നഷ്ടത്തിലേക്ക് വീണ് സെന്‍സെക്‌സും നിഫ്റ്റിയും; നിക്ഷേപകര്‍ക്ക് നഷ്ടം 7.38 ലക്ഷം കോടി, മുന്നേറ്റം തുടര്‍ന്ന് ആര്‍.വി.എന്‍.എല്‍

ഓഹരി വിപണിയുടെ തനി സ്വഭാവത്തെ കുറിച്ച് നിക്ഷേപകരെ വീണ്ടും ഓര്‍മിപ്പിച്ചുകൊണ്ടാണ് ഇന്നത്തെ ദിനം കടന്നു പോകുന്നത്. ഒറ്റയടിക്ക് 800 ഓളം പോയിന്റാണ് സെന്‍സെക്‌സ് നഷ്ടപ്പെടുത്തിയത്. ഇതില്‍ പകുതിയോളം പിന്നീട് തിരിച്ചു പിടിച്ചുവെങ്കിലും നിക്ഷേപകര്‍ക്ക് ഏറ്റ ആഘാതം ചെറുതല്ല. 80,000 പോയിന്റില്‍ നിന്ന് ഇറങ്ങിയ സെന്‍സെക്‌സ് വ്യാപാരാന്ത്യം 426.8 പോയിന്റ് ഇടിഞ്ഞ് 79,924.77ലെത്തി. നിഫ്റ്റിയും 24,200ലെ പിന്തുണ നഷ്ടപ്പെടുത്തി താഴേക്ക് പതിച്ചു. വ്യാപാരാന്ത്യത്തില്‍ 108.75 പോയിന്റ് നഷ്ടവുമായി 24324.45 ലെത്തി.

ചെറുകിട നിക്ഷേപകര്‍ക്ക് കൂടുതല്‍ ആഘാതമായത് സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് ഓഹരികളുടെ പ്രകടനമാണ്. കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് സ്‌മോള്‍, മിഡ് ക്യാപ് സൂചികകള്‍ ഇന്ന് പോയത്. പിന്നീട് കുറച്ച് പോയിന്റുകള്‍ തിരിച്ചു പിടിച്ചു.
വിപണിയുടെ മുന്നേറ്റത്തില്‍ നിക്ഷേപകര്‍ ലാഭമെടുക്കല്‍ നടത്തിയതാണ് ഇന്ന് സൂചികകളെ തകര്‍ത്തത്. ഇതിനൊപ്പം യു.എസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവലിന്റെ പ്രസ്താവനയും വിപണിയെ സ്വാധീനിച്ചു. പണപ്പെരുപ്പത്തില്‍ കുറവുണ്ടെങ്കിലും കുറച്ചു കൂടി താഴ്ന്നശേഷമേ പലിശ നിരക്ക് കുറയ്ക്കൂ എന്നാണ് പവല്‍ പറഞ്ഞത്.
പലിശനിരക്ക് വളരെക്കാലം ഉയര്‍ന്ന നിലയില്‍ നിലനിര്‍ത്തുന്നത് സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്ന ആശങ്കയും ഫെഡറല്‍ റിസര്‍വ് പ്രകടിപ്പിച്ചിട്ടുണ്ട്. സെപ്റ്റബറില്‍ നിരക്കു കുറയ്ക്കുമെന്നാണ് പൊതുവേ പ്രതീക്ഷിക്കുന്നത്. എന്നാല്‍ വ്യാഴാഴ്ച പുറത്തുവരുന്ന യു.എസിലെ പണപ്പെരുപ്പ കണക്കുകളാകും ഫെഡറല്‍ റിസര്‍വിന്റെ നീക്കത്തിന് നിര്‍ണായകമാകുക.
വിവിധ മേഖലകളുടെ പ്രകടനം
വിവിധ സെക്ടറുകളെടുത്താല്‍ നാലെണ്ണം ഒഴികെ ബാക്കിയെല്ലാം ഇന്ന് ചുവന്നു തുടത്തു. നിഫ്റ്റി എഫ്.എം.സി.ജി, ഫാര്‍മ, ഹെല്‍ത്ത്‌കെയര്‍, ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവ മാത്രമാണ് ഇന്ന് നഷ്ടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപെട്ടത്. നിഫ്റ്റി ഓട്ടോയാണ് രണ്ട് ശതമാനം നഷ്ടവുമായി സൂചികകള്‍ക്ക് വഴികാട്ടിയത്. ഐ.ടി, മീഡിയ, മെറ്റല്‍, പി.എസ്.യു ബാങ്ക് എന്നിവ ഒരു ശതമാനത്തിലധികം ഇടിഞ്ഞു.

വിവിധ മേഖലകളുടെ ഇന്നത്തെ പ്രകടനം

ഇന്ന് 4,021 ഓഹരികള്‍ ബി.എസ്.ഇയില്‍ വ്യാപാരം നടത്തി. ഇതില്‍ 1,326 ഓഹരികള്‍ മാത്രമാണ് നേട്ടത്തിലേറിയത്. 2,612 ഓഹരികളുടെ വില ഇടിഞ്ഞു. 83 ഓഹരികള്‍ക്ക് വിലമാറ്റമില്ല.
273 ഓഹരികള്‍ ഇന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വില തൊട്ടു. 28 ഓഹരികള്‍ താഴ്ന്ന വിലയും. ഇന്ന് ഒറ്റ ഓഹരി പോലും അപ്പര്‍ സര്‍ക്യൂട്ടിലില്ല. ലോവര്‍ സര്‍ക്യൂട്ടില്‍ ഒറ്റ ഓഹരി മാത്രം.
ഇന്ന് നിക്ഷേപകരുടെ സമ്പത്തില്‍ നിന്ന് 7.38 ലക്ഷം കോടി രൂപയാണ് കൊഴിഞ്ഞു പോയത്. ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ സംയോജിത വിപണി മൂല്യം 451.27 ലക്ഷം കോടി രൂപയില്‍ നിന്ന് 443.89 ലക്ഷം കോടി രൂപയായി കുറഞ്ഞു.
മഹീന്ദ്രയും മാരുതിയും വീഴ്ചയിൽ
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഏല്‍പ്പിച്ച ആഘാതമാണ് വിപണികളെ മൊത്തത്തില്‍ ഇന്ന് ബാധിച്ചത്. മഹീന്ദ്രയുടെ ശ്രദ്ധേയ മോഡലായ എക്‌സ്.യു.വി 700ന്റെ വില കുറച്ചത് കാര്‍ ഇന്‍ഡട്രിയില്‍ ഡിമാന്‍ കുറയുന്നതിന്റെ സൂചനയായാണ് വിപണി വ്യാഖ്യാനിച്ചത്. മഹീന്ദ്ര സൂചികകളിന്ന് ഏഴ് ശതമാനത്തിലധികം താഴ്ന്നു. ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍, ടി.സി.എസ്, എച്ച്.സി.എല്‍ തുടങ്ങിയ വമ്പന്‍മാരും ഇന്ന് വിപണിയുടെ ഇടിവിന് കാരണക്കാരാണ്.
മാരുതി ഓഹരികളും അര ശതമാനത്തോളം താഴ്ന്നു.

റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് ഇന്ന് നിഫ്റ്റി 200ലെ ഏറ്റവും ഉയര്‍ന്ന നേട്ടക്കാര്‍. 14 ശതമാനത്തോളമാണ് ഓഹരിയുടെ നേട്ടം. മഹാരാഷ്ട്ര മെട്രോ റെയില്‍ കോര്‍പ്പറേഷനില്‍ നിന്ന് സമ്മതപത്രം ലഭിച്ചതാണ് ഓഹരിക്ക് ഗുണമായത്. ട്യൂബ് ഇന്‍വെസ്റ്റ്‌മെന്റ്‌സ് ഓഫ് ഇന്ത്യ, ഇന്ത്യന്‍ റെയില്‍വെ ഫിനാന്‍സ് കോര്‍പ്പറേഷന്‍, ഏഷ്യന്‍ പെയിന്‌റ്‌സ്, സിന്‍ജിന്‍ ഇന്റര്‍നാഷണല്‍ എന്നിവയാണ് നിഫ്റ്റി 200ല്‍ നേട്ടമുണ്ടാക്കിയ മറ്റ് ഓഹരികള്‍.

നേട്ടത്തിലേറിയവര്‍

പെയിന്റ് വില ഒരു ശതമാനം ഉയര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ന് പെയിന്റ് നിര്‍മാണ കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്നു. ഏഷ്യന്‍ പെയിന്‍സ് 3.5 ശതമാനവും ബെര്‍ജെര്‍ പെയിന്റ് ഓഹരി വില 4 ശതമാനവും മുന്നേറി.

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി അക്കോയുമായി പങ്കാളിത്തത്തിലേര്‍പ്പെട്ട ഗ്രീവ്‌സ് കോട്ടന്‍ ഓഹരികളിന്ന് 4 ശതമാനം ഉയര്‍ന്ന് 52 ആഴ്ചയിലെ ഉയര്‍ന്ന വിലയിലെത്തി.

കൃഷ്ണ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (കിംസ്) ഓഹരികളിന്ന് മൂന്ന് ശതമാനം ഉയര്‍ന്നു. ചലസാനി ഹോസ്പിറ്റല്‍സിന്റെ 100 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുന്നതായുള്ള പ്രഖ്യാപനമാണ് ഓഹരി വില ഉയര്‍ത്തിയത്.
റിയല്‍ എസ്‌റ്റേറ്റ് ബിസിനസ് വേര്‍പെടുത്തുന്ന റെയ്മണ്ട് ഓഹരികള്‍ മൂന്ന് ശതമാനം ഉയർന്നു. ജൂലൈ 11 ആണ് റെക്കോഡ് തീയതി നിശ്ചയിച്ചിരിക്കുന്നത്.
രാസവളം ഓഹരികളും ഇന്ന് ലാഭമെടുക്കല്‍ സമ്മര്‍ദ്ദത്തില്‍പെട്ടു. ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) ഓഹരികള്‍ അഞ്ച് ശതമാനം ഇടിഞ്ഞ് 1,050 രൂപയിലെത്തി. രാഷ്ട്രിയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് 4.4 ശതമാനവും ദീപക് ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് പെട്രോകെമിക്കല്‍ലും ജി.എന്‍.എഫ്.സിയും രണ്ട് ശതമാനം താഴെയാണ്.
തുടര്‍ച്ചയായി മുന്നേറ്റം കാഴ്ചവച്ച മസഗോണ്‍ ഡോക്ക് ഷിപ്പ് ബില്‍ഡേഴ്‌സ് ഇന്ന് കഴിഞ്ഞ വെള്ളിയാഴ്ചത്തെ റെക്കോഡില്‍ നിന്ന് 10 ശതമാനത്തോളം താഴേക്കിറങ്ങി. സമാന മേഖലയിലുള്ള കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡും ഗാര്‍ഡന്‍ റീച്ചും ഇന്ന് നഷ്ടത്തിലായിരുന്നു.

നഷ്ടം കുറിച്ചവര്‍

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയാണ് നിഫ്റ്റി 200ലെ വലിയ നഷ്ടക്കാര്‍. ഫാക്ട് 5.01 ശതമാനം ഇടിവുമായി രണ്ടാം സ്ഥാനത്തുണ്ട്. ബന്ധന്‍ ബാങ്ക്, സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ, ബി.എസ്.ഇ എന്നിവയാണ് ഇന്ന് കൂടുതല്‍ നഷ്ടം രേഖപ്പെടുത്തിയ മറ്റ് ഓഹരികള്‍.

ബാങ്ക് ഓഫ് അമേരിക്ക എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ക്ക് നല്‍കിയിരുന്ന 'ബൈ' റേറ്റിംഗ് മാറ്റി പകരം ന്യൂടല്‍ ആക്കിയത് ഓഹരികളെ ഇടിവിലാക്കി.

ഇന്ന് രണ്ട് ഓഹരികളാണ് ആദ്യമായി ഓഹരി വിപണിയില്‍ വ്യാപാരം തുടങ്ങിയത്. ബെന്‍സാല്‍ വയര്‍ ഇന്‍ഡസ്ട്രീസ് 39 ശതമാനം പ്രീമിയത്തോടെയാണ് എന്‍.എസ്.ഇയില്‍ ലിസ്റ്റ് ചെയ്തത്. 356 രൂപയിലാണ് വ്യാപാരം തുടങ്ങിയത്. പിന്നീട് വില 372 രൂപ വരെ ഉയര്‍ന്നു. എംക്യൂര്‍ഫാര്‍മയുടെ ലിസ്റ്റിംഗ് 31.45 ശതമാനം നേട്ടത്തിലായിരുന്നു. 1,325.05 രൂപയില്‍ ലിസ്റ്റ് ചെയ്ത ഓഹരി വില 1,380 രൂപ വരെ എത്തി.
മുന്നേറ്റം തുടർന്ന് സെല്ല
കേരള ഓഹരികളില്‍ ഭൂരിഭാഗവും ഇന്ന് വിപണിയുടെ പൊതു ട്രെന്‍ഡിനൊപ്പം നഷ്ടത്തിലേക്ക് നീങ്ങി. അടുത്തിടെ ലിസ്റ്റ് ചെയ്ത ആഡ് ടെക് സിസ്റ്റംസ് ഇന്നും മുന്നേറ്റം തുടര്‍ന്നു. ഓഹരി വില 156 രൂപയിലെത്തി. സെല്ല സ്‌പേസും തുടര്‍ച്ചയായ മൂന്നാം ദിവസത്തിലും മുന്നേറ്റത്തിലാണ്. വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് 4.94 ശതമാനം നേട്ടത്തിലാണ്. എ.വി.ടി നാച്വറല്‍ പ്രോഡക്ട്‌സ് 4 ശതമാനവും മണപ്പുറം ഫിനാന്‍സ് മൂന്ന് ശതമാനവും ഉയര്‍ന്നു. കല്യാണ്‍ ജുവലേഴ്‌സും മുത്തൂറ്റ് ഫിനാന്‍സും ഒരു ശതമാനത്തിലധികം നേട്ടത്തിലാണ്. വി-ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്, ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍, കൊച്ചിന്‍ മിനറല്‍സ്,ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്, ഫെഡറല്‍ ബാങ്ക്, സഫ സിസ്റ്റംസ് എന്നിവയാണ് ഇന്ന് നേട്ടത്തിലുള്ള മറ്റ് കേരള കമ്പനി ഓഹരികള്‍.

കേരള കമ്പനി ഓഹരികളുടെ പ്രകടനം

പ്രൈമ ഇന്‍ഡസ്ട്രീസാണ് ഇന്ന് കേരള ഓഹരികളിലെ മുഖ്യ നഷ്ടക്കാര്‍. ഏഴ് ശതമാനത്തോളം ഇടിഞ്ഞ് ഓഹരി വില 21 രൂപയായി. ഇന്നലെ 10 ശതമാനം ഉയര്‍ന്ന ഹാരിസണ്‍സ് മലയാളം ഇന്ന് ആറ് ശതമാനം ഇടിവിലാണ്. ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ട്രാവന്‍കൂര്‍ (ഫാക്ട്) ആണ് ഇന്ന് 5 ശതമാനം നഷ്ടവുമായി കേരള കമ്പനികളില്‍ നഷ്ടപ്പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തിയത്. കേരള ആയുര്‍വേദ ഓഹരികളും ഇന്ന് 4.99 ശതമാനം നഷ്ടത്തിലാണ്.


Related Articles

Next Story

Videos

Share it