വിപണിക്ക് ഉഷാറില്ല! ഇന്നലത്തെ പ്രകടനം ആവര്‍ത്തിക്കാതെ ക്ലോസിംഗ്, കരുത്തുകാട്ടി മുത്തൂറ്റ് ഫിനാന്‍സ്; ഓഹരി വിപണിയില്‍ ഇന്നെന്ത് സംഭവിച്ചു?

കയറ്റിറക്കങ്ങള്‍ കണ്ട മെയ് മാസത്തില്‍ അവസാന വ്യാപാരദിനവും സമ്മിശ്രമായിരുന്നു. താഴ്ന്നു തുടങ്ങി പിന്നീട് കയറി ഒടുവില്‍ വീണ്ടും താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്
market close
Published on

മഴയുടെ വരവ് വേഗത്തിലാക്കാന്‍ ന്യൂനമര്‍ദത്തിന് കഴിയുംപോലെ വിപണിയില്‍ നിക്ഷേപകര്‍ക്ക് ആവേശം വിതറാന്‍ ഇന്നൊന്നും സംഭവിച്ചില്ല. ഫലമോ, ഇന്നലത്തെ ആവേശം നിലനിര്‍ത്താതെ ഇന്ത്യന്‍ ഓഹരി വിപണി വാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് ഇന്ന് 182.02 പോയിന്റ് (0.22) താഴ്ന്ന് 81,451.01ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 82.90 പോയിന്റാണ് ഇടിഞ്ഞത്. 0.33 ശതമാനം താഴ്ച്ചയോടെ 24,750.70 പോയിന്റാണ് നിഫ്റ്റിയുടെ വാരാന്ത്യ ക്ലോസിംഗ്.

കയറ്റിറക്കങ്ങള്‍ കണ്ട മെയ് മാസത്തില്‍ അവസാന വ്യാപാരദിനവും സമ്മിശ്രമായിരുന്നു. താഴ്ന്നു തുടങ്ങി പിന്നീട് കയറി ഒടുവില്‍ വീണ്ടും താഴ്ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ഈ മാസം നേട്ടത്തില്‍ അവസാനിച്ച ദിനങ്ങളിലെല്ലാം വിപണിയെ പ്രചോദിപ്പിക്കുന്ന വാര്‍ത്തകളോ സംഭവങ്ങളോ നടന്നിരുന്നു. എന്നാല്‍ ഇന്ന് വിപണിക്ക് പോസിറ്റീവായ കാര്യങ്ങളൊന്നും സംഭവിക്കാത്തത് നഷ്ടത്തിന് വഴിയൊരുക്കി.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

മെറ്റല്‍സ്, ഐടി, ഓട്ടോ സെക്ടറുകളുടെ മങ്ങിയ പ്രകടനവും ഇന്ന് നിരാശയ്ക്ക് വഴിയൊരുക്കി. ബാങ്കിംഗ്, ബാങ്കിതര ഓഹരികളുടെ പിടിച്ചുനില്‍പ്പാണ് വലിയ പരിക്കില്ലാതെ മാസം അവസാനിപ്പിക്കാന്‍ വിപണിയെ സഹായിച്ചത്. ഇന്ത്യയുടെ ജിഡിപി നാലാംപാദത്തില്‍ 7.4 ആണെന്ന ഡേറ്റ പുറത്തുവന്നത് തിങ്കളാഴ്ച്ച വിപണിക്ക് ഉണര്‍വേകിയേക്കും.

ഇന്ന് ഏറ്റവും തിരിച്ചടി നേരിട്ട സൂചികകളിലൊന്ന് മെറ്റലാണ്. 1.69 ശതമാനം ഇടിവ്. ഐടി (1.15), ഹെല്‍ത്ത്‌കെയര്‍ (0.71) സെക്ടറുകളിലും തിരിച്ചടി ഉണ്ടായി.

ഇന്ന് നേട്ടം കൊയ്ത ഓഹരികള്‍
ഇന്ന് നേട്ടം കൊയ്ത ഓഹരികള്‍

നേട്ടത്തില്‍ സുസ്‌ലോണ്‍, തിളങ്ങാതെ മസഗോണ്‍

നാലാംപാദത്തില്‍ ലാഭത്തില്‍ നാലുമടങ്ങ് വര്‍ധന രേഖപ്പെടുത്താനായത് സുസ്‌ലോണ്‍ എനര്‍ജി (Suzlon Energy Ltd) ഓഹരികളെ 9.06 ശതമാനം ഉയര്‍ത്തി. മാര്‍ച്ച് 31ന് അവസാനിച്ച പാദത്തില്‍ വരുമാനം 3,790 കോടിയായും ലാഭം 1,181 കോടി രൂപയായും ഉയര്‍ന്നു.

ഇന്ന് കുതിപ്പ് നടത്തിയ മറ്റൊരു ഓഹരി ബിഎസ്ഇയുടേതാണ്. 8.30 ശതമാനം നേട്ടത്തോടെയാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. കേരളം ആസ്ഥാനമായുള്ള മുത്തൂറ്റ് ഫിനാന്‍സ് ഇന്ന് 6.72 ശതമാനം കയറി.

റിസര്‍വ് ബാങ്കിന്റെ കര്‍ശന നയങ്ങള്‍ ചെറുകിട സ്വര്‍ണപണയ സ്ഥാപനങ്ങളെ ബാധിക്കുന്ന തരത്തിലാകരുതെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിര്‍ദ്ദേശമാണ് മുത്തൂറ്റിനെ സഹായിച്ചത്. ബാങ്ക് ഓഫ് മഹാരാഷ്ട്ര (5.88), സൊമാറ്റോയുടെ മാതൃകമ്പനിയായ എറ്റേര്‍ണല്‍ ലിമിറ്റഡ് (Eternal Ltd) ഓഹരികളും നേട്ടമുണ്ടാക്കി.

ഇന്ന് നഷ്ടം നേരിട്ടവര്‍
ഇന്ന് നഷ്ടം നേരിട്ടവര്‍

മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡിംഗ് (7.36), ഒല ഇലക്ട്രിക് മൊബിലിറ്റി (4.49) പതഞ്ജലി ഫുഡ്‌സ് (4.33), ഓയില്‍ ഇന്ത്യ (3.88) ഓഹരികള്‍ ഇന്ന് കൂടുതല്‍ നഷ്ടമുണ്ടാക്കി.

കേരള ഓഹരികളുടെ പ്രകടനം
കേരള ഓഹരികളുടെ പ്രകടനം

കേരള കമ്പനികളുടെ പ്രകടനം

മുത്തൂറ്റ് ഫിനാന്‍സിനെ കൂടാതെ ഇന്ന് നേട്ടം കൊയ്ത കമ്പനികളിലൊന്ന് നീറ്റ ജെലാറ്റിനാണ്. മുന്നു ശതമാനം ഉയര്‍ന്നാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. മറ്റൊരു ബാങ്കിതര ധനകാര്യ സ്ഥാപനമായ മണപ്പുറം ഫിനാന്‍സ് 2.53 ശതമാനം ഉയര്‍ന്നു. കല്യാണ്‍ ജുവലേഴ്‌സ് (0.96), ഫാക്ട് (3.34) ഓഹരികളും ഇന്ന് തിരിച്ചടി നേരിട്ടു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com