വിപണിക്ക് തിരിച്ചടികളുടെ വാരം! നാലാംദിവസവും കരകയറാനായില്ല, നിക്ഷേപകരുടെ സമ്പത്തില്‍ ₹3 ലക്ഷം കോടിയുടെ നഷ്ടം; എന്താണ് സംഭവിക്കുന്നത്?

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തിലും കുറവുണ്ടായി. 463.6 ലക്ഷം കോടി രൂപയില്‍ നിന്ന് 460.5 ലക്ഷം കോടി രൂപയായിട്ടാണ് മൂല്യം താഴ്ന്നത്
വിപണിക്ക് തിരിച്ചടികളുടെ വാരം! നാലാംദിവസവും കരകയറാനായില്ല, നിക്ഷേപകരുടെ സമ്പത്തില്‍ ₹3 ലക്ഷം കോടിയുടെ നഷ്ടം; എന്താണ് സംഭവിക്കുന്നത്?
Published on

തുടര്‍ച്ചയായ വീഴ്ച്ചയിലൂടെ മുന്നോട്ടു പോകുന്ന ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്നും തിരിച്ചടി തന്നെ. കഴിഞ്ഞ വെള്ളിയാഴ്ച്ച വീണതാണ് വിപണി. തുടര്‍ച്ചയായ നാലാംദിനത്തിലും കരകയറാനായില്ല. ഇന്ന് സെന്‍സെക്‌സ് താഴ്ന്നത് 386 പോയിന്റാണ്. 0.47 ശതമാനം താഴ്ന്ന് 81,715.63 പോയിന്റിലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. നിഫ്റ്റിയാകട്ടെ 113 പോയിന്റ് ഇടിഞ്ഞ് 25,056.90 പോയിന്റിലും വ്യാപാരം അവസാനിപ്പിച്ചു.

നിക്ഷേകരുടെ സമ്പത്തില്‍ ഇന്നൊറ്റ ദിവസത്തെ ചോര്‍ച്ച മൂന്നു ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യത്തിലും കുറവുണ്ടായി. 463.6 ലക്ഷം കോടി രൂപയില്‍ നിന്ന് 460.5 ലക്ഷം കോടി രൂപയായിട്ടാണ് മൂല്യം താഴ്ന്നത്.

എന്തുകൊണ്ട് താഴുന്നു?

വിപണി പൊതുവേ ഉണര്‍വില്ലാത്ത അവസ്ഥയിലൂടെയായിരുന്നു കടന്നു പൊയ്‌ക്കൊണ്ടിരുന്നത്. കേന്ദ്രസര്‍ക്കാര്‍ ജിഎസ്ടി പരിഷ്‌കാരം കൊണ്ടുവന്നത് വിപണിയെ കുറച്ചു ദിവസങ്ങള്‍ സ്വാധീനിച്ചു. ജിഎസ്ടി പ്രഭാവം അവസാനിച്ചതോടെ കയറ്റവും നിലച്ചു. ആഗോള തലത്തില്‍ നിലനില്‍ക്കുന്ന മോശം സാമ്പത്തിക കാലാവസ്ഥ, ഡോളറിനെതിരേ രൂപയുടെ തകര്‍ച്ച, വിദേശ നിക്ഷേപകരുടെ വില്പന എന്നിവയെല്ലാം വിപണിയെ സ്വാധീനിക്കുന്നുണ്ട്.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

ജിഎസ്ടി കുറച്ചത് സമ്പദ്‌വ്യവസ്ഥയില്‍ ഗുണകരമായി ഭവിക്കുമെന്ന സൂചനകളാണ് വരുന്നത്. ഈ ഉണര്‍വ് നീണ്ടുനിന്നാല്‍ മൂന്നാം പാദത്തില്‍ കമ്പനികളുടെ വരുമാനത്തിലും ലാഭത്തിലും പ്രതിഫലനമുണ്ടാകും. വിപണിക്കും ഗുണം ചെയ്യും.

സൂചികകളുടെ പ്രകടനം

ജിഎസ്ടിയിലെ കുറവു മൂലം നേട്ടമുണ്ടാക്കുന്ന എഫ്എംസിജി (0.18) സെക്ടര്‍ മാറ്റിനിര്‍ത്തിയാല്‍ സൂചികകളെല്ലാം മോശം അവസ്ഥയിലായിരുന്നു. മിഡ്ക്യാപ് ഓഹരികള്‍ 0.98 ശതമാനവും സ്‌മോള്‍ക്യാപ് ഓഹരികള്‍ 0.67 ശതമാനവും താഴ്ന്നു. എച്ച് വണ്‍ ബി വീസയില്‍ തിരിച്ചടി നേരിടുന്ന ഐടി സൂചിക 0.72 ശതമാനമാണ് വീണത്. റിയാലിറ്റി (2.49), ഓട്ടോ (1.15) സൂചികകളും വലിയ തിരിച്ചടി നേരിട്ടു.

നേട്ടമുണ്ടാക്കിയവര്‍
നേട്ടമുണ്ടാക്കിയവര്‍

നേട്ടമുണ്ടാക്കിയവരും വീണവരും

പ്രീമിയര്‍ എനര്‍ജീസ് ലിമിറ്റഡ് ആണ് ഇന്ന് നേട്ടം കൊയ്തവരില്‍ ഒന്നാമത്. 3.01 ശതമാനം നേട്ടത്തോടെയാണ് ഈ ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. ജൂബിലിയന്റ് ഫുഡ്‌വര്‍ക്‌സ് ലിമിറ്റഡ് ഓഹരികളും 2.39 ശതമാനം ഉയര്‍ന്നു. ജൂണ്‍ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും ഉണര്‍വുണ്ടായതാണ് ജൂബിലിയന്റ് ഓഹരികളെ സഹായിച്ചത്.

വാരി എനര്‍ജീസ് (1.98), പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് (1.89), ഇന്ത്യന്‍ ബാങ്ക് (1.86) ഓഹരികളും ഇന്ന് ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവച്ചു.

കോട്ടം സംഭവിച്ചവര്‍
കോട്ടം സംഭവിച്ചവര്‍

അദാനി ടോട്ടല്‍ഗ്യാസ് ഓഹരികള്‍ക്ക് ഇന്ന് തിരിച്ചടിയുടെ ദിനമായിരുന്നു. ഓഹരിവിലയില്‍ 7.95 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. ഓഹരിവിലയിലെ ഗണ്യമായ മാറ്റത്തെക്കുറിച്ച് സെപ്റ്റംബര്‍ 23ന് എക്‌സ്‌ചേഞ്ച് അദാനി ടോട്ടല്‍ ഗ്യാസില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. ഇതാണ് ഓഹരികളുടെ മോശം പ്രകടനത്തിലേക്ക് നയിച്ചത്.

ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് (3.98), പോളിസിബസാര്‍ (3.91), അദാനി എനര്‍ജി സൊല്യൂഷന്‍സ് (3.69) ഓഹരികളും തിരിച്ചടി നേരിട്ടു.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കേരള ഓഹരികളുടെ പ്രകടനം

സമ്മിശ്ര പ്രകടനമാണ് കേരള ഓഹരികളില്‍ നിന്നുണ്ടായത്. മുത്തൂറ്റ് ഫിനാന്‍സ് (0.79) ഒഴികെയുള്ള പ്രധാന കേരള ഓഹരികളെല്ലാം നിരാശപ്പെടുത്തി. സ്‌കൂബീഡേ ഗാര്‍മെന്റ്‌സ് 2.29 ശതമാനം, വണ്ടര്‍ലാ ഹോളിഡേയ്‌സ് 1.05 ശതമാനം എന്നിങ്ങനെ താഴ്ന്നപ്പോള്‍ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് 0.29 ശതമാനം നേട്ടത്തോടെ വ്യാപാരം അവസാനിപ്പിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

നഷ്ടം കുമിഞ്ഞു കൂടുന്നു, സ്വന്തമായി ആസ്തിയില്ല; ബ്ലാസ്റ്റേഴ്സിനെ ആര് വാങ്ങും? ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണങ്ങള്‍ ഇവയാണ്!
LPG Cylinders
ഫെഡറല്‍ ബാങ്ക് അറ്റാദായം ₹1,177 കോടി, ഒരു ലക്ഷം കോടി തൊട്ട്‌ പ്രവാസി നിക്ഷേപം, മൊത്തം ബിസിനസ് 6 ലക്ഷം കോടിയിലേക്ക്; ഓഹരിക്ക് വന്‍ മുന്നേറ്റം
Gautam adani in the back=drop of aluminium factory
```html ```
logo
DhanamOnline
dhanamonline.com