
പശ്ചിമേഷ്യന്‍ സംഘര്‍ഷം രൂക്ഷതയോടെ തുടരുന്നത് വിപണിയെ വലുതായി സ്പര്‍ശിച്ചില്ല. എന്നാല്‍ ഉയരുന്ന ക്രൂഡ് വിലയും ഫെഡ് ചെയര്‍മാന്റെ പ്രഖ്യാപനവും കാത്തിരുന്ന് പ്രതികരിക്കുകയെന്ന നിലയിലേക്ക് നിക്ഷേപകരെ മാറ്റിയിട്ടുണ്ട്. സെന്‍സെക്‌സ് ഇന്ന് 138.64 പോയിന്റ് ഇടിഞ്ഞ് 81,444.66ലായി. നിഫ്റ്റിയുടെ താഴ്ച്ച 41.35 പോയിന്റാണ്. 24,812.05ലാണ് നിഫ്റ്റിയുടെ ക്ലോസിംഗ്.
മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ സമ്മര്‍ദം നേരിട്ടു. മീഡിയ (1.27), മെറ്റല്‍ (0.72), പൊതുമേഖല ബാങ്ക് (0.41) സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്ന് മുന്നേറിയത് ബാങ്ക് (0.21), ഓട്ടോ (0.37), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.79) സൂചികകളാണ്. പശ്ചിമേഷ്യന്‍ യുദ്ധത്തിന്റെ തീവ്രതയില്‍ ഓരോ നിമിഷവും മാറ്റം വരുന്നത് വിപണിയെയും ബാധിക്കുന്നുണ്ട്.
നാലാംപാദത്തിലെ മോശം പ്രവര്‍ത്തന ഫലവും ബാങ്കിന്റെ ഡെറിവേറ്റീവ് പോര്‍ട്ട്‌ഫോളിയോ തട്ടിപ്പും മൂലം കുഴപ്പത്തിലായ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികള്‍ കുറച്ചുനാളായി കയറിയും ഇറങ്ങിയുമായിരുന്നു തുടര്‍ന്നിരുന്നത്. ഇന്ന് 4.69 ശതമാനം നേട്ടത്തിലാണ് ഈ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ആഗോള ബ്രോക്കറേജ് സ്ഥാപനമായ നൊമുറ (Nomura) ഓഹരികളുടെ റേറ്റിംഗ് ഉയര്‍ത്തിയതാണ് ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് ഓഹരികളെ സഹായിച്ചത്.
അവന്യു സൂപ്പര്‍മാര്‍ക്കറ്റ്‌സ് (4.19), എസ്‌കോര്‍ട്ട്‌സ് കുബോട്ട (3.12) പേയ്ടിഎം (2.99) ഓഹരികളും ഇന്ന് കുതിച്ചു.
ഇന്ന് ഏറ്റവും തിരിച്ചടി നേരിട്ട ഓഹരികളിലൊന്ന് ഹിന്ദുസ്ഥാന്‍ സിങ്ക് ആണ്. 6.90 ശതമാനം താഴ്ച്ചയ്ക്ക് കാരണം വേദാന്ത അവരുടെ കൈവശമുണ്ടായിരുന്ന 7.2 കോടി ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ വിറ്റഴിച്ചതാണ്. ഏകദേശം 3,323 കോടി രൂപയുടേതാണ് ഇടപാട്.
വാരീ എനര്‍ജീസ് (3.56), മാക്‌സ് ഹെല്‍ത്ത്‌കെയര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (3.51), വിശാല്‍ മെഗാമാര്‍ട്ട് (3.17) ഓഹരികള്‍ക്കും തിരിച്ചടി നേരിട്ടു.
കൂടുതല്‍ കേരള ഓഹരികളും ഇന്ന് തിരിച്ചടി നേരിട്ടു. കല്യാണ്‍ ജുവലേഴ്‌സ് ഓഹരിവില 0.86 ശതമാനം ഉയര്‍ന്നു. കേരള ആയുര്‍വേദ (0.73), കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് (2.82), കെഎസ്ഇ (1.11) ഓഹരികള്‍ക്കും ഇന്ന് വിപണി സന്തോഷം പകര്‍ന്നു.
അതേസമയം, മണപ്പുറം ഫിനാന്‍സ് (1.86), മുത്തൂറ്റ് ഫിനാന്‍സ് (0.70) പോപ്പുലര്‍ വെഹിക്കിള്‍സ് (0.78) ഓഹരികള്‍ക്ക് ഇന്ന് തിരിച്ചടിയായിരുന്നു. കേരളത്തില്‍ നിന്നുള്ള പ്രധാന ബാങ്കിംഗ് ഓഹരികളും തിളങ്ങിയില്ല.
Read DhanamOnline in English
Subscribe to Dhanam Magazine