
ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം നേരിട്ടുള്ള യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന സൂചനകള്‍ക്കിടയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപകരുടെ കൂട്ട വിറ്റഴിക്കല്‍. രാവിലെ നേട്ടത്തോടെ തുടങ്ങി സമ്മിശ്രമായി മുന്നേറിയ വ്യാപാരം ഉച്ചയ്ക്കുശേഷമാണ് സമ്മര്‍ദ്ദത്തിലേക്ക് വീണത്. വ്യാപാരം അവസാനിക്കുന്ന മണിക്കൂറില്‍ വലിയ ഇടിവാണ് നേരിട്ടത്.
ഇന്ന് സെന്‍സെക്‌സ് 411.97 പോയിന്റ് (0.51 ശതമാനം) ഇടിഞ്ഞ് 80,334.81ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റിയുടെ വീഴ്ച്ച 140.60 പോയിന്റാണ്. 0.58 ശതമാനം താഴ്ന്ന് 24.273.80 പോയിന്റിലാണ് വ്യാപാരം ക്ലോസ് ചെയ്തത്. നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് 6 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 423 ലക്ഷം കോടി രൂപയില്‍ നിന്ന് 417 കോടി രൂപയിലേക്ക് വീണു.
വലിയ ഇടിവില്ലാതെ ഇന്നത്തെ വ്യാപാരം അവസാനിച്ചേക്കുമെന്ന് തോന്നിച്ച സമയത്താണ് പാക്കിസ്ഥാനിലെ തന്ത്രപ്രധാന സൈനിക കേന്ദ്രങ്ങളില്‍ ഇന്ത്യ ഡ്രോണ്‍ ആക്രമണം നടത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്.
തൊട്ടുപിന്നാലെ ഇന്ത്യയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ നടത്തിയ ആക്രമണം മിസൈല്‍ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തുവെന്ന വിവരവും പുറത്തുവന്നു. സംഘര്‍ഷം നേരിട്ടുള്ള യുദ്ധത്തിലേക്ക് എത്തുമെന്ന നിഗമനമാണ് നിക്ഷേപകരുടെ ആശങ്കയ്ക്കും വിപണിയുടെ ഇടിവിനും കാരണമായത്.
ഐ.ടി, മീഡിയ ഒഴികെയുള്ള സൂചികകളെല്ലാം ചുവപ്പണിയുന്നതിനും അവസാന മണിക്കൂര്‍ സാക്ഷ്യം വഹിച്ചു. മെറ്റല്‍ (2.09), ഹെല്‍ത്ത്‌കെയര്‍ (1.95), റിയാലിറ്റി (2.47), ഓയില്‍ ആന്‍ഡ് ഗ്യാസ് (1.44) സൂചികകള്‍ കനത്ത ഇടിവ് രേഖപ്പെടുത്തി. ഓട്ടോ സൂചികയും വലിയ പരിക്ക് നേരിടേണ്ടിവന്നു.
ഐ.ടി രംഗത്തെ മുന്‍നിര കമ്പനികളിലൊന്നായ കോഫോര്‍ജ് (Coforge) ഓഹരികളാണ് ഇന്ന് നേട്ടമുണ്ടാക്കിയവരില്‍ മുന്നില്‍. മുന്‍വര്‍ഷം സമാനപാദത്തിലെ 229 കോടി രൂപയില്‍ നിന്ന് ലാഭം 307 കോടി രൂപയായി ഉയര്‍ത്താനായതാണ് ഗുണം ചെയ്തത്. 1.17 ശതമാനമാണ് ഓഹരികളില്‍ ഉണര്‍വുണ്ടായത്. വിശാല്‍ മെഗാമാര്‍ട്ട് (0.77), ആക്‌സിസ് ബാങ്ക് (0.75), മോട്ടിലാല്‍ ഒസ്‌വാള്‍
ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.73) ശതമാനവും ഉയര്‍ന്നു.
യു.പി.എല്‍ ലിമിറ്റഡ് (UPL) ഓഹരികളാണ് ഇന്ന് കൂടുതല്‍ ഇടിവ് രേഖപ്പെടുത്തിയത്. 6.10 ശതമാനമാണ് വീഴ്ച്ച. ടോറന്റ് പവര്‍ (5.59), ജൂബിലന്റ് ഫുഡ്‌വര്‍ക്‌സ് (5.47) ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് (5.12) ഓഹരികളും ഇന്ന് വലിയ ഇടിവിലാണ് കലാശിച്ചത്.
വിപണിയുടെ സമ്മര്‍ദം കേരള കമ്പനികളുടെ പ്രകടനത്തിലും നിഴലിച്ചു. മുന്‍വര്‍ഷത്തെ സമാനപാദത്തേക്കാള്‍ ലാഭത്തില്‍ 36 ശതമാനം വര്‍ധന രേഖപ്പെടുത്തിയെങ്കിലും കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ 2.71 ശതമാനം ഇടിഞ്ഞു. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് (1.34) ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ (0.76) ഓഹരികളും ഇന്ന് സമ്മര്‍ദ്ദത്തെ നേരിട്ടു.
Read DhanamOnline in English
Subscribe to Dhanam Magazine