ഉയർച്ചക്കിടയിൽ ഒരു ഇടർച്ച, ലാഭമെടുപ്പിൽ ചുവന്ന് വിപണി; അതിനിടയിൽ ഫെഡറൽ ബാങ്കിന് റെക്കോഡ്

മിഡ്ക്യാപ് സൂചിക 0.59 ശതമാനവും സ്മോൾക്യാപ് സൂചിക 1.05 ശതമാനവും ഇടിഞ്ഞു
stock close
Published on

ആറ് ദിവസത്തെ നേട്ട പരമ്പരക്ക് വിരാമമിട്ട് വിപണി ഏഴാം നാള്‍ ചുവപ്പിലേക്ക് വീണു. ദുർബലമായ ആഗോള സൂചനകൾ, നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടത്, ഐടി, മെറ്റൽ ഓഹരികളില്‍ നടന്ന വൻ വിൽപ്പന, യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞത് തുടങ്ങിയവയാണ് വിപണി നഷ്ടത്തിലാകാനുളള കാരണങ്ങള്‍.

സെപ്റ്റംബറിലെ തൊഴിൽ റിപ്പോർട്ട് ഉൾപ്പെടെയുള്ള പ്രധാന സാമ്പത്തിക ഡാറ്റ ഈ ആഴ്ച വരാനിരിക്കെ യു.എസ് വിപണികള്‍ തിങ്കളാഴ്ച നഷ്ടത്തിലാണ് അവസാനിച്ചത്. ഏഷ്യൻ വിപണികളും കുത്തനെ താഴ്ന്നു. മെറ്റൽ, ഐടി ഓഹരികളില്‍ വലിയ ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി ഐടി 1.10 ശതമാനത്തോളം ഇടിഞ്ഞു. എംഫാസിസ് (-0.96%), കോഫോർജ് (-1.45%), ടെക് മഹീന്ദ്ര (-2.21%) എന്നിവ പ്രധാന നഷ്ടക്കാരിൽ ഉൾപ്പെടുന്നു.

സെൻസെക്സ് 0.33 ശതമാനം (277.93 പോയിന്റ്) ഇടിഞ്ഞ് 84,673.02 ലും നിഫ്റ്റി 0.40 ശതമാനം (103.40 പോയിന്റ്) ഇടിഞ്ഞ് 25,910.05 ലും വ്യാപാരം അവസാനിപ്പിച്ചു.

ഐടി, മെറ്റൽ, റിയൽറ്റി സൂചികകള്‍ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

മിഡ്ക്യാപ് സൂചിക 0.59 ശതമാനവും സ്മോൾക്യാപ് സൂചിക 1.05 ശതമാനവും ഇടിഞ്ഞു.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

ദേവയാനി ഇന്റർനാഷണലിന്റെയും സഫയർ ഫുഡ്‌സിന്റെയും ഓഹരികൾ വ്യാപാരത്തിൽ മുന്നേറ്റം രേഖപ്പെടുത്തി. ഇന്ത്യൻ റെയിൽവേ ഉടൻ തന്നെ പ്രീമിയം ബ്രാൻഡ് കാറ്ററിംഗ് ഔട്ട്‌ലെറ്റുകൾ റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തിക്കാൻ അനുവദിച്ചേക്കുമെന്ന സാഹചര്യത്തിലാണ് ഇത്. രണ്ട് കമ്പനികളും ഇന്ത്യയിൽ കെഎഫ്‌സി, പിസ്സ ഹട്ട് ഔട്ട്‌ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നു. സഫയർ ഫുഡ്‌സ് ഇന്ത്യയുടെ ഓഹരികൾ 5 ശതമാനത്തോളം ഉയർന്ന് 262 രൂപയിലും, ദേവയാനി ഇന്റർനാഷണൽ ഓഹരികൾ 4 ശതമാനം ഉയർന്ന് 148.50 രൂപയിലുമാണ് വ്യാപാരം നടത്തിയത്.

ഭാരതി എയർടെൽ, ആക്സിസ് ബാങ്ക്, പവർ ഗ്രിഡ് കോർപ്പറേഷൻ, ബജാജ് ഓട്ടോ, ഏഷ്യൻ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍
നേട്ടത്തിലായവര്‍

ഐ.ടി ഓഹരികള്‍ ഇന്ന് നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്. ഫെഡ് റിസര്‍വ് പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തലുകളും എ.ഐ ബബിളിനെക്കുറിച്ചുള്ള ആഗോള ആശങ്കകളും നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതും ഐ.ടി ഓഹരികള്‍ക്ക് തിരിച്ചടിയായി. എൽ‌ടി‌ഐ മൈൻഡ്ട്രീ (1.47%), ഇൻഫോസിസ് (1.38%) ഓഹരികൾ ഓരോ ശതമാനത്തിലധികം ഇടിഞ്ഞു. വിപ്രോ , എച്ച്‌സി‌എൽ‌ടെക്, ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), പെർസിസ്റ്റന്റ് സിസ്റ്റംസ് എന്നിവയുടെ ഓഹരികളും നഷ്ടത്തിലാണ് വ്യാപാരം നടത്തിയത്.

ടെക് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ, ജിയോ ഫിനാൻഷ്യൽ, ഇന്റർഗ്ലോബ് ഏവിയേഷൻ, ബജാജ് ഫിൻസെർവ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

നഷ്ടത്തിലായവര്‍
നഷ്ടത്തിലായവര്‍

സ്റ്റെല്‍ ഹോള്‍ഡിംഗ്സ് നേട്ടത്തില്‍

കേരള കമ്പനികളും ഇന്ന് ഭൂരിഭാഗവും നഷ്ടത്തിലായിരുന്നു. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് 3.77 ശതമാനം നേട്ടത്തില്‍ 472 രൂപയിലെത്തി. ഫെഡറൽ ബാങ്ക് 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 244.61 രൂപയിലെത്തി റെക്കോര്‍ഡ് രേഖപ്പെടുത്തി. അപ്പോളോ ടയേഴ്സ് (2.28%), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (1.08%) നിറ്റാ ജെലാറ്റിന്‍ (1.00%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 2.18 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആന്ധ്രാപ്രദേശില്‍ 2,500 കോടി രൂപക്ക് അക്വാകള്‍ച്ചര്‍ ടെക്നോളജി പാര്‍ക്ക് സ്ഥാപിക്കാന്‍ കഴിഞ്ഞ ദിവസം കമ്പനി കരാറിലെത്തിയിരുന്നു. തിങ്കളാഴ്ച നാല് ശതമാനത്തിലധികം നേട്ടത്തിലായിരുന്ന ഓഹരി ഇന്ന് 158.95 രൂപയിലാണ് ക്ലോസ് ചെയ്തത്. മുത്തൂറ്റ് ഫിനാന്‍സ് (-1.82%), എ.വി.ടി. നാച്ചുറൽ പ്രോഡക്ട്സ് (-1.64%), ആസ്പിൻവാൾ ആൻഡ് കമ്പനി (-1.36%), പോപ്പുലര്‍ വെഹിക്കിള്‍ ആന്‍ഡ് സര്‍വീസസ് (-1.39%) തുടങ്ങിയ ഓഹരികള്‍ക്കും ചൊവ്വാഴ്ച ശോഭിക്കാനായില്ല.

Stock market closing analysis November 18, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com