വിപണിക്ക് തിങ്കളാഴ്ച നല്ല ദിവസം! സെന്‍സെക്‌സ് കുതിച്ചത് 566 പോയിന്റ്, കിറ്റെക്‌സിന് തിരിച്ചടി; ഇന്ന് ഓഹരിവിപണിയില്‍ സംഭവിച്ചതെന്ത്?

ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അയവുവന്നത് നിക്ഷേപകരിലും പ്രതീക്ഷ വര്‍ധിപ്പിച്ചു
വിപണിക്ക് തിങ്കളാഴ്ച നല്ല ദിവസം! സെന്‍സെക്‌സ് കുതിച്ചത് 566 പോയിന്റ്, കിറ്റെക്‌സിന് തിരിച്ചടി; ഇന്ന് ഓഹരിവിപണിയില്‍ സംഭവിച്ചതെന്ത്?
Published on

വെള്ളിയാഴ്ചത്തെ വീഴ്ചയില്‍ പതറാതെ ഇന്ത്യന്‍ ഓഹരി വിപണിയുടെ തിരിച്ചുവരവ്. ഇന്ന് സെന്‍സെക്‌സ് കുതിച്ചത് 566.96 പോയിന്റ്. 84,778.84 പോയിന്റിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി 170.90 ഉയര്‍ന്ന് 25,966.05 പോയിന്റില്‍ ക്ലോസ് ചെയ്തു. യു.എസ്-ചൈന വ്യാപാര ചര്‍ച്ചകള്‍ പോസിറ്റീവാകുമെന്ന പ്രതീക്ഷയും രണ്ടാംപാദ കോര്‍പറേറ്റ് ഫലങ്ങള്‍ ഭേദപ്പെട്ടതാകുന്നതും വിപണിക്ക് ദിശാബോധം നല്കുന്നു. യുഎസ് ഫെഡറല്‍ റിസര്‍വ് പലിശനിരക്കില്‍ മാറ്റമുണ്ടാക്കുമെന്ന വാര്‍ത്തകളും വലിയ ഉയര്‍ച്ചയ്ക്ക് കാരണമായി.

ആഗോളതലത്തില്‍ ഭൗമരാഷ്ട്രീയ പ്രതിസന്ധികള്‍ക്ക് അയവുവന്നത് നിക്ഷേപകരിലും പ്രതീക്ഷ വര്‍ധിപ്പിച്ചു. ഇന്ത്യയുടെ ഈ സാമ്പത്തികവര്‍ഷത്തെ വളര്‍ച്ചാനിരക്ക് വിവിധ ഏജന്‍സികള്‍ ഉയര്‍ത്തിയതും ജിഎസ്ടി പരിഷ്‌കരണത്തിന്റെ പ്രതിഫലനം കണ്ടുതുടങ്ങിയതും വിപണിക്ക് ഊര്‍ജ്ജം പകരുന്നു. മൂന്നാംപാദത്തില്‍ മികച്ച കോര്‍പറേറ്റ് ഫലങ്ങള്‍ ഉണ്ടാകുമെന്നാണ് പൊതുവിലയിരുത്തല്‍.

അദാനി ഗ്രൂപ്പിനെതിരായി കഴിഞ്ഞ ദിവസം ഒരു യുഎസ് മാധ്യമത്തില്‍ വന്ന വാര്‍ത്ത ഇന്ന് വിപണിയില്‍ പ്രതിഫലിച്ചു. ഒട്ടുമിക്ക അദാനി കമ്പനി ഓഹരികളും ഇന്ന് താഴേക്ക് പോയി. അതേസമയം, വിവാദത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ട എല്‍.ഐ.സി ഓഹരികള്‍ ഒരു ശതമാനത്തിനടുത്ത് ഉയരുകയും ചെയ്തു.

സൂചികകളുടെ പ്രകടനം

മീഡിയ (0.26), ഫാര്‍മ (0.21) ഒഴികെ മറ്റെല്ലാ സൂചികകളും ഇന്ന് നേട്ടം കൈവരിച്ചു. പൊതുമേഖല ബാങ്കിംഗ് ഓഹരികളാണ് ഇന്ന് കൂടുതല്‍ ഉയരത്തിലെത്തിയത്, 2.22 ശതമാനം നേട്ടം. റിയാലിറ്റി 1.46 ശതമാനവും ഓയില്‍ ആന്‍ഡ് ഗ്യാസ് സൂചിക 1.52 ശതമാനവും ഉയരത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജിഎസ്ടി പരിഷ്‌കരണത്തിലൂടെ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓട്ടോ സെക്ടര്‍ ഇന്ന് 0.72 ശതമാനം ഉയര്‍ന്നു. എഫ്എംസിജി (0.14), ഐടി (0.40), മെറ്റല്‍ (1.16) എന്നീ സെക്ടറുകള്‍ വളര്‍ച്ച കൈവരിച്ചു.

നേട്ടം കൊയ്തവര്‍

ശതമാന കണക്കില്‍ ഇന്നേറ്റവും നേട്ടം കൊയ്ത ഓഹരികളിലൊന്ന് ബാങ്ക് ഓഫ് ഇന്ത്യയുടേതാണ്. 5.05 ശതമാനം നേട്ടത്തോടെയാണ് ഈ പൊതുമേഖ ബാങ്കിംഗ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. സെപ്റ്റംബര്‍ പാദ ഫലങ്ങള്‍ അനുകൂലമായത് നേട്ടത്തിന് വഴിയൊരുക്കി.

ഭാരതി ഹെക്‌സകോം ലിമിറ്റഡ് ഓഹരികള്‍ ഇന്ന് 4.36 ശതമാനത്തോളം ഉയര്‍ന്നു. സുപ്രീംകോടതിയില്‍ നിന്ന് അനുകൂല നിലപാട് വന്നത് വോഡാഫോണ്‍ ഐഡിയ ഓഹരികള്‍ക്ക് 4.16 ശതമാനം കുതിപ്പേകി. ഭാരത് പെട്രോളിയം കോര്‍പറേഷന്‍ ഓഹരികളും ഇന്ന് 3.84 ശതമാനത്തോളം കയറി.

വീണവര്‍ ഇവരൊക്കെ

അദാനി കമ്പനി ഓഹരികള്‍ക്കെല്ലാം തന്നെ ഇന്ന് മോശം ദിനമായിരുന്നു. എസ്.ബി.ഐ കാര്‍ഡ്‌സ് ആന്‍ഡ് പെയ്‌മെന്റ് സര്‍വീസസും ഇന്ന് തിരിച്ചടി നേരിട്ടു, 3.33 ശതമാനം താഴ്ച്ച. എസ്ആര്‍എഫ് ലിമിറ്റഡ് ആണ് താഴേക്കിറങ്ങിയ മറ്റൊരു ഓഹരി. 2.18 ശതമാനം ഇടിവ്. ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് (2.10), അല്‍ക്കീം ലാബോറട്ടറീസ് (1.73) ഓഹരികളും ഇന്ന് നഷ്ടത്തില്‍ ക്ലോസ് ചെയ്തു.

കേരള ഓഹരികളുടെ പ്രകടനം

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ കുതിപ്പ് കണ്ട കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓഹരികള്‍ ഇന്ന് പക്ഷേ നഷ്ടത്തിലേക്ക് പോയി, 6.06 ശതമാനം. ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളുടെ ഓഹരികളും ഇന്ന് ശോഭിച്ചില്ല. മണപ്പുറം ഫിനാന്‍സ് 1.25 ശതമാനം ഇടിഞ്ഞപ്പോള്‍ മുത്തൂറ്റ് ഫിനാന്‍സ് 0.41 ശതമാനമാണ് താഴേക്ക് പോയത്. സ്വര്‍ണവിലയിലെ അസ്ഥിരതയാണ് ഈ ഓഹരികളില്‍ പ്രതിഫലിക്കുന്നത്. കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ഓഹരികള്‍ 0.07 ശതമാനത്തിന്റെ നേരിയ നഷ്ടം രേഖപ്പെടുത്തി.

കല്യാണ്‍ ജുവലേഴ്‌സ് ഓഹരികള്‍ 2.03 ശതമാനം നേട്ടത്തിലായി. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് 6.92 ശതമാനത്തിലേക്ക് ഉയര്‍ന്നു. ടോളിന്‍സ് ടയേഴ്‌സ് ഇന്ന് 4.74 ശതമാനം നേട്ടം കൊയ്തുവെന്നതും ശ്രദ്ധേയമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com