യാപിച്ചാല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് ഇടിവുണ്ടാകുമെന്ന സൂചനകളും പ്രതിസന്ധിയായി.
ക്രൂഡ് ഓയില്‍ വില 10 ശതമാനത്തിലധികം ഉയര്‍ന്നതും വിപണിക്ക് തിരിച്ചടിയായി. ക്രൂഡ് വില കൂടിയാല്‍ കമ്പനികളുടെ പ്രവര്‍ത്തന ഫലത്തെ അത് ദോഷകരമായി സ്വാധീനിക്കും. ഉയര്‍ന്ന ഇന്ധന വില രാജ്യത്ത് വിലക്കയറ്റത്തിനും കമ്പനികളുടെ വളര്‍ച്ച ഇടിയുന്നതിനും വഴിയൊരുക്കും.
സംഘര്‍ഷങ്ങള്‍ ഉയരുമ്പോള്‍ സ്വര്‍ണം അടക്കമുള്ളവയിലേക്ക് നിക്ഷേപം മാറും. ഇത് ഓഹരി വിപണിയിലേക്കുള്ള പണമൊഴുക്കിനെ ബാധിക്കും. സ്വര്‍ണവില കൂടിയതിനൊപ്പം ഇതിലേക്കുള്ള നിക്ഷേപവും വര്‍ധിച്ചു. ഇന്ത്യന്‍ രൂപയുടെ മൂല്യം 73 പൈസയാണ് ഇടിഞ്ഞത്. രൂപയുടെ തകര്‍ച്ച ഇറക്കുമതി ചെലവ് വര്‍ധിപ്പിക്കും.
ഇന്ന് നേട്ടം കൊയ്തവയില്‍ മുന്നില്‍ മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഹരികളാണ്. 2.85 ശതമാനം നേട്ടത്തോടെ വാരം അവസാനിപ്പിക്കാന്‍ ഈ ഓഹരിക്കായി. ഐ.സി.ഐ.സി.ഐ ലംബാര്‍ഡ് (2.18), ഓയില്‍ ഇന്ത്യ (2.17), കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (2.13) ഓഹരികള്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഓഹരികള്‍ക്ക് ഇന്ന് 4.33 ശതമാനം ഇടിവുണ്ടായി. ഗുജറാത്തിലെ വിമാനാപകട ദുരന്തത്തിന്റെ അലയൊലികള്‍ ഇന്‍ഡിഗോ ഏവിയേഷനിലും പ്രതിഫലിച്ചു, 3.68 ശതമാനത്തിന്റെ ഇടിവ്.
ചുരുക്കം ചില കേരള ഓഹരികള്‍ക്ക് മാത്രമാണ് ഇന്ന് മികവ് നിലനിര്‍ത്താന്‍ സാധിച്ചത്. നോണ്‍ബാങ്കിംഗ് ഫിനാന്‍സിംഗ് രംഗത്തിന് അനുകൂല സാഹചര്യം നിലനില്‍ക്കുന്നത് മണപ്പുറം ഫിനാന്‍സ് ഓഹരികളെ 3.32 ശതമാനം ഉയര്‍ത്തി. ഇതേ മേഖലയിലുള്ള മുത്തൂറ്റ് ഫിനാന്‍സ് ഓഹരികള്‍ 1.88 ശതമാനവും കയറി. കേരളത്തില്‍ നിന്നുള്ള ബാങ്കിംഗ് ഓഹരികളെല്ലാം ഇന്ന് താഴേക്ക് പോയി.
Read DhanamOnline in English
Subscribe to Dhanam Magazine