വിപണിയിലേക്ക് വീശാതെ സംഘര്‍ഷ കാറ്റ്, കുതിച്ചുകയറി സ്വിഗ്ഗി, കേരള ഓഹരികളില്‍ കരുത്തുകാട്ടി കല്യാണും വീഗാര്‍ഡും; വിപണിയില്‍ ഇന്ന് സംഭവിച്ചതെന്ത്?

ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ അഞ്ചുലക്ഷം കോടി രൂപയുടെ ഉയര്‍ച്ചയുണ്ടായി. ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 423 ലക്ഷം കോടിയില്‍ നിന്ന് 428 ലക്ഷം കോടി രൂപയായി ഉയര്‍ന്നു
stock market close
Published on

അതിര്‍ത്തി സംഘര്‍ഷം കനക്കുന്നതിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ മുന്നേറ്റം. ഓട്ടോ, ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചികകള്‍ കരുത്തായതും ഭേദപ്പെട്ട നാലാംപാദ ഫലങ്ങളും ഒപ്പം വിദേശ നിക്ഷേപകരുടെ വിശ്വാസം കാത്തുസൂക്ഷിക്കപ്പെടുന്നതും വിപണിക്ക് കരുത്തായി. ഇന്ന് സെന്‍സെക്‌സ് 294.85 പോയിന്റ് (0.37 ശതമാനം) ഉയര്‍ന്ന് 80,796.84ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 24,461.15 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ഉയര്‍ന്നത് 114.45 പോയിന്റ്.

ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ അഞ്ചുലക്ഷം കോടി രൂപയുടെ ഉയര്‍ച്ചയുണ്ടായി. ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 423 ലക്ഷം കോടിയില്‍ നിന്ന് 428 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

എച്ച്ഡിഎഫ്‌സി ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഐ.ടി.സി, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, അദാനി പോര്‍ട്‌സ് തുടങ്ങിയ ഓഹരികളുടെ മികച്ച പ്രകടനമാണ് ഇന്ന് വിപണിക്കു തുണയായത്.

ആഭ്യന്തര നിക്ഷേപകരുടെ അചഞ്ചലമായ വിശ്വാസവും വിദേശ നിക്ഷേപകരുടെ തിരിച്ചുവരവും വിപണിക്ക് പോസിറ്റീവ് ചിന്ത പകരുന്നുണ്ട്. ട്രംപ് തുറന്നുവിട്ട താരിഫ് യുദ്ധത്തിന് ശമനം കാണുന്നുവെന്ന സൂചനകളും വിപണിയെ സ്വാധീനിച്ചു. ക്രൂഡ്ഓയില്‍ വില ക്രമാതീതമായി കുറയുന്നതിനൊപ്പം ഇന്ത്യ-പാക് സംഘര്‍ഷത്തിന്റെ ഭാവി വരുംദിവസങ്ങളില്‍ വിപണിയില്‍ പ്രതിഫലിക്കും.

നേട്ടം കൊയ്തവര്‍
നേട്ടം കൊയ്തവര്‍

നേട്ടം കൊയ്ത് സ്വിഗ്ഗി, കൊട്ടക് ബാങ്കിന് തിരിച്ചടി

ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടം കൊയ്തത് ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരായ സ്വിഗ്ഗിയാണ്. 12.35 ശതമാനമാണ് സ്വിഗ്ഗി ഓഹരികള്‍ കുതിച്ചത്. 10 മിനിറ്റില്‍ ഭക്ഷണം വിതരണം ചെയ്യുന്ന ബോള്‍ട്ട് സേവനം 500 നഗരങ്ങളിലേക്ക് വര്‍ധിപ്പിച്ചെന്ന വാര്‍ത്തയാണ് നിക്ഷേപകരെ ആകര്‍ഷിച്ചത്.

അദാനി ടോട്ടല്‍ ഗ്യാസ് ഓഹരികളും ഇന്ന് കുതിപ്പിലായിരുന്നു. 11.20 ശതമാനമാണ് ഇന്ന് ഈ ഓഹരികളില്‍ വര്‍ധിച്ചത്. മോട്ടിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍സ് (8.59), അഡാനി എന്റര്‍പ്രൈസസ് (7.44), അഡാനി ഗ്രീന്‍ എനര്‍ജി (7.15) ഓഹരികളും ഇന്ന് കരുത്തുകാട്ടി.

കൊട്ടക് മഹീന്ദ്ര ബാങ്കാണ് ഇന്ന് വലിയ തിരിച്ചടി നേരിട്ട ഓഹരികളിലൊന്ന്. മുന്‍ വര്‍ഷം സമാനപാദത്തേക്കാള്‍ നാലാംപാദത്തില്‍ ലാഭമിടിഞ്ഞതാണ് ഈ ഓഹരിക്ക് തിരിച്ചടിയായത്. ലാഭത്തില്‍ 14 ശതമാനത്തിന്റെ ഇടിവ് കൊട്ടക് മഹീന്ദ്ര ബാങ്കിനെ 4.59 ശതമാനം താഴ്ത്തി. ജെ.എസ്.ഡബ്ല്യു സ്റ്റീല്‍ (1.85), ഗോദറേജ് പ്രോപ്പര്‍ട്ടീസ് (1.52), ഒ.എന്‍.ജി.സി (1.45) എന്നീ ഓഹരികള്‍ക്കും കിതപ്പായിരുന്നു ഇന്ന്.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കേരള ഓഹരികള്‍ കരുത്തുകാട്ടിയോ?

കേരള ഓഹരികള്‍ക്ക് ഇന്ന് ഭേദപ്പെട്ട ദിനമായിരുന്നു. കല്യാണ്‍ ജുവലേഴ്‌സ്, വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ ഇന്ന് വലിയ കുതിപ്പ് നടത്തി. കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ 4.02 ശതമാനം ഉയര്‍ന്നു. വീഗാര്‍ഡ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ ഉയര്‍ന്നത് 4.28 ശതമാനമാണ്. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (0.07), മണപ്പുറം ഫിനാന്‍സ് (0.37) ഓഹരികള്‍ക്ക് പക്ഷേ ശോഭിക്കാനായില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com