

ഇന്നലെ നേട്ടത്തിലായിരുന്ന വിപണി ഇന്നും പ്രകടനം ആവര്‍ത്തിച്ചു. ഐ.ടി ഓഹരികളുടെ ചുമലിലേറിയാണ് വിപണി നേട്ടത്തിലെത്തിയത്. പോസിറ്റീവായ ആഗോള, പ്രാദേശിക വികാരങ്ങള്‍ വിപണിക്ക് ഊര്‍ജം പകര്‍ന്നു. യുക്തിസഹമായ ജിഎസ്ടി പരിഷ്കരണം വിപണിക്ക് കരുത്തായി. അഞ്ച് ദിവസത്തെ തുടർച്ചയായ നഷ്ടത്തിന് വിരാമമിട്ട് നിഫ്റ്റി ഐ.ടി സൂചിക 2.5 ശതമാനത്തിലധികം ഉയർന്നു. യുഎസ് ഫെഡ് നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകളും ഐടി സൂചിക ഗണ്യമായ തിരുത്തലിന് വിധേയമായ ശേഷം നിക്ഷേപകർ മൂല്യവർദ്ധിത വാങ്ങലിലേക്ക് (Value buying) തിരിഞ്ഞതും വിപണി നേട്ടത്തിലാകാനുളള കാരണങ്ങളാണ്. സെപ്റ്റംബർ 16, 17 തീയതികളിലാണ് യുഎസ് ഫെഡറൽ റിസർവ് യോഗം നടക്കുക. യോഗത്തില്‍ 50 ബേസിസ് പോയിന്റ് നിരക്ക് കുറയ്ക്കുമെന്നാണ് വിശകലന വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്.
സെൻസെക്സ് 0.39 ശതമാനം ( 314.02 പോയിന്റ്) ഉയർന്ന് 81,101.32 ലും നിഫ്റ്റി 0.39 ശതമാനം ( 95.45 പോയിന്റ്) ഉയർന്ന് 24,868.60 ലും എത്തി.
സ്മോൾക്യാപ് സൂചിക 0.34 ശതമാനം ഉയർന്നു.
ഐടി സൂചിക 2.8 ശതമാനം ഉയര്‍ന്നു. ഫാർമ 0.86 ശതമാനവും എഫ്എംസിജി സൂചിക 0.58 ശതമാനവും നേട്ടം രേഖപ്പെടുത്തി.
ഓയില്‍ ആന്‍ഡ് ഗ്യാസ്, റിയൽറ്റി സൂചികകൾ 0.3 ശതമാനം വീതം ഇടിഞ്ഞു.
ഇന്‍ഫോസിസ് ഓഹരി തിരിച്ചു വാങ്ങലിന് തയാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഓഹരികൾ ഏകദേശം 5 ശതമാനം ഉയർന്നു. ഓഹരികൾ തിരികെ വാങ്ങുന്നതിനുള്ള നിർദേശം പരിഗണിക്കുന്നതിനായി സെപ്റ്റംബർ 11 നാണ് ബോർഡ് യോഗം കമ്പനി ചേരുന്നത്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനി 2022 ല്‍ 9,300 കോടി രൂപയുടെ ഓഹരി തിരിച്ചുവാങ്ങിയിരുന്നു. 1,850 രൂപയായിരുന്നു ഓഹരിക്ക് നല്‍കിയ ഏറ്റവും കുറഞ്ഞ വില. ഓഹരി 1,502 രൂപയിലാണ് ക്ലോസ് ചെയ്തത്.
വിപ്രോ, എംഫസിസ് (Mphasis) ഓഹരികൾ മൂന്ന് ശതമാനത്തോളം ഉയർന്നു. ടെക് മഹീന്ദ്ര, പെർസിസ്റ്റന്റ് സിസ്റ്റംസ് എന്നിവ രണ്ട് ശതമാനത്തിലധികം നേട്ടമുണ്ടാക്കിയപ്പോൾ എച്ച്‌സിഎൽ ടെക്, എൽടിഐ മൈൻഡ്ട്രീ, കോഫോർജ് (Coforge), ടാറ്റ കൺസൾട്ടൻസി സർവീസസ് ( TCS) ഓഹരികൾ ഒരു ശതമാനത്തിലധികം നേട്ടമുണ്ടാക്കി.
ഡോ. റെഡ്ഡീസ് ലാബ്സ്, അദാനി പോർട്ട്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
8 ശതമാനം പ്രതിനിധീകരിക്കുന്ന വോൾട്ടാമ്പ് ട്രാൻസ്‌ഫോർമേഴ്‌സിന്റെ (Voltamp Transformers) 618 കോടി രൂപ വിലയുള്ള 8.12 ലക്ഷം ഓഹരികൾ ബ്ലോക്ക് ട്രേഡുകളിലൂടെ (block trades) ഓഹരിക്ക് 7,611 രൂപ നിരക്കില്‍ കൈമാറ്റം ചെയ്യപ്പെട്ടു. ഓഹരി 3.47 ശതമാനം ഇടിഞ്ഞ് 7,508 രൂപയിലെത്തി.
നൈകയുടെ (Nykaa) മാതൃ കമ്പനികളായ എഫ്എസ്എൻ ഇ-കൊമേഴ്‌സ് വെഞ്ച്വറിന്റെ 1.23 ദശലക്ഷം ഓഹരികൾ ബ്ലോക്ക് ട്രേഡുകളിൽ കൈമാറ്റം ചെയ്യപ്പെട്ടതായി ബ്ലൂംബെർഗ് ഡാറ്റ വ്യക്തമാക്കുന്നു. ഓഹരി 3 ശതമാനത്തോളം നഷ്ടത്തില്‍ 241 രൂപയിലെത്തി.
എറ്റേണൽ, ട്രെന്റ്, ജിയോ ഫിനാൻഷ്യൽ, ടാറ്റ മോട്ടോഴ്‌സ്, ടൈറ്റൻ കമ്പനി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.
കേരള കമ്പനികള്‍ ഇന്ന് സമ്മിശ്ര പ്രകടനമാണ് നടത്തിയത്. സ്റ്റെല്‍ ഹോള്‍ഡിംഗ്സ് 3.83 ശതമാനം നേട്ടത്തില്‍ 498 രൂപയിലാണ് ക്ലോസ് ചെയ്തത്. കെ.എസ്.ഇ (1.35%), സി.എസ്.ബി ബാങ്ക് (1.33%), എ.വി.ടി (1.68%) തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു.
കൊച്ചിൻ ഷിപ്പ്‌യാർഡ് 1.42% ശതമാനവും ഫാക്ട് 0.56 ശതമാനവും നഷ്ടത്തിലാണ് ചൊവ്വാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.
പോപ്പീസ് കെയര്‍ 4.99 ശതമാനം നഷ്ടത്തില്‍ 26.65 രൂപയിലെത്തി. റബ്ഫിലാ ഇന്റര്‍നാഷണല്‍ (-3.44%) ആഡ്ടെക് സിസ്റ്റംസ് (-5.04%), വി ഗാര്‍ഡ് (-1.61%) തുടങ്ങിയ ഓഹരികളും നഷ്ടത്തിലായിരുന്നു.
Stock market closing analysis September 9, 2025.
Read DhanamOnline in English
Subscribe to Dhanam Magazine