ലാഭമെടുപ്പില്‍ വിപണിക്ക് രണ്ടാംദിനവും താഴ്ച, കേരള ഓഹരികളില്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സിന് തിളക്കം; വിപണിയില്‍ ഇന്ന് സംഭവിച്ചതെന്ത്?

ബംഗ്ലാദേശില്‍ നിന്നുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളെ അഞ്ചുശതമാനത്തോളം ഉയര്‍ത്തി
stock market closing analysis
Published on

അതിവേഗ കുതിപ്പിന് ഊര്‍ജം പകരുന്ന വാര്‍ത്തകളൊന്നും പുറത്തുവരാത്തതും നിക്ഷേപകര്‍ ലാഭമെടുപ്പിലേക്ക് തിരിഞ്ഞതും ഇന്ന് വിപണിക്ക് നിരാശ പകര്‍ന്നു. തുടര്‍ച്ചയായ രണ്ടാം സെഷനിലാണ് നഷ്ടത്തില്‍ വിപണി വ്യാപാരം അവസാനിപ്പിക്കുന്നത്. ഇന്ന് സെന്‍സെക്‌സ് 271 പോയിന്റ് താഴ്ന്ന് 82,059.42ല്‍ ക്ലോസ് ചെയ്തു. 0.33 ശതമാനത്തിന്റെ ഇടിവ്. നിഫ്റ്റിയാകട്ടെ 75 പോയിന്റാണ് ഇടിഞ്ഞത്. 0.30 ശതമാനം കുറവോടെ 24,944.45ത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.

യു.എസിന്റെ ക്രെഡിറ്റ് റേറ്റിംഗ് മൂഡീസ് താഴ്ത്തിയതിന്റെ പ്രതിഫലനവും ഇന്ന് വിപണിയെ സ്വാധീനിച്ചു. ആഗോള വിപണികളെല്ലാം ഇന്ന് ദുര്‍ബലാവസ്ഥയിലായിരുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ മാര്‍ക്കറ്റിലും ദൃശ്യമായിരുന്നു. ജപ്പാന്‍, ദക്ഷിണകൊറിയ, ചൈന, ഹോങ്കോംഗ് തുടങ്ങിയ ഏഷ്യന്‍ വിപണികളെല്ലാം ഇന്ന് നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

സൂചികകളുടെ പ്രകടനം

മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് ഓഹരികള്‍ നേട്ടം കൊയ്തപ്പോള്‍ എഫ്.എം.സി.ജി (0.19), ഐ.ടി (1.30), മീഡിയ (0.59) സൂചികകള്‍ തിരിച്ചടി നേരിട്ടു. ഓയില്‍ ആന്‍ഡ് ഗ്യാസ് (0.36), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (0.03) മേഖലയ്ക്കും ശോഭിക്കാനായില്ല. പൊതുമേഖല ബാങ്ക് (1.46), റിയാല്‍റ്റി (2.26), ഓട്ടോ (0.42) സെക്ടറുകള്‍ക്ക് ഇന്ന് വലിയ നേട്ടമുണ്ടായി.

ഇന്ന് നേട്ടം കൊയ്തവര്‍
ഇന്ന് നേട്ടം കൊയ്തവര്‍

റെയില്‍ വികാസ് നിഗം മുന്നില്‍

കഴിഞ്ഞ ദിവസങ്ങളിലെ കുതിപ്പ് റെയില്‍ വികാസ് നിഗം ഓഹരി ഇന്നും തുടര്‍ന്നു. 5.42 ശതമാനം കുതിപ്പിലാണ് ആര്‍.വി.എന്‍.എല്‍ ഓഹരികള്‍ ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ആന്ധ്രപ്രദേശില്‍ പുതിയ സബ്‌സിഡിയറി കമ്പനി സ്ഥാപിച്ച വിവരം കമ്പനി പുറത്തുവിട്ടതാണ് കുതിപ്പിന് കാരണം. സബ്ബവരം ഷീലനഗര്‍ റോഡ് ഡെവലപ്‌മെന്റ് ലിമിറ്റഡ് എന്ന പേരിലുള്ള കമ്പനിയുടെ മുഴുവന്‍ ഓഹരികളും റെയില്‍ വികാസ് നിഗത്തില്‍ കേന്ദ്രീകൃതമാണ്.

ബജാജ് ഹോള്‍ഡിംഗ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി ഓഹരികള്‍ ഇന്ന് 4.87 ശതമാനം ഉയര്‍ന്നു. സുപ്രീം ഇന്‍ഡസ്ട്രീസ് ഓഹരികളും ഇന്ന് 4.70 ശതമാനം നേട്ടം കൊയ്തു.

കമ്പനി അടച്ചുപൂട്ടേണ്ട സാഹചര്യമാണെന്ന പ്രമോട്ടര്‍മാരുടെ തുറന്നുപറച്ചില്‍ വൊഡാഫോണ്‍ ഐഡിയ ഓഹരികളെ സമ്മര്‍ദത്തിലാക്കി. പോളിസി ബസാര്‍ ഡോട്ട്‌കോമിന്റെ മാതൃകമ്പനിയായ പി.ബി ഫിന്‍ടെക് ഓഹരികള്‍ ഇന്ന് 3.48 ശതമാനമാണ് താഴ്ന്നത്. പ്രീമിയര്‍ എന്‍ജിനിയേഴ്‌സ് (3.21), എല്‍.ഐ.സി ഹൗസിംഗ് ഫിനാന്‍സ് (3.19) ഓഹരികളും ഇന്ന് തിരിച്ചടി നേരിട്ടു.

കേരള ഓഹരികളുടെ പ്രകടനം

ബംഗ്ലാദേശില്‍ നിന്നുള്ള റെഡിമെയ്ഡ് വസ്ത്രങ്ങള്‍ക്ക് ഇന്ത്യയില്‍ ഇറക്കുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികളെ അഞ്ചുശതമാനത്തോളം ഉയര്‍ത്തി. പ്രതിവര്‍ഷ വസ്ത്ര ഇറക്കുമതി മാത്രം 5,250 കോടി രൂപയുടേതാണ്. മറ്റ് വസ്ത്ര നിര്‍മാണ കമ്പനികളുടെ ഓഹരികള്‍ക്കൊപ്പം കിറ്റെക്‌സിനും നേട്ടം പകരുന്നതാണ് കേന്ദ്ര തീരുമാനം.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കഴിഞ്ഞ ദിവസം വമ്പന്‍ മുന്നേറ്റം നടത്തിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ക്ക് ഇന്ന് ശോഭിക്കാനായില്ല. 2.63 ശതമാനം താഴ്ച്ചയിലാണ് ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. മണപ്പുറം ഫിനാന്‍സ് (0.25), മുത്തൂറ്റ് ഫിനാന്‍സ് (0.90) ഓഹരികളും ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com