

തിങ്കളാഴ്ച നേട്ടത്തിലായിരുന്ന വിപണി ചൊവ്വാഴ്ച നഷ്ടത്തിലേക്ക് വീണു. ഇന്ത്യ-യുഎസ് ബന്ധം വഷളായതും ദുർബലമായ ആഗോള സൂചനകളും വിപണിക്ക് തിരിച്ചടിയായി. പ്രവചനാതീതമായ ട്രംപ് ഭരണകൂടത്തിൽ നിന്ന് കൂടുതൽ നടപടികൾക്ക് സാധ്യതയുണ്ടെന്ന ആശങ്ക നിക്ഷേപകര്‍ക്കുണ്ട്. ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലും വിപണികളിലും അതിന്റെ അനന്തരഫലങ്ങൾ ഇപ്പോൾ പ്രവചിക്കാൻ സാധിക്കാത്ത സാഹചര്യമാണ് ഉളളത്. ഡോളർ അഞ്ച് ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് അടുക്കുകയും സെപ്റ്റംബർ 2 ന് സ്വർണം റെക്കോർഡ് ഉയരത്തിലെത്തുകയും ചെയ്തു.
കഴിഞ്ഞ രണ്ട് സെഷനുകളിലായി സെൻസെക്സ് 900 പോയിന്റ് ഉയർന്നതിനെത്തുടർന്ന് നിക്ഷേപകര്‍ ലാഭമെടുപ്പില്‍ ഏര്‍പ്പെട്ടതും വിപണി നഷ്ടത്തിലാകാനുളള കാരണമാണ്. ബാങ്കിംഗ്, ഫിനാൻഷ്യൽ ഓഹരികളിലെ വിൽപ്പന സമ്മർദം ബെഞ്ച്മാർക്ക് സൂചികകളെ താഴേക്ക് നയിച്ചു.
നാളെയും മറ്റന്നാളും (സെപ്റ്റംബർ 3–4 തീയതികളിൽ) നടക്കാനിരിക്കുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് നിക്ഷേപകരുടെ മുഴുവന്‍ ശ്രദ്ധയും. ഷാംപൂകൾ, ഹൈബ്രിഡ് കാറുകൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് എന്നിവയുൾപ്പെടെ ഏകദേശം 175 ഇനങ്ങളുടെ നികുതി കുറഞ്ഞത് 10 ശതമാനം കുറച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ ഉളളത്.
സെൻസെക്സ് 0.26 ശതമാനം ( 206.61 പോയിന്റ്) ഇടിഞ്ഞ് 80,157.88 ലും നിഫ്റ്റി 0.18 ശതമാനം (45.45 പോയിന്റ്) ഇടിഞ്ഞ് 24,579.60 ലും വ്യാപാരം അവസാനിപ്പിച്ചു.
നിഫ്റ്റി മിഡ്‌ക്യാപ് 0.57 ശതമാനവും സ്മോൾ-ക്യാപ് 0.39 ശതമാനവും നഷ്ടത്തിലായി.
നിഫ്റ്റി റിയല്‍റ്റി 1.33 ശതമാനത്തിന്റെയും ഓയില്‍ ആന്‍ഡ് ഗ്യാസ് 1.01 ശതമാനവും ഓട്ടോ സൂചിക 0.88 ശതമാനം ഇടിഞ്ഞു.
നിഫ്റ്റി എഫ്എംസിജി 0.95 ശതമാനം നേട്ടത്തോടെ മുന്നിലെത്തി, നിഫ്റ്റി മീഡിയ 0.35 ശതമാനം നേട്ടമുണ്ടാക്കി.
ജിഎസ്ടി നിരക്കുകൾ കുറയ്ക്കുമെന്ന പ്രതീക്ഷയിൽ അപ്പോളോ ടയേഴ്‌സ്, എംആർഎഫ്, മറ്റ് ടയർ കമ്പനികള്‍ തുടങ്ങിയവയുടെ ഓഹരികള്‍ ഉയർന്നു. ഇന്ത്യയിലെ ടയർ ഉൽപ്പാദനത്തിന്റെ 90 ശതമാനത്തിലധികവും വഹിക്കുന്ന ആറ് വലിയ ടയർ കമ്പനികളുടെ പ്രതിനിധി സംഘടനയായ ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ (ATMA) ജി.എസ്.ടി നിരക്കുകൾ കുറയ്ക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. എല്ലാ പ്രധാന വിഭാഗങ്ങളിലുമുള്ള ഓട്ടോമോട്ടീവ് ടയറുകൾക്കും ഏറ്റവും ഉയർന്ന നികുതി സ്ലാബായ 28 ശതമാനം ജിഎസ്ടി നിലവില്‍ ബാധകമാണ്. ജെകെ ടയർ & ഇൻഡസ്ട്രീസ്, എംആർഎഫ്, അപ്പോളോ ടയേഴ്സ് എന്നിവയുടെ ഓഹരികൾ 3 മുതല്‍ 5 ശതമാനം വരെ ഉയർന്നു.
2025-26 വർഷത്തേക്ക് കരിമ്പ് നീര്, പഞ്ചസാര സിറപ്പ്, മൊളാസസ് എന്നിവയിൽ നിന്നുള്ള എഥനോള്‍ ഉല്‍പാദനത്തിന്റെ എല്ലാ പരിധികളും ഒഴിവാക്കാനുള്ള സർക്കാർ തീരുമാനത്തെത്തുടർന്ന് പ്രധാന പഞ്ചസാര കമ്പനി ഓഹരികള്‍ കുത്തനെ ഉയർന്നു. ശ്രീ രേണുക ഓഹരികൾ 13.09 ശതമാനം ഉയർന്ന് 32.56 രൂപയായി.
റെയ്മണ്ട് ലൈഫ്‌സ്റ്റൈൽ , അലോക് ഇൻഡസ്ട്രീസ്, കെഇസി ഇന്റർനാഷണൽ തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
ചില ഇലക്ട്രിക് കാറുകളുടെ ജിഎസ്ടി നിലവിലുള്ള 5 ശതമാനത്തിൽ നിന്ന് 18 ശതമാനമായി ഉയർത്താൻ കേന്ദ്ര നികുതി പാനൽ നിർദ്ദേശിച്ചതായി റിപ്പോർട്ട് വന്നതിനെത്തുടർന്ന് ഉച്ചകഴിഞ്ഞുള്ള വ്യാപാരത്തിൽ മഹീന്ദ്ര ആൻഡ് മഹീന്ദ്ര (M&M), ടാറ്റ മോട്ടോഴ്‌സ് എന്നിവയുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. എം ആൻഡ് എം ഓഹരികൾ രണ്ട് ശതമാനത്തിലധികം ഇടിഞ്ഞ് 3,238 രൂപയിലെത്തി. ടാറ്റ മോട്ടോഴ്‌സ് ഓഹരികൾ ഏകദേശം ഒരു ശതമാനത്തോളം ഇടിഞ്ഞ് 684 രൂപയിലെത്തി.
ഗോഡ്ഫ്രെ ഫിലിപ്സ് (Godfrey Phillips) ഓഹരി വീണ്ടും 5 ശതമാനം കുറഞ്ഞ് 10,059 രൂപയായി. ഓഗസ്റ്റിൽ ഗണ്യമായ മുന്നേറ്റം നടത്തിയ സർദ എനർജി & മിനറൽസ് സമീപകാല സെഷനുകളിൽ സമ്മർദം നേരിടുകയാണ്. ഓഹരി വില വീണ്ടും 4.1 ശതമാനം കുറഞ്ഞ് 576 രൂപയായി.
കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. പോപ്പുലര്‍ വെഹിക്കിള്‍സ് 6.45 ശതമാനം നേട്ടത്തില്‍ 118 രൂപയിലെത്തി. വണ്ടര്‍ലാ ഹോളിഡേയ്സ് (5.09%), ടോളിന്‍സ് ടയേഴ്സ് (5.18%), കിറ്റെക്സ് ഗാര്‍മെന്റ്സ് (5%) തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. സ്വര്‍ണ വില റെക്കോഡ് നിലവാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് മണപ്പുറം ഫിനാൻസ് ഓഹരികൾ 2.27 ശതമാനം ഉയർന്ന് 281 രൂപക്ക് വ്യാപാരം നടത്തി.
കൊച്ചിൻ ഷിപ്പ്‌യാർഡ് 4 ശതമാനത്തോളം നേട്ടം രേഖപ്പെടുത്തിയപ്പോള്‍, ഫാക്ട് 3.65 ശതമാനം നേട്ടത്തില്‍ 987 രൂപയിലെത്തി.
കേരള ആയുര്‍വേദ 3.80 ശതമാനം നഷ്ടത്തില്‍ 455 രൂപയിലെത്തി. വെസ്റ്റേണ്‍ ഇന്ത്യ പ്ലൈവുഡ്സ് (-2.71%), സ്റ്റെല്‍ ഹോള്‍ഡിംഗ്സ് (-1.24%), വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ് (-1.03%) തുടങ്ങിയ ഓഹരികളും ഇന്ന് മങ്ങിയ പ്രകടനമാണ് നടത്തിയത്.
Stock market closing analysis September 2, 2025.
Read DhanamOnline in English
Subscribe to Dhanam Magazine