അവധിക്ക് മുമ്പേ വിപണിക്ക് ദീപാവലി മധുരം, 411 പോയിന്റ് ഉയര്‍ന്ന് സെന്‍സെക്‌സ്; കത്തിക്കയറി സിഎസ്ബി, ഫെഡറല്‍ ബാങ്ക് ഓഹരികള്‍; ഇന്നത്തെ സമഗ്രചിത്രം ഇങ്ങനെ

ജിഎസ്ടി പരിഷ്‌കാരത്തിന്റെ നേട്ടം ഡിസംബര്‍ പാദത്തില്‍ കമ്പനികള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് വിലക്കയറ്റം നേര്‍ത്തതായതും ഉപഭോഗം വര്‍ധിച്ചതും വിപണിക്ക് ഉണര്‍വേകിയിട്ടുണ്ട്
stock market analysis
Published on

ദീപാവലി ആഘോഷത്തിന്റെ തിളക്കം ഓഹരി വിപണിക്കും. ജിഎസ്ടി പരിഷ്‌കരണവും രണ്ടാംപാദത്തിലെ മെച്ചപ്പെട്ട ഫലങ്ങളും വിപണിക്ക് ആവേശം സമ്മാനിച്ചപ്പോള്‍ ഇന്ന് 411 പോയിന്റ് നേട്ടത്തോടെയാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. 84,363.37 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 133.30 പോയിന്റ് ഉയര്‍ന്ന് 25,843.15 പോയിന്റിലും അവസാനിച്ചു.

നാളെയും മറ്റന്നാളും വിപണിക്ക് അവധിയാണ്. അടുത്ത വ്യാപാരദിനം വ്യാഴാഴ്ചയാണ്. എന്നാല്‍ നാളെ ഉച്ചയ്ക്ക് 1.45 മുതല്‍ 2.45 വരെ മുഹൂര്‍ത്ത വ്യാപാരമുണ്ട്. ഓഹരികള്‍ കൂടുതലായി വാങ്ങുന്ന സമയങ്ങളിലൊന്നാണിത്.

ആഗോള സമ്പദ്‌രംഗത്ത് സമ്മര്‍ദം നിലനില്‍ക്കുന്നുണ്ട്. എന്നിരുന്നാല്‍ പോലും ഇന്ത്യന്‍ വിപണിക്ക് മുന്നോട്ടു പോകാന്‍ ഇന്നും ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. യുഎസ് താരിഫ് മൂലം യുഎസിലേക്കുള്ള കയറ്റുമതിയില്‍ കുറവുണ്ടായെങ്കിലും പകരം മാര്‍ക്കറ്റുകള്‍ കണ്ടെത്താന്‍ ഇന്ത്യയ്ക്ക് സാധിക്കുന്നുവെന്ന വാര്‍ത്തകള്‍ നിക്ഷേപകര്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.

രണ്ടാംപാദത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്. ഭേദപ്പെട്ട ഫലങ്ങള്‍ വിപണിക്ക് ആശ്വാസമാണ് നല്കുന്നത്. ജിഎസ്ടി പരിഷ്‌കാരത്തിന്റെ നേട്ടം ഡിസംബര്‍ പാദത്തില്‍ കമ്പനികള്‍ക്ക് മുതല്‍ക്കൂട്ടാകുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് വിലക്കയറ്റം നേര്‍ത്തതായതും ഉപഭോഗം വര്‍ധിച്ചതും വിപണിക്ക് ഉണര്‍വേകിയിട്ടുണ്ട്.

സൂചികകളുടെ പ്രകടനം

പൊതുമേഖ ബാങ്കുകളുടെ പ്രകടനം കുറച്ചു നാളുകളായി ഉയരത്തിലാണ്. ഇന്നും 2.87 ശതമാനത്തോളം നേട്ടം കൊയ്തു ഈ സെക്ടര്‍. ഓയില്‍ ആന്‍ഡ് ഗ്യാസ് (1.42), ഹെല്‍ത്ത്‌കെയര്‍ (0.91), ഫാര്‍മ (0.84), സ്വകാര്യ ബാങ്ക് (0.67) ശതമാനം ഉയര്‍ന്നു. ഓട്ടോ (0.16), ഫിനാന്‍ഷ്യല്‍ സര്‍വീസസ് (0.12), എഫ്എംസിജി (0.03) മെറ്റല്‍ (0.07) സൂചികകള്‍ക്ക് ഇന്ന് ശോഭിക്കാനായില്ല.

വീണവരും വാണവരും

ബാങ്കിംഗ് ഓഹരികള്‍ ഇന്ന് വലിയ തോതില്‍ നേട്ടമുണ്ടാക്കി. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് ആണ്. 9.34 ശതമാനം നേട്ടത്തിലാണ് ഈ ഓഹരികള്‍ എത്തിയത്. സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം ഉയര്‍ന്നതാണ് എയു സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഓഹരികള്‍ക്ക് ഗുണം ചെയ്തത്. വരുമാനം 4,511 കോടി രൂപയായിട്ടാണ് ഉയര്‍ന്നത്.

ഫെഡറല്‍ ബാങ്ക് ഓഹരികളും വലിയ നേട്ടം കൊയ്തു. 7.31 ശതമാനം ഉയരാന്‍ ഫെഡറല്‍ ബാങ്കിനെ സഹായിച്ചത് 6,000 കോടി രൂപയുടെ ഓഹരി വില്പന വരുന്നുവെന്ന വാര്‍ത്തയാണ്. മുന്‍ വര്‍ഷം സമാനപാദത്തെ അപേക്ഷിച്ച് രണ്ടാംപാദത്തില്‍ വരുമാനം ഉയര്‍ന്നെങ്കിലും ലാഭം അല്പം താഴ്ന്നിരുന്നു. ഇതൊന്നും ഓഹരികളുടെ കുതിപ്പിനെ ബാധിച്ചില്ല.

ഐഡിഎഫ്‌സി ഫാസ്റ്റ് ബാങ്ക് (6.91), ബാങ്ക് ഓഫ് ഇന്ത്യ (5.52) ഓഹരികളും ഇന്ന് ഉയരത്തിലെത്തി. സിപ്ല ഓഹരികള്‍ 4.15 ശതമാനം ഉയര്‍ന്നു.

ഐസിഐസിഐ ബാങ്ക് ഓഹരികളാണ് ഇന്ന് ഏറ്റവും തിരിച്ചടി നേരിട്ടത്. 3.03 ശതമാനം താഴ്ചയിലാണ് ഓഹരികള്‍ ദിനം പിന്നിട്ടത്. ജെഎസ്ഡബ്ല്യു എനര്‍ജി ലിമിറ്റഡ് (2.92), ശ്രീസിമന്റ് ലിമിറ്റഡ് (2.76), ഹിന്ദുസ്ഥാന്‍ സിങ്ക് (2.65) ഓഹരികളും തിരിച്ചടി നേരിട്ടു.

കേരള ഓഹരികളുടെ പ്രകടനം

കേരളത്തില്‍ നിന്നുള്ള ബാങ്കിംഗ് ഓഹരികളെല്ലാം ദീപാവലി സ്‌പെഷ്യല്‍ പ്രകടനമാണ് നടത്തിയത്. സിഎസ്ബി ബാങ്ക് ഓഹരികള്‍ ഇന്ന് 7.98 ശതമാനം ഉയര്‍ന്നു. ധനലക്ഷ്മി ബാങ്ക് 4.29 ശതമാനവും കുതിച്ചപ്പോള്‍ സൗത്ത് ഇന്ത്യന്‍ ബാങ്കാണ് ശതമാനക്കണക്കില്‍ വിസ്മയമായത്, 16.11 ശതമാനം നേട്ടം. ഓഹരിവില 32.65 രൂപയില്‍ നിന്ന് 37.91 ശതമാനത്തിലേക്കാണ് കുതിച്ചത്.

കഴിഞ്ഞ ദിവസം മൂന്ന് കപ്പലുകള്‍ നീറ്റിലിറക്കിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികള്‍ 0.49 ശതമാനം ഉയര്‍ന്നു. മണപ്പുറം ഫിനാന്‍സ് 1.46 ശതമാനം ഉയര്‍ന്നപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് 0.70 ശതമാനം നേട്ടത്തിലാണ് ക്ലോസ് ചെയ്തത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com