

തുടര്‍ച്ചയായ ആഘോഷങ്ങള്‍ക്കൊടുവില്‍ ആലസ്യത്തില്‍ അമര്‍ന്ന ഉത്സവപ്പറമ്പ് പ്രതീതിയിലായിരുന്നു വാരാന്ത്യ ദിനത്തില്‍ വിപണി. ലാഭമെടുപ്പിലേക്ക് നിക്ഷേപകര്‍ നീങ്ങിയതും രണ്ടാംപാദ ജിഡിപി ഡേറ്റ പുറത്തുവരുന്നതിന്റെ ആകാംക്ഷയും വിപണിയില്‍ പ്രകടമായിരുന്നു. ഇതിന്റെ പ്രതിഫലനം സെന്‍സെക്‌സിലും നിഫ്റ്റിയിലും പ്രകടമായി.
സെന്‍സെക്‌സ് 13.71 പോയിന്റ് ഇടിഞ്ഞ് 85,706.67ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി താഴ്ന്നത് 12.60 പോയിന്റാണ്. ക്ലോസിംഗ് 26,202.95 പോയിന്റും. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.04%, 0.13% വീതം താഴ്ന്നു.
ഇന്ത്യ-യുഎസ് വ്യാപാര കരാറില്‍ ഇതുവരെ പ്രത്യക്ഷ പുരോഗതിയൊന്നും കാണാനില്ലാത്തത് വിപണിയില്‍ കരിനിഴല്‍ വീഴ്ത്തുന്നുണ്ട്. അതേസമയം, ഡിസംബര്‍ 31ന് മുമ്പ് കരാര്‍ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയും നിക്ഷേപകരില്‍ ശക്തമാണ്. വിപണിയെ മുന്നോട്ടു നയിക്കാന്‍ പറ്റിയ ആഗോള സംഭവവികാസങ്ങളോ പ്രഖ്യാപനങ്ങളോ വരാത്തതും കുതിപ്പില്‍ നിന്ന് പിന്നോട്ടടിച്ചു.
വിദേശ നിക്ഷേപകര്‍ വ്യാഴാഴ്ച വിറ്റഴിച്ചത് 1,255.20 കോടി രൂപയുടെ ഓഹരികളാണ്. തുടര്‍ച്ചയായ വിദേശ നിക്ഷേപകരുടെ പിന്മാറ്റം വിപണിയെ ബാധിച്ചു. ക്രൂഡ് ഓയില്‍ വിലയിലെ നേരിയ വര്‍ധനയും വിപണിക്ക് തിരിച്ചടിയായി.
ഇന്നേറ്റവും കൂടുതല്‍ നേട്ടംകൊയ്തത് ഓട്ടോ (0.62%), ഹെല്‍ത്ത്‌കെയര്‍ (0.55%), ഫാര്‍മ (0.55%), മീഡിയ (0.59%) സൂചികകളാണ്. ലാഭമെടുപ്പ് ഐടി (0.11%), റിയാലിറ്റി (0.19%), ഓയില്‍ ആന്‍ഡ് ഗ്യാസ് (0.69%) സൂചികളെ ഇടിവിലേക്ക് നയിച്ചു. ഫിനാന്‍ഷ്യല്‍ സര്‍വീസസ് 0.20 ശതമാനവും പ്രൈവറ്റ് ബാങ്ക് സൂചിക 0.01 ശതമാനവും താഴ്ന്നു.
ഇന്ന് നേട്ടം കൊയ്ത ഓഹരികളില്‍ പ്രധാനി മോട്ടിലാല്‍ ഓസ്വള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ് (Motilal Oswal Financial Services) ആണ്. 3.34 ശതമാനം നേട്ടത്തിലാണ് ഓഹരികള്‍ വ്യാപാരം പൂര്‍ത്തിയാക്കിയത്.
എസ്ആര്‍എഫ് ലിമിറ്റഡ് (3.27), വരുണ്‍ ബീവറേജസ് (2.82) കല്യാണ്‍ ജുവലേഴ്‌സ് (2.39) ഓഹരികള്‍ ഇന്ന് ഉയര്‍ന്ന നേട്ടത്തില്‍ ക്ലോസ് ചെയ്തു.
സ്വിഗ്ഗി ലിമിറ്റഡ് (2.50%), ഗോഡ്‌ഫ്രേ ഫിലിപ്പ്‌സ് ഇന്ത്യ ലിമിറ്റഡ് (2.15%), പേജ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (2.13) ഓഹരികള്‍ വാരാന്ത്യം നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.
ഒട്ടുമിക്ക കേരള ഓഹരികള്‍ക്കും അത്ര ശുഭകരമായ ദിവസമായിരുന്നില്ല ഇന്ന്. അനുകൂല വാര്‍ത്തകളൊന്നും ഇല്ലാതിരുന്നത് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിനെ 0.48 ശതമാനം താഴ്ത്തി. ഫാക്ട് 0.46 ശതമാനം താഴ്ന്നപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഒരു ശതമാനവും താഴ്ന്നു.
കേരള കമ്പനികളില്‍ കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികളിലൊന്ന് കല്യാണ്‍ ജുവലേഴ്‌സാണ്. യുഎസുമായുള്ള കരാര്‍ ഇതുവരെ യാഥാര്‍ത്ഥ്യമായില്ലെങ്കിലും കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 2.54 ശതമാനം ഉയരത്തില്‍ ക്ലോസ് ചെയ്തു.
കെഎസ്ഇ ലിമിറ്റഡ് 0.36 ശതമാനവും കിംഗ്‌സ് ഇന്‍ഫ്ര വെഞ്ചേഴ്‌സ് 0.86 ശതമാനവും ഉയര്‍ന്നു. അതേസമയം കേരള ആയുര്‍വേദ ഓഹരികള്‍ക്ക് വലിയ തിരിച്ചടി നേരിട്ടു, 5.27 ശതമാനത്തിന്റെ ഇടിവ്.
Read DhanamOnline in English
Subscribe to Dhanam Magazine