

വിപണിയെ മുന്നോട്ടു നയിക്കുന്ന കാര്യങ്ങളൊന്നും ഇന്ന് സംഭവിച്ചില്ല. ഫലമോ സെന്‍സെക്‌സില്‍ ഇടിവ് 519 പോയിന്റ്. നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ശ്രദ്ധിച്ചതും ആഗോള തലത്തില്‍ അനുകൂല വാര്‍ത്തകളൊന്നും വരാത്തതും വിപണിക്ക് തിരിച്ചടിയായി. ഇന്ന് സെന്‍സെക്‌സ് 0.62 ശതമാനം ഇടിഞ്ഞ് 83,459.15ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 165.70 പോയിന്റ് താഴ്ന്ന് 25,597.65ല്‍ വ്യാപാരം അവസാനിപ്പിച്ചു.
നിക്ഷേപകരുടെ സമ്പത്തില്‍ ഇന്ന് 2 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 472.5 ലക്ഷം കോടി രൂപയില്‍ നിന്ന് 470 ലക്ഷം കോടിയായി താഴ്ന്നു. ഗുരുനാനാക്ക് ജയന്തി മൂലം നാളെ വിപണിക്ക് അവധിയാണ്.
അമേരിക്കന്‍ മാര്‍ക്കറ്റില്‍ ഏതുനിമിഷവും തകര്‍ച്ചയുണ്ടാകുമെന്ന ആശങ്കകള്‍ വര്‍ധിക്കുന്നത് ആഗോള വിപണികളെയും ഇന്ന് തകര്‍ച്ചയിലേക്ക് നയിച്ചു. ഇതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ വിപണിയിലും സംഭവിച്ചത്. എ.ഐയിലെ അമിത നിക്ഷേപം യുഎസിലെ വന്‍കിട ടെക് ഓഹരികളെ തകര്‍ത്തു കളയുമെന്ന ഭയം ദൃശ്യമാണ്.
യുഎസിലെ ടെക് ഭയം ഇന്ത്യന്‍ വിപണിയിലേക്കും ഇന്ന് സന്നിവേശിച്ചു. ഐടി സൂചിക ഇന്ന് 1.06 ശതമാനമാണ് താഴ്ന്നത്. കൂടുതല്‍ തിരിച്ചടി നേരിട്ട സെക്ടറുകളിലൊന്നും ഐടിയായിരുന്നു. മെറ്റല്‍ (1.44), പ്രൈവറ്റ് ബാങ്ക് (0.68) സൂചികകളും ഇന്ന് വലിയ തകര്‍ച്ച നേരിട്ടു. 0.39 ശതമാനം നേട്ടം കൊയ്ത കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നഷ്ടത്തിലായി.
മിഡ്ക്യാപ് (0.42), സ്‌മോള്‍ക്യാപ് (0.82), ഓട്ടോ (0.86), എഫ്എംസിജി (0.60) സൂചികകളിലും വില്പന സമ്മര്‍ദം ദൃശ്യമായിരുന്നു.
ഹിറ്റാച്ചി എനര്‍ജി ഇന്ത്യ ലിമിറ്റഡ് ഓഹരികളാണ് ഇന്ന് ഏറ്റവും നേട്ടം ഉണ്ടാക്കിയത്. രണ്ടാംപാദത്തില്‍ വരുമാനത്തിലും ലാഭത്തിലും വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചതാണ് ഓഹരികളെ 13.52 ശതമാനം ഉയര്‍ത്താന്‍ വഴിയൊരുക്കിയത്. മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 23 ശതമാനം വര്‍ധനയുണ്ടാക്കാന്‍ കമ്പനിക്ക് സാധിച്ചു. വരുമാനം 1,554 കോടി രൂപയില്‍ നിന്ന് 1,833 കോടിയായി ഉയര്‍ന്നു. ലാഭത്തില്‍ 405 ശതമാനം വര്‍ധനയാണ് ഈ പാദത്തില്‍ രേഖപ്പെടുത്തിയത്.
ഡാബര്‍ ഇന്ത്യ ലിമിറ്റഡ് ഓഹരികള്‍ ഇന്ന് 2.62 ശതമാനം ഉയര്‍ന്നു. പാദഫലങ്ങള്‍ അനുകൂലമായതും ഭക്ഷ്യ, ആരോഗ്യ, ആയുര്‍വേദ ബിസിനസില്‍ പുതിയ നിക്ഷേപം പ്രഖ്യാപിച്ചതും ഈ ഓഹരികളെ മുന്നോട്ടു നയിച്ചു.
മാക്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (2.57), ഇന്‍ഡസ് ടവേഴ്‌സ് (2.50), സ്വിഗ്ഗി ലിമിറ്റഡ് (2.50) ഓഹരികളും ഇന്ന് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
സോളാര്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് ഓഹരികളാണ് ശതമാനക്കണക്കില്‍ കൂടുതല്‍ തിരിച്ചടി നേരിട്ടത്. 3.68 ശതമാനം താഴെയാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് (3.62), പവര്‍ഗ്രിഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് (3.19), എറ്റേര്‍ണല്‍ ലിമിറ്റഡ് (2.82) ഓഹരികളും തിരിച്ചടി നേരിട്ടു.
കേരള ഓഹരികളുടെ പ്രകടനം ഇന്ന് തീര്‍ത്തും നിരാശജനകമായിരുന്നു. ഒട്ടുമിക്ക ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിംഗ് ഓഹരികളില്‍ ധനലക്ഷ്മി ബാങ്ക് (0.98), ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (0.25), ഫെഡറല്‍ ബാങ്ക് (0.12), സൗത്ത് ഇന്ത്യന്‍ ബാങ്ക് (2.29) ഓഹരികള്‍ നഷ്ടത്തിലായി. അതേസമയം, സിഎസ്ബി ബാങ്ക് ഓഹരികള്‍ 2.07 ശതമാനം നേട്ടത്തിലായി.
മണപ്പുറം ഫിനാന്‍സും (0.58), മുത്തൂറ്റ് മൈക്രോഫിന്നും (1.14) നഷ്ടത്തിലായി. മുത്തൂറ്റ് ഫിനാന്‍സ് 0.01 ശതമാനം മാത്രം മുന്നേറി വ്യാപാരം അവസാനിപ്പിച്ചു. ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രതീക്ഷയില്‍ മുന്നേറിയിരുന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഇന്ന് 1.12 ശതമാനം ഉയര്‍ന്നു. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് നഷ്ടം 0.84 ശതമാനമാണ്.
Read DhanamOnline in English
Subscribe to Dhanam Magazine