അടിച്ചു കയറി വാ! തിരിച്ചുവരവ് ആഘോഷമാക്കി വിപണി, കരുത്തുകാട്ടി പ്രതിരോധ ഓഹരികള്‍; കൊച്ചിന്‍ ഷിപ്പ് യാര്‍ഡും കുതിപ്പില്‍

പുതുവര്‍ഷത്തില്‍ ആടിയുലഞ്ഞ വിപണിയില്‍ തിരിച്ചുവരവിന്റെ കാറ്റ് വീശിത്തുടങ്ങിയിക്കുന്നു. ആറുദിവസം കൊണ്ട് സെന്‍സെക്‌സില്‍ ഉയര്‍ന്നത് 4,000 പോയിന്റിലേറെ
indian stock market
Published on

എത്ര താഴെപോയാലും കരകയറി വരും. അതാണ് വിശ്വാസം. പുതുവര്‍ഷത്തില്‍ ആടിയുലഞ്ഞ വിപണിയില്‍ തിരിച്ചുവരവിന്റെ കാറ്റ് വീശിത്തുടങ്ങിയിരിക്കുന്നു. ആറുദിവസം കൊണ്ട് സെന്‍സെക്‌സ് ഉയര്‍ന്നത് 4,000 പോയന്റിലേറെ. ഇന്നത്തെ മാത്രം കുതിപ്പ് 1,078.88 പോയിന്റ്. അതായത് 1.40 ശതമാനം. ഇന്ന് ക്ലോസിംഗ് സമയത്ത് സെന്‍സെക്‌സ് 77,984.38 പോയിന്റില്‍. നിഫ്റ്റിയാകട്ടെ 307.95 പോയിന്റ് ഉയര്‍ന്ന് (1.32 ശതമാനം) 23,658.35ലെത്തി നില്‍ക്കുന്നു.

കൂടൊഴിഞ്ഞു പോയ വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തില്‍ നിന്ന് പുറത്തുകടക്കുന്നുവെന്ന സൂചനകള്‍, നാലാംപാദത്തില്‍ കമ്പനികളുടെ പ്രകടനം മെച്ചപ്പെട്ട നിലയിലാകുമെന്ന വിലയിരുത്തലുകള്‍... വിപണിയിലേക്ക് ആവേശം തിരികെയെത്താന്‍ കാരണങ്ങളേറെയാണ്.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

വിപണിയില്‍ പ്രതികൂല സാഹചര്യം മാറിവരുന്നുവെന്ന വിലയിരുത്തലുകള്‍ക്ക് ഏറ്റവും മികച്ച തെളിവ് വിദേശ നിക്ഷേപകരുടെ തിരിച്ചുവരവാണ്. ഇന്ത്യയില്‍ നിന്ന് ചൈനയിലേക്കും മറ്റ് വിപണികളിലേക്കും പോയിരുന്ന വിദേശ നിക്ഷേപകര്‍ വീണ്ടും ഇങ്ങോട്ടേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. വിറ്റൊഴിക്കലില്‍ മാത്രം ശ്രദ്ധിച്ചിരുന്ന വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ കാറ്റിന്റെ ഗതിമാറ്റം ശ്രദ്ധിച്ച് നിക്ഷേപത്തിലേക്ക് ഊന്നല്‍ മാറ്റിയിരിക്കുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച്ച വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ 7,470.36 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. തുടര്‍ച്ചയായി വാങ്ങലുകള്‍ ഉയരുകയും വില്പന കുറയുകയും ചെയ്യുന്നത് ശുഭസൂചനയായിട്ടാണ് വിപണി കാണുന്നത്.

നേട്ടം കൊയ്തവര്‍
നേട്ടം കൊയ്തവര്‍

കരുത്തുകാട്ടി പ്രതിരോധ ഓഹരികള്‍

സൂചികയില്‍ എല്ലാം മികച്ച പ്രകടനമാണ് ഇന്ന് നടത്തിയത്. പൊതുമേഖല ബാങ്ക്, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയെല്ലാം ഗംഭീര മുന്നേറ്റം കാഴ്ച്ചവച്ചു. പ്രതിരോധ ഓഹരികളുടെ പ്രകടനം വിപണിയുടെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുന്നുണ്ട്. മാര്‍ച്ച് നാലു മുതല്‍ 21 വരെയുള്ള കാലയളവില്‍ പ്രതിരോധ ഓഹരികള്‍ 17.1 ശതമാനത്തോളം നേട്ടം കൊയ്തു. എനര്‍ജി ഓഹരികളില്‍ ഇത് 10.7 ശതമാനമാണ്.

ശതമാനക്കണക്കില്‍ ഇന്നേറ്റവും നേട്ടം കൊയ്ത ഓഹരി ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്‌മെന്റ് (ഐ.ആര്‍.ഇ.ഡി.എ) ആണ്. 10.13 ശതമാനം കുതിപ്പാണ് ഉണ്ടായത്. ഹിന്ദുസ്ഥാന്‍ എയറനോട്ടിക്‌സ് ഓഹരികള്‍ 6.47 ശതമാനം ഉയര്‍ന്നപ്പോള്‍ ഭാരത് ഡൈനാമിക്‌സ് 5.17 ശതമാനമാണ് നേട്ടം കൊയ്തത്. പ്രതിരോധ മേഖലയില്‍ വലിയ കരാറുകള്‍ ലഭിക്കുന്നതാണ് ഈ ഓഹരികളുടെ കുതിപ്പിന് കാരണം.

നഷ്ടം നേരിട്ടവര്‍
നഷ്ടം നേരിട്ടവര്‍

സുന്ദരം ഫിനാന്‍സ് ആണ് ഇന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കിയ ഓഹരികളിലൊന്ന്. 2.94 ശതമാനമാണ് ഈ ഓഹരിയില്‍ ഇടിവുണ്ടായത്. തുടര്‍ച്ചയായ തിരിച്ചടി നേരിടുന്ന ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 2.79 ശതമാനം താഴ്ന്നു.

കേരള കമ്പനികളും ഉഷാര്‍

അടുത്ത കാലത്ത് കാര്യമായ മികവ് പുലര്‍ത്താതിരുന്ന കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഇന്ന് 3.40 ശതമാനം നേട്ടം കരസ്ഥമാക്കി. അടുത്ത കാലത്ത് കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതും വലിയ പ്രോജക്ടുകളുടെ ചര്‍ച്ചകള്‍ നടക്കുന്നതും ഈ കേരള ഓഹരിയിലേക്ക് നിക്ഷേപകരെ ആകര്‍ഷിക്കുന്നുണ്ട്.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളാണ് ഇന്ന് നേട്ടം കൊയ്ത മറ്റൊരു കേരള കമ്പനി. അഞ്ച് ശതമാനം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ബംഗ്ലാദേശില്‍ ഗാര്‍മെന്റ്‌സ് കമ്പനികള്‍ സര്‍ക്കാരില്‍ നിന്ന് വലിയ സമ്മര്‍ദം നേരിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നതും ഇന്ത്യയിലേക്ക് കൂടുതല്‍ കമ്പനികള്‍ എത്തിയേക്കുമെന്ന സൂചനകളും കിറ്റെക്‌സ് ഓഹരികള്‍ക്ക് ഗുണംചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com