

ട്രംപിന്റെ വ്യാപാരക്കരാര്‍ ആശങ്കകളില്‍ തട്ടി ഇന്ന് ഇന്ത്യന്‍ സൂചികകള്‍ നഷ്ടത്തില്‍. രാവിലത്തെ സെഷനില്‍ നേട്ടം നിലനിര്‍ത്തിയ വിപണി പിന്നീട് താഴേക്ക് വീഴുകയായിരുന്നു. സെന്‍സെക്‌സ് 176.43 പോയിന്റ് ഇടിഞ്ഞ് 83,536.08ലും നിഫ്റ്റി 46.40 പോയിന്റ് താഴ്ന്ന് 25,476.10ലുമാണ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്.
ഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്ന ഇറക്കുമതിക്ക് 200 ശതമാനം നികുതി ചുമത്തിയതാണ് സൂചികകളെ ബാധിച്ചത്. മുഖ്യ മരുന്ന് കയറ്റുമതി രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. രാജ്യത്തെ മൊത്തം മരുന്ന് കയറ്റുമതിയുടെ മൂന്നിലൊന്നും അമേരിക്കയിലേക്കാണ്. ഇതിനൊപ്പം ഇന്ത്യ ഉള്‍പ്പെടുന്ന ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് മേല്‍ 10 ശതമാനം അധിക ഇറക്കുമതി തീരുവ ചുമത്താനുള്ള നീക്കവും വിപണിയെ ബാധിച്ചു. അതേസമയം, കൃഷി, ക്ഷീര മേഖലകളില്‍ യു.എസിന്റെ കടുംപിടുത്തങ്ങള്‍ക്ക് വഴങ്ങാതെ വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചേക്കുമെന്ന സൂചന വിപണിയ്ക്ക് ആശ്വാസം പകര്‍ന്നിരുന്നു.
ജൂലൈ ഒമ്പതില്‍ നിന്ന് ഓഗസ്റ്റ് ഒന്നിലക്ക് താരിഫ് ഡെഡ്‌ലൈനുകള്‍ ട്രംപ് മാറ്റിയിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ എങ്ങനെയായിരിക്കുമെന്നതിനെ സംബന്ധിച്ച് ഇനിയും വ്യക്തതയായില്ല.
2026 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ പ്രവര്‍ത്തന ഫലങ്ങള്‍ പുറത്തുവരുന്നതാകും ഉടന്‍ വിപണിയുടെ വികാരത്തെ ബാധിക്കുക്കുക. ഐ.ടി വമ്പനായ ടി.സി.എസിന്റെ പ്രവര്‍ത്തന ഫലം നാളെ പുറത്തു വരും.
ഇന്ന് മിക്ക സെക്ടറുകളും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി റിയല്‍റ്റി, മെറ്റല്‍, ഓയില്‍ ആന്‍ഡ് ഗ്യാസ്, ഐ.ടി എന്നിവ കാര്യമായ നഷ്ടം രേഖപ്പെടുത്തി. എഫ്.എം.സി.ജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍ എന്നിവ നേരിയ നേട്ടമുണ്ടാക്കി.
യു.എസ് താരിഫ് ആശങ്കകളെ തുടര്‍ന്ന് ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഹെവി വെയിറ്റ് ഓഹരികളില്‍ ലാഭമെടുപ്പ് ദൃശ്യമായി.
ജിയോയുടെ പ്രാരംഭ ഓഹരി വില്‍പ്പന 2025ല്‍ ഉണ്ടാകില്ലെന്ന വാര്‍ത്തകള്‍ റിലയന്‍സ് ഓഹരികളെ രണ്ട് ശതമാനത്തോളം താഴ്ത്തി.
ഫാര്‍മ ഇറക്കുമതിക്ക് ചുങ്കം ഏര്‍പ്പെടുത്തിയ പ്രഖ്യാപനം പക്ഷെ ഇന്ത്യന്‍ ഫാര്‍മ ഓഹരികളെ അത്രകണ്ട് ബാധിച്ചില്ല. തീരുവ നടപടികള്‍ മാറ്റിവയ്ക്കുന്ന നീക്കം പല തവണ ട്രംപിന്റെ ഭാഗത്ത് നിന്നുണ്ടായതിനാല്‍ വിപണി അതത്ര ഗൗരവത്തിലെടുത്തില്ലെന്നു വേണം കരുതാന്‍. മാത്രമല്ല ഫാര്‍മ കമ്പനികളുടെ ഒന്നാം പാദ പ്രവര്‍ത്തന ഫലങ്ങള്‍ മികച്ചതാകുമെന്ന വിലയിരുത്തലുകളും ഇടിവിന് തടയിട്ടു.
അതേസമയം കോപ്പറിന് 50 ശതമാനം ഇറക്കുതി ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം ഹിന്ദുസ്ഥാന്‍ കോപ്പര്‍ ഓഹരികളെ മൂന്ന് ശതമാനത്തോളം താഴ്ത്തി. വേദാന്ത, ഹിന്‍ഡാല്‍കോ എന്നിവയും സമ്മർദ്ദത്തിലായി.
യു.എസ് ഷോര്‍ട്ട് സെല്ലറായ വൈസ്രോയി റിസര്‍ച്ച് വേദാന്തയുടെ കണക്കുകളില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടത് ഹിന്ദുസ്ഥാന്‍ സിങ്ക്, വേദാന്ത ഓഹരി വിലയില്‍ വന്‍ ഇടിവിന് ഇടയാക്കി. പോണ്‍സി കമ്പനിയെന്നാണ് റിപ്പോര്‍ട്ടില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ലാഭമുണ്ടാക്കാതെ പുതിയ നിക്ഷേപകരില്‍ നിന്ന് സ്വീകരിക്കുന്ന പണം മുന്‍ നിക്ഷേപകര്‍ക്ക് നല്‍കുകയാണ് കമ്പനി ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
കേരള ഓഹരികളില്‍ ഇന്ന് മുത്തൂറ്റ് ഫിനാന്‍സ് വലിയ മുന്നേറ്റം കാഴ്ചവച്ചു. ഓഹരി വില 7.17 ശതമാനം ഉയര്‍ന്ന് 163.50 രൂപയിലെത്തി. പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് 4.93 ശതമാനം ഉയര്‍ന്നു. വെര്‍ട്ടെക്‌സ്, ടോളിന്‍സ് ടയേഴ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവയും ഇന്ന് മുന്നേറ്റ പാതയിലായിരുന്നു.
സെല്ലസ്‌പേസ്, വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്‌സ്, മണപ്പുറം ഫിനാന്‍സ് , കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ എന്നിവയാണ് കേരള കമ്പനികളില്‍ കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine