മരുന്നിന് പോലും രക്ഷയില്ലാതെ വിപണി, ഇടിവ് 733 പോയിന്റ്! നിക്ഷേപ മൂല്യ ചോര്‍ച്ച ₹6.73 ലക്ഷം കോടി; വിപണിയില്‍ എന്താണ് സംഭവിച്ചത്?

വിദേശ നിക്ഷേപകര്‍ സെപ്റ്റംബറിലും വില്പന മൂഡിലാണ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റം നീണ്ടുനില്‍ക്കുന്നത്. സെപ്റ്റംബറില്‍ മാത്രം 13,450 കോടി രൂപയാണ് അവര്‍ വിറ്റൊഴിവാക്കിയത്
മരുന്നിന് പോലും രക്ഷയില്ലാതെ വിപണി, ഇടിവ് 733 പോയിന്റ്! നിക്ഷേപ മൂല്യ ചോര്‍ച്ച ₹6.73 ലക്ഷം കോടി; വിപണിയില്‍ എന്താണ് സംഭവിച്ചത്?
Published on

തുടര്‍ച്ചയായ ആറാംദിനവും തകര്‍ച്ചയില്‍ നിന്ന് കരകയറാനാകാതെ ഇന്ത്യന്‍ ഓഹരി വിപണി. മരുന്ന് ഇറക്കുമതി തീരുവ 100 ശതമാനമാക്കിയ യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തീരുമാനവും വിദേശ നിക്ഷേപകരുടെ പിന്മാറ്റവുമെല്ലാം വിപണിയെ പിന്നോട്ടടിച്ചു.

ഇന്ന് സെന്‍സെക്‌സ് 0.90 ശതമാനം അല്ലെങ്കില്‍ 733.22 പോയിന്റാണ് താഴ്ന്നത്. വ്യാപാരം അവസാനിപ്പിച്ചത് 80,426.46 പോയിന്റില്‍. നിഫ്റ്റിയാകട്ടെ 236.15 (0.95 ശതമാനം) ഇടിഞ്ഞ് 24,654.70ല്‍ ക്ലോസ് ചെയ്തു.

ഇന്നൊറ്റ ദിവസംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിലുണ്ടായ കുറവ് 6.73 ലക്ഷം കോടി രൂപയാണ്. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൂല്യം 450.61 ലക്ഷം കോടി രൂപയായി താഴ്ന്നു.

വിദേശ നിക്ഷേപകര്‍ സെപ്റ്റംബറിലും വില്പന മൂഡിലാണ്. തുടര്‍ച്ചയായ മൂന്നാം മാസമാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റം നീണ്ടുനില്‍ക്കുന്നത്. സെപ്റ്റംബറില്‍ മാത്രം 13,450 കോടി രൂപയാണ് അവര്‍ വിറ്റൊഴിവാക്കിയത്. ഈ വര്‍ഷം ഇതുവരെ വില്പന 1,44,085 കോടി രൂപ കടന്നു. വിദേശ നിക്ഷേപകരുടെ പിന്മാറ്റം തുടര്‍ന്നാല്‍ വിപണിയെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിവിടുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.

ഇന്ത്യന്‍ വിപണിയില്‍ നിന്ന് വിറ്റൊഴിവാകുന്ന വിദേശ നിക്ഷേപകര്‍ ഹോംഗ്‌കോംഗ്, തായ്‌വാന്‍, ദക്ഷിണകൊറിയ തുടങ്ങിയ ഏഷ്യന്‍ വിപണികളിലേക്കാണ് ആകര്‍ഷിക്കപ്പെടുന്നത്.

ഫാര്‍മയില്‍ വന്‍ ഇടിവ്

സൂചികകളെല്ലാം ഇന്ന് മോശം പ്രകടനമാണ് നടത്തിയത്. ട്രംപ് ഇഫക്ടില്‍ ഫാര്‍മ ഓഹരികള്‍ 2.14 ശതമാനത്തിന് മുകളിലാണ്. കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് 2.19, മെറ്റല്‍ 1.93 ശതമാനവും ഇടിഞ്ഞു. ജിഎസ്ടി കുറച്ചതിന്റെ ആനുകൂല്യം പൂര്‍ണമായും ഉപയോക്താക്കളിലേക്ക് എത്തിയോയെന്ന സംശയം പലരും ഉന്നയിക്കുന്നുണ്ട്.

ജിഎസ്ടി കുറവില്‍ കൂടുതല്‍ നേട്ടമുണ്ടാക്കുമെന്ന് കരുതിയ എഫ്എംസിജി സെക്ടര്‍ താരതമ്യേന ഇന്ന് പിടിച്ചുനിന്നു. 0.47 ശതമാനമാണ് ഇടിവ്. ഓട്ടോ (1.02), പി.എസ്.യു ബാങ്ക് (1.78) ഓഹരികള്‍ക്കും വലിയ ഇടിവ് നേരിടേണ്ടി വന്നു.

നേട്ടം കൊയ്തവും വീണവരും

ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോ (Larsen & Toubro: L&T India) ആണ് ഇന്നത്തെ താരം. 2.71 ശതമാനം വര്‍ധിച്ചാണ് എല്‍ആന്‍ഡ്ടി ഓഹരികള്‍ വ്യാപാരം അവസാനിപ്പിച്ചത്. എല്‍ആന്‍ഡ്ടിക്ക് ഗണ്യമായ ഓഹരി പങ്കാളിത്തമുള്ള ഹൈദരാബാദ് മെട്രോ റെയില്‍ പദ്ധതിയുടെ ഒന്നാം ഘട്ടം തെലങ്കാന സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഓഹരിയുടെ വിഹിതത്തിന് പകരമായി കമ്പനിക്ക് 2,000 കോടി രൂപ നല്‍കുമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനൊപ്പം പദ്ധതിയുടെ കടവും തെലങ്കാന സര്‍ക്കാര്‍ ഏറ്റെടുത്തേക്കുമെന്ന വാര്‍ത്തയാണ് ലാര്‍സണ്‍ ആന്‍ഡ് ട്യൂബ്രോയ്ക്ക് ഗുണം ചെയ്തത്.

ടോറെന്റ് ഫാര്‍മസ്യൂട്ടിക്കല്‍സ് ഓഹരിവിലയും ഇന്ന് 1.59 ശതമാനം ഉയര്‍ന്നു. ഓട്ടോ സൂചികകള്‍ തിരിച്ചടി നേരിട്ടെങ്കിലും ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ക്ക് ഇന്ന് നല്ല ദിനമായിരുന്നു. 1.45 ശതമാനം ഉയര്‍ന്നു. ഈ മാസം മാസം ആദ്യം സൈബര്‍ അറ്റാക്ക് നേരിട്ട യുകെ സബ്‌സിഡിയറി ജാഗ്വാര്‍ ലാന്‍ഡ് റോവറില്‍ എല്ലാം പഴയപടി ആയിക്കൊണ്ടിരിക്കുകയാണെന്ന വാര്‍ത്തയാണ് ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ക്ക് തുണയായത്.

വാരീ എനര്‍ജീസ് ഓഹരിവില ഇന്ന് 7.12 ശതമാനം താഴ്ന്നു. ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട വന്‍കിട ഓഹരികളിലൊന്നും വാരീസിന്റേതാണ്. ബയോക്കോണ്‍ (4.78), സൈഡസ് ലൈഫ് സയന്‍സസ് (4.35), സ്റ്റീല്‍ അഥോറിറ്റി ഓഫ് ഇന്ത്യ (4.34) ഓഹരികളും ഇന്ന് വലിയ നഷ്ടം നേരിട്ടു.

കേരള കമ്പനികളുടെ പ്രകടനം

ഒട്ടുമിക്ക കേരള കമ്പനികളും ഇന്ന് മോശം പ്രകടനമാണ് നടത്തിയത്. സിഎസ്ബി ബാങ്ക് (0.31), മുത്തൂറ്റ് ക്യാപിറ്റല്‍ സര്‍വീസസ് (289.70) തുടങ്ങി ചുരുക്കം ചില മുന്‍നിര ഓഹരികളൊഴികെ മറ്റൊന്നും നേട്ടമുണ്ടാക്കിയില്ല. കാസര്‍ഗോഡ് പുതിയ ആശുപത്രി ആരംഭിക്കുന്ന വാര്‍ത്തകള്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ഓഹരികളെ തുണച്ചില്ല. 2.91 ശതമാനമാണ് ഓഹരികള്‍ താഴ്ന്നത്. മണപ്പുറം ഫിനാന്‍സ് 1.49, മുത്തൂറ്റ് ഫിനാന്‍സ് 1.11 ശതമാനവും ഇടിഞ്ഞു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com