ഡല്‍ഹി സ്‌ഫോടന പിറ്റേന്ന് ഓഹരി വിപണി പച്ച കത്തിയത് എങ്ങനെ? ബജാജ് ടവറുകള്‍ പക്ഷേ, വീഴ്ചയില്‍; കേരള കമ്പനികള്‍ക്കും പരിക്ക്‌

ഡല്‍ഹി ഭീകരാക്രമണത്തെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ ആദ്യ പകുതിയിൽ വ്യാപാരം നെഗറ്റീവ് ആയിരുന്നു
stock close
Published on

തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ച് വിപണി. വലിയ ചാഞ്ചാട്ടം നിറഞ്ഞ സെഷനാണ് വിപണി ചൊവ്വാഴ്ച സാക്ഷ്യം വഹിച്ചത്. ഡല്‍ഹി ഭീകരാക്രമണത്തെക്കുറിച്ച് നിക്ഷേപകർ ആശങ്കാകുലരായതിനാൽ ആദ്യ പകുതിയിൽ വ്യാപാരം നെഗറ്റീവ് ആയിരുന്നു. തുടര്‍ന്ന് ദിവസത്തെ താഴ്ന്ന നിലയില്‍ നിന്ന് 750 പോയിന്റോളം തിരിച്ചു കയറാന്‍ സെന്‍സെക്സിനായി. നിഫ്റ്റിക്കും 250 പോയിന്റോളം തിരിച്ചു കയറാനായി. ഉച്ചകഴിഞ്ഞുള്ള സെഷനിൽ ഓട്ടോ, മെറ്റൽ, ഐടി എന്നീ മേഖലകളിലെ മികച്ച വാങ്ങൽ മൂലം എല്ലാ ഇൻട്രാഡേ നഷ്ടങ്ങളും ഇല്ലാതാക്കി മുന്നേറാന്‍ വിപണിക്ക് സാധിച്ചു.

ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ ശുഭാപ്തിവിശ്വാസം, ഫെഡറൽ ഫണ്ടിംഗ് പുനഃസ്ഥാപിക്കുന്നതിനുള്ള ബിൽ യുഎസ് സെനറ്റ് പാസാക്കിയതോടെ യു.എസ് ഷട്ട്ഡൗണ്‍ അവസാനിപ്പിക്കുന്നതിന് വഴിയൊരുങ്ങിയത്, ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകൾ, ക്രൂഡ് ഓയിൽ വിലയിലെ ഇടിവ് തുടങ്ങിയ ഘടകങ്ങള്‍ വിപണിക്ക് കരുത്ത് പകര്‍ന്നു.

സെൻസെക്സ് 0.40 ശതമാനം (335.97 പോയിന്റ്) ഉയർന്ന് 83,871.32 ലും നിഫ്റ്റി 0.47 ശതമാനം (120.6 പോയിന്റ്) ഉയർന്ന് 25,694.95 ലും എത്തി.

ടെലികോം സൂചിക 1.5 ശതമാനം, ഐടി സൂചിക 1.2 ശതമാനം, ഓയിൽ ആൻഡ് ഗ്യാസ് സൂചിക 0.59 ശതമാനം, ഓട്ടോ സൂചിക 1.07 ശതമാനം, മെറ്റൽ സൂചിക 0.7 ശതമാനം എന്നിങ്ങനെ നേട്ടം രേഖപ്പെടുത്തി.

പി‌എസ്‌യു ബാങ്ക്, ഹെൽത്ത്കെയർ എന്നിവ യഥാക്രമം 0.3 ശതമാനവും 0.07 ശതമാനവും ഇടിഞ്ഞു.

മിഡ്ക്യാപ് 0.50 ശതമാനത്തിന്റെ നേട്ടവും സ്മോൾക്യാപ് സൂചിക 0.21 ശതമാനത്തിന്റെ നഷ്ടവും രേഖപ്പെടുത്തി.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

രണ്ടാം പാദത്തിൽ പ്രതീക്ഷിച്ചതിലും മികച്ച ഫലങ്ങൾ വോഡഫോൺ ഐഡിയ (Vi) പുറത്തുവിട്ടതിനെത്തുടർന്ന് ടെലികോം കമ്പനിയുടെ ഓഹരികൾ 7 ശതമാനത്തിലധികം ഉയർന്നു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ വോഡഫോൺ ഐഡിയ 5,524.2 കോടി രൂപയുടെ നഷ്ടം റിപ്പോർട്ട് ചെയ്തു. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ പാദത്തിൽ റിപ്പോർട്ട് ചെയ്ത 7,175.9 കോടി രൂപയുടെ നഷ്ടത്തേക്കാൾ കുറവാണിത്. ഉയർന്ന മാർജിൻ ഉള്ള 4G, 5G പ്ലാനുകളിലേക്ക് കൂടുതൽ ഉപയോക്താക്കൾ അപ്‌ഗ്രേഡ് ചെയ്തതാണ് കമ്പനിക്ക് സഹായകമായത്. ഓഹരി 10.19 രൂപയില്‍ ക്ലോസ് ചെയ്തു.

ഇന്റർഗ്ലോബ് ഏവിയേഷൻ (3.55 ശതമാനം വർധന), ബിഇഎൽ (2.39 ശതമാനം വർധന), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (2.22 ശതമാനം വർധന), ബജാജ് ഓട്ടോ, എച്ച്സിഎൽ ടെക്നോളജീസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍
നേട്ടത്തിലായവര്‍

രണ്ടാം പാദത്തിലെ ഫലങ്ങൾ വിപണി പ്രതീക്ഷകള്‍ക്ക് അടുത്താണെങ്കിലും, 2026 സാമ്പത്തിക വർഷത്തെ വളർച്ചാ മാർഗനിർദ്ദേശം കമ്പനി വെട്ടിക്കുറച്ചതിനെ തുടർന്ന് ബജാജ് ഫിനാൻസിന്റെ ഓഹരികൾ 6 ശതമാനത്തോളം ഇടിഞ്ഞു. ജൂലൈ-സെപ്റ്റംബർ പാദത്തിൽ ബജാജ് ഫിനാൻസിന്റെ ലാഭം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 22 ശതമാനം വർധിച്ച് 4,875 കോടി രൂപയായി. എന്നാല്‍ ചെറുകിട, ഇടത്തരം സംരംഭങ്ങളിലും ഭവന മേഖലകളിലും ആശാവഹമല്ലാത്ത പ്രവണതകൾ ഉള്ളതിനാൽ, 2026 സാമ്പത്തിക വർഷത്തിലെ എയുഎം വളർച്ചാ പ്രവചനം 22-23 ശതമാനമായി കമ്പനി കുറച്ചു. ഓഹരി 1,992 രൂപയിലാണ് ക്ലോസ് ചെയ്തത്.

ബജാജ് ഫിൻസെർവ് (5.92 ശതമാനം ഇടിവ്), ഒഎൻജിസി (0.60 ശതമാനം ഇടിവ്), ടിഎംപിവി, പവർ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍
നഷ്ടത്തിലായവര്‍

മികച്ച പ്രകടനവുമായി സ്റ്റെല്‍ ഹോള്‍ഡിംഗ്സ്

ഭൂരിഭാഗം കേരള കമ്പനികളും ഇന്ന് നഷ്ടത്തിലായിരുന്നു. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് 2.69 ശതമാനം നേട്ടത്തില്‍ 433 രൂപയിലെത്തി. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുള്ള ഉയര്‍ന്ന താരിഫ് കുറയ്ക്കുമെന്ന് യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പറഞ്ഞത് ടെക്സ്റ്റൈൽ ഓഹരികള്‍ക്ക് നേട്ടമായി. കിറ്റെക്സ് (2.45%), സ്കൂബി ഡേ (1.13%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

നാളെ രണ്ടാം പാദ ഫലങ്ങള്‍ പ്രഖ്യാപിക്കാനിരിക്കെ കൊച്ചിൻ ഷിപ്പ്‌യാർഡ് നേരിയ നേട്ടത്തില്‍ (0.11%) വ്യാപാരം അവസാനിപ്പിച്ചു. ഫാക്ട് ചൊവ്വാഴ്ച നഷ്ടത്തിലാണ് (0.84%) ക്ലോസ് ചെയ്തത്.

കെ.എസ്.ഇ 2.87 ശതമാനം നഷ്ടത്തില്‍ 259 രൂപയിലെത്തി. കേരള ആയുര്‍വേദ (-2.55%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (-1.41%), ഹാരിസണ്‍സ് മലയാളം (-2.02%) തുടങ്ങിയ ഓഹരികള്‍ക്കും ഇന്ന് മോശം ദിനമായിരുന്നു.

Stock market closing analysis November 11, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com