വിപണിയില്‍ കരടി ആക്രമണം! തകര്‍ച്ചക്ക് കാരണം യുദ്ധഭീഷണി മാത്രമല്ല, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് തലപ്പൊക്കം

ഇന്ത്യ-പാക് സംഘര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മോശമായെന്നാണ് വിപണിയുടെ വിലയിരുത്തല്‍
stock market charts
Canva, NSE, BSE, Google
Published on

യുദ്ധഭീതിക്കിടയില്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടക്കച്ചവടം. വെള്ളിയാഴ്ച നഷ്ടത്തില്‍ വ്യാപാരം തുടങ്ങിയപ്പോള്‍ തന്നെ വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം (Selling Pressure) പ്രകടമായിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷം പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ മോശമായി, നെഗറ്റീവ് ആഗോള സാമ്പത്തിക സൂചനകള്‍, അമേരിക്കന്‍ ഡോളര്‍ വിനിമയ നിരക്ക് കൂടി, ക്രൂഡ് ഓയില്‍ വില വര്‍ധിച്ചു, ഇന്ത്യ-യു.എസ് വ്യാപാര തര്‍ക്കം എങ്ങുമെത്തിയില്ല തുടങ്ങിയ കാരണങ്ങളാണ് വിപണി നഷ്ടത്തിന് കാരണമായത്. നിഫ്റ്റി 24,000 പോയിന്റിന് താഴെ പോകാത്തതിനാല്‍ ഇപ്പോഴത്തേത് വലിയ തിരിച്ചടിയാണെന്ന് പറയാന്‍ കഴിയില്ലെന്നും വിദഗ്ധര്‍ പറയുന്നു.

മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 880.34 പോയിന്റുകള്‍ (1.10 ശതമാനം) ഇടിഞ്ഞ് 79,454.47 എന്ന നിലയിലാണ് വ്യാപാരം നിര്‍ത്തിയത്. നിക്ഷേപകര്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി. നിഫ്റ്റിയാകട്ടെ 265.80 (1.10 ശതമാനം) ഇടിഞ്ഞ് വ്യാപാരാന്ത്യം 24,008 എന്ന നിലയിലെത്തി. നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.01 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.61 ശതമാനവും നഷ്ടത്തിലായിരുന്നു.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി മീഡിയ, പി.എസ്.യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒഴിച്ചുള്ളതെല്ലാം ചുവപ്പിലായി. കൂട്ടത്തില്‍ 1.59 ശതമാനം ഉയര്‍ന്ന പി.എസ്.യു ബാങ്ക് സൂചികയാണ് താരം. കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് നിഫ്റ്റി റിയല്‍റ്റി സൂചികയിലാണ്.

നിക്ഷേപകര്‍ക്ക് ആശങ്ക വേണ്ട

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഉടലെടുത്ത ഇന്ത്യാ-പാക് സംഘര്‍ഷം വ്യാഴാഴ്ച്ച ഉച്ചയോടെ വിപണിയുടെ പ്രതീക്ഷകള്‍ തെറ്റിച്ച് മുന്നോട്ടുപോയി. ഇരുരാജ്യങ്ങളും യുദ്ധത്തിലേക്ക് പോകുന്ന പ്രതീതിയും നിക്ഷേപകര്‍ക്കുണ്ട്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് മാതൃകയില്‍ ആക്രമണം നടക്കുമെന്നായിരുന്നു വിപണി കരുതിയിരുന്നത്. വിപണിയില്‍ 5-10 ശതമാനം വരെ ഇടിവുണ്ടാകാനുള്ള സാധ്യതയും ചില നിരീക്ഷകര്‍ കാണുന്നുണ്ട്. എന്നാല്‍ സംഘര്‍ഷങ്ങളില്‍ ഇടിഞ്ഞ വിപണി തൊട്ടുടനെ വലിയ ഉയരങ്ങളിലെത്തിയ മുന്‍കാല ചരിത്രമുള്ളതിനാല്‍ നിക്ഷേപകര്‍ ഭയക്കേണ്ടതില്ലെന്നും വിദഗ്ധര്‍ പറയുന്നു.

modi, trump
Image courtesy: x.com/narendramodi

പാതിയില്‍ നിലച്ച് ഇന്ത്യ-യു.എസ് ചര്‍ച്ച

ഇന്ത്യയും യു.എസും തമ്മിലുള്ള വ്യാപാര കരാറില്‍ പുരോഗതിയില്ലാത്തതും വിപണിയെ അലട്ടുന്നുണ്ട്. വലിയ പ്രഖ്യാപനമുണ്ടാകുമെന്ന് ഇരുരാജ്യങ്ങളും പറഞ്ഞെങ്കിലും ഇതുവരെയും ഒന്നുമായില്ല. താരിഫ് ഭീഷണി ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് റിസ്‌കെടുക്കാന്‍ നിക്ഷേപകര്‍ തയ്യാറല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതിനിടയില്‍ അമേരിക്കന്‍ ഡോളറിന്റെ വിനിമയ നിരക്ക്‌ ഉയര്‍ന്നതോടെ കുറച്ച് നിക്ഷേപകര്‍ കളംമാറ്റിയതും തിരിച്ചടിയായി. ക്രൂഡ് ഓയില്‍ വില തിരിച്ചുകയറിയതും നിക്ഷേപകരുടെ മനം മാറ്റി. ആഗോള സാമ്പത്തിക സൂചനകളും ഇന്ന് പോസിറ്റീവായിരുന്നില്ല. ചില ഏഷ്യന്‍ വിപണികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ഇതും ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍.

ലാഭവും നഷ്ടവും

ജാപ്പനീസ് കമ്പനിയായ സുമിടോമോ മിറ്റ്‌സുയ് ബാങ്കിംഗ് കോര്‍പറേഷന്‍ (എസ്.എം.ബി.സി) ഏറ്റെടുക്കുമെന്ന വാര്‍ത്തകളെ തുടര്‍ന്ന് കുതിച്ചുയര്‍ന്ന യെസ് ബാങ്ക് ഓഹരികളാണ് ഇനത്തെ ലാഭക്കണക്കില്‍ മുന്നിലെത്തിയത്. മികച്ച നാലാം പാദ ഫലങ്ങളെ തുടര്‍ന്ന് യൂണിയന്‍ ബാങ്ക് ഓഹരികള്‍ക്കും ഇന്ന് മികച്ച പ്രതികരമാണ് വിപണിയില്‍ ലഭിച്ചത്. പ്രതിരോധ ഓഹരികള്‍ കുതിച്ചതോടെ ഭാരത് ഡൈനാമിക്‌സും മികച്ച നേട്ടമുണ്ടാക്കി. മികച്ച നാലാം പാദ ഫലങ്ങള്‍ ഭാരത് ഫോര്‍ജ്, ടൈറ്റന്‍ കമ്പനി എന്നിവരെയും നേട്ടപ്പട്ടികയില്‍ മുന്നിലെത്തിച്ചു.

പാക്കിസ്ഥാന്‍ നടത്തിയ ഡ്രോണ്‍ ആക്രമണമാണ് ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനിയുടെ ഓഹരിവില ഇടിച്ചത്. മാക്രോടെക് ഡവലപ്പേഴ്‌സ്, അപ്പോളോ ടയേഴ്‌സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഫിനാന്‍സ് എന്നീ ഓഹരികള്‍ ഇന്ന് കൂടുതല്‍ നഷ്ടം നേരിട്ടു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന് തലപ്പൊക്കം

401 കോടി രൂപയുടെ മൊത്ത നഷ്ടമുണ്ടായെന്ന നാലാം പാദ ഫല റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് മുത്തൂറ്റ് മൈക്രോഫിന്‍ ഓഹരികള്‍ കനത്ത നഷ്ടം നേരിട്ടു. 12.01 ശതമാനമാണ് ഇടിഞ്ഞത്. ഓഹരിയൊന്നിന് 128.69 രൂപ എന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അപ്പോളോ ടയേഴ്‌സ്, എ.വി.റ്റി നാചുറല്‍ പ്രോഡക്ട്‌സ്, പോപ്പുലര്‍ വെഹിക്കിള്‍ ആന്‍ഡ് സര്‍വീസസ് ലിമിറ്റഡ്, ടി.സി.എം, ടോളിന്‍സ് ടയേഴ്‌സ്, വണ്ടര്‍ല ഹോളിഡേയ്‌സ് എന്നീ കമ്പനികളുടെ ഓഹരികളും രണ്ട് ശതമാനത്തിലേറെ നഷ്ടം നേരിട്ടു.

കേരള കമ്പനികളില്‍ മികച്ച നേട്ടമുണ്ടാക്കിയത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡാണ്. 3.09 ശതമാനമാണ് ഓഹരികള്‍ ഉയര്‍ന്നത്. പ്രതിരോധ മേഖലയിലെ കമ്പനികള്‍ക്കെല്ലാം ഇന്ന് മികച്ച ദിവസമായിരുന്നു. സെല്ല സ്‌പേസ്, ധനലക്ഷ്മി ബാങ്ക്, കല്യാണ്‍ ജുവലേഴ്‌സ്, പാറ്റ്‌സ്പിന്‍ ഇന്ത്യ, റബ്ഫില ഇന്റര്‍നാഷണല്‍, വെസ്റ്റേണ്‍ ഇന്ത്യ തുടങ്ങിയ കമ്പനികളും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

Indian stock market closed sharply lower on May 9, 2025, as Sensex and Nifty fell over 1% amid rising Indo-Pak tensions, while defence stocks surged.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com