
പശ്ചിമേഷ്യയില്‍ ബോംബുകള്‍ വീഴുമ്പോഴും കുലുക്കമില്ലാതെ ഇന്ത്യന്‍ ഓഹരി വിപണി. ക്രൂഡ് ഓയില്‍ വില താഴ്ന്നതും വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെട്ടതും സെന്‍സെക്‌സ് 1,046.30 പോയിന്റ് ഉയരുന്നതിലേക്ക് നയിച്ചു. 1.29 ശതമാനം ഉയര്‍ന്ന് 82,408.17ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 319.15 പോയിന്റ് ഉയര്‍ന്ന് 25,112.40ല്‍ ക്ലോസ് ചെയ്തു.
ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 443 ലക്ഷം കോടി രൂപയില്‍ നിന്ന് 448 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. നിക്ഷേപകരുടെ സമ്പത്തില്‍ ഇന്നൊറ്റ ദിവസം കൊണ്ട് 5 ലക്ഷം കോടി രൂപയാണ് വര്‍ധിച്ചത്. ഇന്ന് വിപണി വലിയ കുതിപ്പ് നടത്താനുണ്ടായ കാരണങ്ങള്‍ പലതാണ്.
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശരിയായ ട്രാക്കിലാണെന്ന നിഗമനങ്ങളും ജൂണ്‍ പാദത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം കമ്പനികളില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയും നിക്ഷേപകരെ ആകര്‍ഷിച്ചു.
ക്രൂഡ് ഓയില്‍ വില ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം ആരംഭിച്ച ശേഷം ഉയരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ വില താഴുന്നതിന്റെ സൂചനകളാണ് നല്കുന്നത്. ഇതും വിപണിയെ സ്വാധീനിച്ചു.
വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റിലെ ഇടപെടല്‍ സക്രിയമാക്കിയതും മാര്‍ക്കറ്റിന്റെ ഇന്നത്തെ കുതിപ്പിന് ഇടയാക്കി. ഇന്നലെ (ജൂണ്‍ 19) വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വാങ്ങിക്കൂട്ടിയത് 934.62 കോടി രൂപയുടെ ഓഹരികളാണ്.
ഇന്ന് സൂചികകളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 1.46 ശതമാനം, 1.01 ശതമാനം വീതം ഉയര്‍ന്നു. ഓട്ടോ (1.04), ഫിനാന്‍ഷ്യല്‍ സര്‍വീസ് (1.33), മെറ്റല്‍ (1.09), പൊതുമേഖല ബാങ്ക് (1.64) സെക്ടറുകളും മികച്ചു നിന്നു.
കഴിഞ്ഞ ദിവസങ്ങളില്‍ തിരിച്ചടി നേരിട്ട വാരീ എനര്‍ജീസ് (Waaree Energies) ഇന്ന് 12.61 ശതമാനമാണ് ഉയര്‍ന്നത്. ലണ്ടന്‍ ആസ്ഥാനമായ ഫിനാന്‍ഷ്യല്‍ ടൈംസ് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഗ്രൂപ്പ് വാരീ എനര്‍ജീസ് ഉള്‍പ്പെടെയുള്ള സ്റ്റോക്കുകളില്‍ നിക്ഷേപം നടത്തുമെന്ന വാര്‍ത്തയാണ് ഉയര്‍ച്ചയ്ക്ക് കാരണമായത്.
പ്രീമിയര്‍ എനര്‍ജീസ് ഓഹരികളും ഇന്ന് നേട്ടം കൊയ്തു. 6.20 ശതമാനമാണ് ഓഹരികള്‍ ഉയര്‍ന്നത്. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് 5.53 ശതമാനവും നേട്ടം കൊയ്തു.
ഇന്ന് തിരിച്ചടി നേരിട്ടവരില്‍ മുന്നിലുള്ളത് സീമെന്‍സ് ഓഹരികളാണ്. 2.32 ശതമാനമാണ് താഴ്ന്നത്. ശ്രീ സിമന്റ് (1.96), മാന്‍കൈന്‍ഡ് ഫാര്‍മ (1.50), അപ്പോളോ ടയേഴ്‌സ് (1.48) ഓഹരികളും നഷ്ടത്തില്‍ ക്ലോസ് ചെയ്തു.
ഒട്ടുമിക്ക കേരള ഓഹരികളും ഇന്ന് മികച്ച പ്രകടനം നടത്തി. ഇതില്‍ മുന്നിട്ടു നിന്നത് സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് (4.58) ആണ്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 1.76 ശതമാനം നേട്ടം കൊയ്തു. മണപ്പുറം ഫിനാന്‍സ് 3.29 ശതമാനം ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സിന് പക്ഷേ ഇന്ന് നഷ്ടമായിരുന്നു, 1.22 ശതമാനം താഴ്ന്നു.
Read DhanamOnline in English
Subscribe to Dhanam Magazine