

ചെറിയ നേട്ടത്തോടെ തുടക്കം, പിന്നെ വമ്പന്‍ കുതിപ്പ്, അവസാനം ലാഭമെടുപ്പില്‍ നേട്ടം താഴ്‌ന്നെങ്കിലും നിക്ഷേപകര്‍ക്ക് നിരാശ പകരാതെ വിപണിയുടെ വെള്ളിയാഴ്ച്ച ക്ലോസിംഗ്. വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും സമ്പദ്‌വ്യവസ്ഥ പുഷ്ടിപ്പെടുന്നുവെന്ന വാര്‍ത്തകളും നിക്ഷേപകര്‍ക്ക് അനുകൂല സാഹചര്യമാണ് വിപണി ഒരുക്കുന്നത്.
ഇന്ന് സെന്‍സെക്‌സ് 259.75 പോയിന്റ് (0.32 ശതമാനം) ഉയര്‍ന്ന് 80,501.99 പോയിന്റിലെത്തി. നിഫ്റ്റിയാകട്ടെ 12.50 പോയിന്റ് (0.051 ശതമാനം) ഉയര്‍ന്ന് 24,346.70ത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 1.64 ശതമാനവും നിഫ്റ്റി 1.28 ശതമാനവും ഈ വാരം ഉയര്‍ന്നു.
വിദേശ നിക്ഷേപകര്‍ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ് വേഗത്തിലാക്കിയത് വിപണിയെ സ്വാധീനിക്കുന്നുണ്ട്. സെപ്റ്റംബറില്‍ വ്യാപകമായി വിറ്റൊഴിഞ്ഞ് പോയ നിക്ഷേപകരുടെ തിരിച്ചുവരവ് രാജ്യത്തെ സാമ്പത്തിക അന്തരീക്ഷം മാറുന്നുവെന്നതിന്റെ സൂചനയാണ്. മറ്റ് ആഗോള വിപണികളേക്കാള്‍ വളര്‍ച്ച ഇന്ത്യന്‍ വിപണി നല്കുന്നുവെന്നത് കൂടുതല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങളെ വരുംദിവസങ്ങളില്‍ ആകര്‍ഷിക്കും.
മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് സൂചിക യഥാക്രമം 0.78, 0.04 ശതമാനം വീതം താഴ്ന്നു. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (1.39), ഹെല്‍ത്ത്‌കെയര്‍ (0.61) സെക്ടറുകളിലും ഇന്ന് തകര്‍ച്ച നേരിട്ടു. ക്രൂഡ്ഓയില്‍ വില കുറഞ്ഞതും എണ്ണക്കമ്പനികള്‍ ലാഭം മെച്ചപ്പെടുത്തിയതും ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികയെ മുന്നോട്ടു നയിച്ചു, 0.73 ശതമാനം നേട്ടം. മീഡിയ (0.49), ഐ.ടി (0.27) സൂചികകളും ഭേദപ്പെട്ട പ്രകടനം നടത്തി.
ഇന്നേറ്റവും നേട്ടമുണ്ടാക്കിയത് അദാനി പോര്‍ട്‌സ് ആന്‍ഡ് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ (Adani Ports and Special Economic Zone) ഓഹരികളാണ്. 4.37 ശതമാനം ഉയരാന്‍ കാരണം നാലാംപാദത്തിലെ ലാഭകണക്കുകള്‍ പുറത്തുവന്നതാണ്. ഇതിനൊപ്പം വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചതും ഓഹരിക്ക് ഉണര്‍വേകി. മുന്‍വര്‍ഷം സമാനപാദത്തിലെ 2,025 കോടി രൂപയില്‍ നിന്ന് 3,023 കോടിയിലേക്ക് അദാനി പോര്‍ട്‌സ് നാലാംപാദ ലാഭം ഉയര്‍ന്നു.
നാലാംപാദത്തിലെ ലാഭം വലിയ തോതില്‍ വര്‍ധിച്ചതാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഓഹരിക്കും തുണയായത്. ഇന്ന് 3.90 ശതമാനമാണ് ഐ.ഒ.സി ഓഹരി ഉയര്‍ന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ മികച്ച കുതിപ്പ് നടത്തിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് ഇന്ന് ശോഭിക്കാനായില്ല. 3.87 ശതമാനം താഴ്ച്ചയിലാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്നും സമ്മിശ്ര പ്രകടനമാണ് കേരള ഓഹരികളില്‍ നിന്നുണ്ടായത്. കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 0.74 ശതമാനം ഉയര്‍ന്നു. കെ.എസ്.ഇ ഓഹരികള്‍ക്കാകട്ടെ 0.79 ശതമാനവും നേട്ടമുണ്ടായി. നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളില്‍ മണപ്പുറം ഫിനാന്‍സ് (0.02), മുത്തൂറ്റ് ഫിനാന്‍സ് (0.28), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (0.62) എന്നീ ഓഹരികളും നേട്ടമുണ്ടാക്കി. കേരളം ആസ്ഥാനമായുള്ള ബാങ്കിംഗ് ഓഹരികളും ഇന്ന് ഭേദപ്പെട്ട പ്രകടനം നടത്തി.
Read DhanamOnline in English
Subscribe to Dhanam Magazine