പലിശ നിരക്ക് കുറച്ചതിന്റെ ആഹ്ളാദത്തില്‍ വിപണി, നിക്ഷേപകര്‍ക്ക് നേട്ടം ₹ 1 ലക്ഷം കോടി; മുത്തൂറ്റ് മൈക്രോഫിന്‍, കിറ്റെക്സ് നേട്ടത്തില്‍, ഫാക്ട് ഇടിവില്‍

നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ സൂചികകൾ യഥാക്രമം 1.50 ശതമാനവും 1.33 ശതമാനവും ഉയര്‍ന്നു
stock market
Published on

മൂന്നാം ദിവസവും നേട്ടം തുടര്‍ന്ന് വിപണി. യുഎസ് ഫെഡറൽ റിസർവ് പലിശ നിരക്ക് 25 ബേസിസ് പോയിന്റുകൾ കുറച്ചത് വിപണി നേട്ടമാക്കി. ഈ വർഷം രണ്ട് നിരക്ക് കുറയ്ക്കലിനുള്ള സാധ്യത കൂടി ഉളളതായുളള ഫെഡ് റിസര്‍വിന്റെ സൂചന നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നു. ഐടി ഓഹരികളിൽ മികച്ച വാങ്ങലുകളാണ് നടന്നത്.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തത്തിലുള്ള വിപണി മൂല്യം കഴിഞ്ഞ സെഷനിൽ ഏകദേശം 465 ലക്ഷം കോടി രൂപയായിരുന്നത് വ്യാഴാഴ്ച 466 ലക്ഷം കോടി രൂപയായി. വിപണി പോസിറ്റീവ് ആയി തുടരുന്നുണ്ടെങ്കിലും യുഎസും ഇന്ത്യയും തമ്മിലുള്ള വ്യാപാര ചർച്ചകളിലാണ് നിക്ഷേപകര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

സെൻസെക്സ് 0.39 ശതമാനം (320 പോയിന്റ്) ഉയർന്ന് 83,013.96 ലും നിഫ്റ്റി 0.37 ശതമാനം (93 പോയിന്റ്) ഉയർന്ന് 25,423.60 ലും വ്യാപാരം അവസാനിപ്പിച്ചു.

മിഡ്ക്യാപ് സൂചിക 0.38 ശതമാനം ഉയർന്നപ്പോൾ സ്മോൾക്യാപ് സൂചിക 0.29 ശതമാനം നേട്ടം രേഖപ്പെടുത്തി.

നിഫ്റ്റി ഫാർമ, ഹെൽത്ത്കെയർ സൂചികകൾ യഥാക്രമം 1.50 ശതമാനവും 1.33 ശതമാനവും ഉയർന്ന് മേഖലാ സൂചികകളിൽ ഏറ്റവും കൂടുതൽ നേട്ടമുണ്ടാക്കി.

നിഫ്റ്റി ഐടി 0.83 ശതമാനം ആരോഗ്യകരമായ നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി ബാങ്ക്, ഫിനാൻഷ്യൽ സർവീസസ് സൂചികകൾ യഥാക്രമം 0.42 ശതമാനവും 0.50 ശതമാനവും ഉയർന്നു.

മറുവശത്ത്, നിഫ്റ്റി മീഡിയ (0.30 ശതമാനം ഇടിവ്), പി‌എസ്‌യു ബാങ്ക് (0.16 ശതമാനം ഇടിവ്), റിയല്‍റ്റി (0.07 ശതമാനം ഇടിവ്), ഓയിൽ ആൻഡ് ഗ്യാസ് (0.04 ശതമാനം ഇടിവ്) എന്നിവ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.

വിവിധ സൂചികകളുടെ പ്രകടനം
വിവിധ സൂചികകളുടെ പ്രകടനം

നേട്ടത്തിലായവരും നഷ്ടത്തിലായവരും

പൂനാവാലാ ഫിൻകോർപ്പിന്റെ ഓഹരികൾ ഇന്‍ട്രാഡേയില്‍ 14 ശതമാനം ഉയർന്ന് 52 ​​ആഴ്ചയിലെ ഏറ്റവും ഉയർന്ന നിലയിലെത്തി. 1,500 കോടി രൂപയുടെ ഫണ്ട് സമാഹരണത്തിലൂടെ പ്രൊമോട്ടർ കമ്പനിയിലെ ഓഹരികള്‍ വർദ്ധിപ്പിച്ചതാണ് നേട്ടത്തിന് കാരണം. പ്രൊമോട്ടറായ റൈസിംഗ് സൺ ഹോൾഡിംഗ്സ് പ്രൈവറ്റ് ലിമിറ്റഡിന് 3.31 കോടി ഓഹരികൾ ഇഷ്യൂ ചെയ്യുന്നതിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നൽകി. ഒരു ഓഹരിക്ക് 452.51 രൂപ നിരക്കിലാണ് ഓഹരി നല്‍കുന്നത്. ഓഹരി 12 ശതമാനത്തിലധികം ഉയര്‍ന്ന് 502 രൂപയിലാണ് ക്ലോസ് ചെയ്തത്.

എറ്റേണൽ (3 ശതമാനം വർധന), എച്ച്ഡിഎഫ്സി ലൈഫ് ഇൻഷുറൻസ് കമ്പനി (2 ശതമാനം വർധന), സൺ ഫാർമ (1.75 ശതമാനം വർധന) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

നേട്ടത്തിലായവര്‍
നേട്ടത്തിലായവര്‍

നിക്ഷേപകർ ഉയർന്ന തോതില്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതിനെ തുടര്‍ന്ന് പ്രതിരോധ, റിയൽ എസ്റ്റേറ്റ് കമ്പനികളുടെയും പൊതുമേഖലാ ബാങ്കുകളുടെയും ഓഹരികൾ വ്യാഴാഴ്ച ഇടിഞ്ഞു. ആസ്ട്ര മൈക്രോവേവ് സിസ്റ്റംസ് (Astra Microwave Systems) ഏകദേശം 2 ശതമാനം ഇടിഞ്ഞ് 1,088.50 രൂപയിലാണ് വ്യാപാരം നടന്നത്. ഡാറ്റാ പാറ്റേൺസ്, സോളാർ ഇൻഡസ്ട്രീസ്, പരസ് ഡിഫൻസ് ഓഹരികൾ ഒരു ശതമാനത്തിലധികം ഇടിഞ്ഞു, ബിഇഎംഎൽ, ഭാരത് ഡൈനാമിക്സ് (ബിഡിഎൽ), ഭാരത് ഇലക്ട്രോണിക്സ് (ബിഇഎൽ), ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് (എച്ച്എഎൽ) എന്നിവയുടെ ഓഹരികൾ ഒരു ശതമാനത്തിന്റെയും ഇടിവ് രേഖപ്പെടുത്തി.

കോൾ ഇന്ത്യ (1.70 ശതമാനം ഇടിവ്), ബജാജ് ഫിനാൻസ് (1.3 ശതമാനം ഇടിവ്), ട്രെന്റ് (1 ശതമാനം ഇടിവ്) തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

 നഷ്ടത്തിലായവര്‍
നഷ്ടത്തിലായവര്‍

കിംഗ്സ് ഇന്‍ഫ്രാ മുന്നേറ്റത്തില്‍

കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. മുത്തൂറ്റ് മൈക്രോഫിന്‍ 6.31 ശതമാനം നേട്ടത്തില്‍ 173 രൂപയിലാണ് ക്ലോസ് ചെയ്തത്. കിംഗ്സ് ഇന്‍ഫ്രാ വെഞ്ച്വേഴ്സ് 2.47 ശതമാനം നേട്ടത്തില്‍ 170 രൂപയിലെത്തി. മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (2.62%), കിറ്റെക്സ് ഗാര്‍മെന്റ്സ് (2.16%), വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (1.36%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കൊച്ചിൻ ഷിപ്പ്‌യാർഡ് നേരിയ നേട്ടത്തിലും (0.63%) ഫാക്ട് ഓഹരി 1.29 ശതമാനം നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സ്റ്റെല്‍ ഹോള്‍ഡിംഗ്സ് 2.38 ശതമാനം നഷ്ടത്തില്‍ 480 രൂപയിലെത്തി. ഈസ്റ്റേണ്‍ ട്രെഡ്സ് (-5.48%), കെ.എസ്.ഇ (-1.95%), കല്യാണ്‍ ജുവലേഴ്സ് (-1.68%), എവിടി (-1.76%) തുടങ്ങിയ ഓഹരികളും മങ്ങിയ പ്രകടനമാണ് ഇന്ന് നടത്തിയത്.

Stock market closing analysis September 18, 2025.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com