

വിപണിക്ക് ഇന്ന് കേട്ടതെല്ലാം നല്ല വാര്‍ത്തകള്‍ മാത്രം. ഫലമോ സെന്‍സെക്‌സ് 1,000 പോയിന്റിന് മുകളില്‍ കുതിച്ചു. നിക്ഷേപകരുടെ മൂല്യത്തില്‍ 6 ലക്ഷം കോടി രൂപയുടെ വര്‍ധന. തൊട്ടതെല്ലാം പിഴച്ച ദിവസങ്ങള്‍ക്കൊടുവില്‍ വിപണി സടകുടഞ്ഞെഴുന്നേറ്റ ദിനത്തില്‍ കേരള കമ്പനികളും കരുത്തുകാട്ടി.
സെന്‍സെക്‌സ് ഇന്ന് 1,023 പോയിന്റ് അല്ലെങ്കില്‍ 1.21 ശതമാനം ഉയര്‍ന്നാണ് ക്ലോസ് ചെയ്തത്. 85,609.51 പോയിന്റിലേക്ക് വിപണി വളര്‍ന്നു. നിഫ്റ്റിയാകട്ടെ 320.50 പോയിന്റ് വര്‍ധിച്ച് 26,205.30ല്‍ വ്യാപാരം അവസാനിപ്പിച്ചു. മിഡ്ക്യാപ് സൂചിക 1.32 ശതമാനവും സ്‌മോള്‍ക്യാപ് 1.23 ശതമാനവും ഇന്ന് കയറി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 469 ലക്ഷം കോടി രൂപയില്‍ നിന്ന് 475 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. ബാങ്കിംഗ്, റിയാലിറ്റി, മെറ്റല്‍, എനര്‍ജി സെക്ടറുകളെല്ലാം ഇന്ന് ശരവേഗത്തിലായിരുന്നു.
ഭൗമരാഷ്ട്രീയ, ആഭ്യന്തര കാലാവസ്ഥകള്‍ വിപണിക്ക് ഇന്ന് കരുത്തുപകര്‍ന്നു. ദീര്‍ഘകാലമായി തുടരുന്ന റഷ്യ-യുക്രൈയ്ന്‍ യുദ്ധം തീരുമെന്ന നിഗമനങ്ങളും ഫെഡ് പലിശനിരക്ക് പ്രതീക്ഷയും വിപണിക്ക് പോസിറ്റീവായി.
ഇന്ത്യ-യുഎസ് വ്യാപാരകരാറില്‍ പുറമേ വലിയ കോലാഹലങ്ങളില്ലെങ്കിലും അണിയറയില്‍ വലുതെന്തോ വരുന്നുണ്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. രാജ്യത്തിന്റെ താല്പര്യങ്ങള്‍ ഹനിക്കാത്ത തരത്തിലുള്ള ഡീലിനാണ് ഇന്ത്യ തയാറെടുക്കുന്നതെന്ന നിഗമനങ്ങളും വിപണിക്ക് പോസിറ്റീവായി.
എല്ലാ സൂചികകളും വിപണിയുടെ ആവേശം ഉള്‍ക്കൊണ്ട് മുന്നേറി. മെറ്റല്‍ സെക്ടര്‍ 2.06 ശതമാനം മുന്നേറി. ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1.42), കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് (1.75), പ്രൈവറ്റ് ബാങ്ക് (1.46) സൂചികകളും മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
13 കേരള ഓഹരികളൊഴികെ ബാക്കിയെല്ലാം നേട്ടത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. താഴേക്ക് പോയ ഓഹരികളില്‍ പ്രധാനപ്പെട്ടത് കൊച്ചിന്‍ ഷിപ്പ് യാര്‍ഡാണ്, 0.21 ശതമാനം ഇടിവ്. സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് (2.92), വീഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (0.23) എന്നീ പ്രധാനപ്പെട്ട കേരള ഓഹരികള്‍ക്കും ശോഭിക്കാനായില്ല.
ഇന്നേറ്റവും നേട്ടമുണ്ടാക്കിയ കേരള ഓഹരികളിലൊന്ന് മണപ്പുറം ഫിനാന്‍സാണ്. രാജ്യത്ത് എന്‍ബിഎഫ്‌സികള്‍ വലിയ കുതിപ്പിലാണെന്ന വിലയിരുത്തലുകളും സെപ്റ്റംബര്‍ പാദ ഫലങ്ങളും 3.21 ശതമാനം ഉയരാന്‍ മണിപ്പുറത്തിനെ സഹായിച്ചു.
മുത്തൂറ്റ് ഫിനാന്‍സ് ഇന്ന് 1.27 ശതമാനമാണ് ഉയര്‍ന്നത്. ബാങ്കിംഗ് ഓഹരികളില്‍ കൂടുതല്‍ നേട്ടം കൊയ്തത് സൗത്ത് ഇന്ത്യന്‍ ബാങ്കാണ്. 3.08 ശതമാനം ഉയര്‍ന്നാണ് ഓഹരികള്‍ ക്ലോസ് ചെയ്തത്. ഇസാഫ് സ്‌മോള്‍ഫിനാന്‍സ് ബാങ്ക് 1.60 ശതമാനം നേട്ടമുണ്ടാക്കി. അതേസമയം, സിഎസ്ബി ബാങ്ക് 0.25 ശതമാനവും ധനലക്ഷ്മി ബാങ്ക് 0.96 ശതമാനവും ഉയരത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് 3.69 ശതമാനവും നേട്ടം കൊയ്തു.
ഇന്ന് നേട്ടം കൊയ്ത ഓഹരികളിലൊന്ന് സീമെന്‍സ് ആണ്. 4.05 ശതമാനം ഉയരത്തിലാണ് ക്ലോസ് ചെയ്തത്. പേയ്ടിഎം 3.75 ശതമാനവും ജെഎസ്ഡബ്ല്യു സ്റ്റീല്‍ 3.69 ശതമാനവും ഉയര്‍ന്നു.
നൈക ഫാഷന്‍സ് ഇന്ന് താഴ്ന്നത് 2.20 ശതമാനമാണ്. ബ്ലോക്ക് ഡീല്‍ ഇടപാടിലൂടെ ഓഹരിവില്പന നടന്നത് ഭാരതി എയര്‍ടെല്‍ ഓഹരികളെ 1.60 ശതമാനത്തോളം താഴ്ത്തി. സ്വിഗ്ഗി (0.86), അദാനി എന്റര്‍പ്രൈസസ് (0.81) ഓഹരികള്‍ക്കും ഇന്ന് നഷ്ടക്കച്ചവടമായി.
Read DhanamOnline in English
Subscribe to Dhanam Magazine