ലാഭക്കഥ മറന്ന് വിപണി! സെന്‍സെക്‌സും നിഫ്റ്റിയും ഒരുശതമാനത്തോളം ഇടിവില്‍, വിപണിയുടെ നഷ്ടത്തിന് പിന്നിലെന്ത്?

യു.എസ് വിപണിയുടെ വളര്‍ച്ച കുറയുമെന്ന ആശങ്കയും ആഗോള സാമ്പത്തിക സൂചനകള്‍ നെഗറ്റീവായതുമാണ് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്
stock market closing points
Canva, NSE, BSE
Published on

ഒരു ദിവസത്തെ നേട്ടത്തിന് ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടക്കച്ചവടം. മുഖ്യഓഹരി സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. യു.എസ് സാമ്പത്തിക വളര്‍ച്ച കുറയുമെന്ന ആശങ്കയും ആഗോള സാമ്പത്തിക സൂചനകള്‍ നെഗറ്റീവായതുമാണ് വിപണിയെ നഷ്ടത്തിലേക്ക് നയിച്ചത്. എല്ലാ മേഖലകളിലും വില്‍പ്പന സമ്മര്‍ദ്ദം പ്രകടമായിരുന്നു.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ നഷ്ടത്തിന് ശേഷം ബുധനാഴ്ച ഓഹരി വിപണി ശക്തമായി തിരിച്ചുവന്നിരുന്നു. സെന്‍സെക്‌സ് 81,596.33ലും നിഫ്റ്റി 24,815.45ലുമാണ് ഇന്നലെ ക്ലോസ് ചെയ്തത്. ഇന്ന് രാവിലെ 81.323.05 എന്ന നിലയില്‍ വ്യാപാരം തുടങ്ങിയ സെന്‍സെക്‌സ് 80,951.99ലാണ് ക്ലോസ് ചെയ്തത്. ഇതിനിടയില്‍ 644.64 പോയിന്റുകള്‍ ( 0.79%) നഷ്ടമുണ്ടായി. ബി.എസ്.ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ വിപണിമൂല്യം 439 ലക്ഷം കോടി രൂപയില്‍ നിന്നും 431 ലക്ഷം കോടി രൂപയായി. ഒറ്റദിവസം കൊണ്ട് നിക്ഷേപകരുടെ സമ്പത്തില്‍ കുറഞ്ഞത് രണ്ട് ലക്ഷം കോടി രൂപ.

നിഫ്റ്റിയാകട്ടെ 203.75 പോയിന്റുകള്‍ (0.82%) ഇടിഞ്ഞ് 24,609.70 എന്ന നിലയിലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി മിഡ്ക്യാപ് 0.52 ശതമാനവും സ്‌മോള്‍ക്യാപ് സൂചിക 0.26 ശതമാനവും നഷ്ടത്തിലായി.

സെക്ടറുകളുടെ പ്രകടനം പരിശോധിച്ചാല്‍ നിഫ്റ്റി മീഡിയ ഒഴികെയുള്ളവയെല്ലാം ഇന്ന് ചുവപ്പിലായി. എഫ്.എം.സി.ജി സൂചികയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. കോള്‍ഗേറ്റ്, വരുണ്‍ ബിവറേജസ്, മാരികോ, യൂണൈറ്റഡ് ബിവറേജസ്, ഐ.റ്റി.സി തുടങ്ങിയ ഈ മേഖലയിലെ കമ്പനികള്‍ക്ക് കനത്ത നഷ്ടം നേരിട്ടു. ഐടി, ഓട്ടോ മേഖലയിലും കനത്ത വില്‍പ്പന സമ്മര്‍ദ്ദമാണ് നേരിട്ടത്.

അമേരിക്കന്‍ കടത്തില്‍ ആശങ്ക

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് അവതരിപ്പിച്ച പുതിയ നികുതി ബില്‍ അമേരിക്കയിലെ കടം വര്‍ധിപ്പിക്കുമെന്നും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്നുമുള്ള ആശങ്ക ശക്തമാക്കിയിട്ടുണ്ട്. നിലവില്‍ 36 ലക്ഷം കോടി ഡോളറാണ് അമേരിക്കയുടെ മൊത്തകടം. അടുത്ത ആഴ്ച നികുതി ബില്ലിന് അനുമതി നല്‍കുന്നതോടെ ഇതില്‍ 3.8 ലക്ഷം കോടി ഡോളറിന്റെ വര്‍ധനയുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിനൊപ്പം മിഡില്‍ ഈസ്റ്റിലെ സ്ഥിതിവിശേഷങ്ങളും നിക്ഷേപകരെ അലട്ടുന്നുണ്ട്. ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് ആശങ്കയുടെ ആധാരം. അതേസമയം, ഇറാനും യു.എസും ആണവ ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന വാര്‍ത്തകള്‍ ശുഭകരമാണ്.

ഇന്ത്യ-യു.എസ് വ്യാപാര ചര്‍ച്ചകള്‍ ഫലം കാണാതെ തുടരുന്നതിലും നിക്ഷേപകര്‍ക്ക് ആശങ്കയുണ്ട്. കമ്പനികളുടെ നാലാം പാദ ഫലങ്ങള്‍ സമ്മിശ്രമായതും വിപണിയെ ആവേശത്തിലാക്കുന്ന വലിയ സംഭവങ്ങളൊന്നും ഇല്ലാത്തതും നിക്ഷേപകരെ അലട്ടുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ നിക്ഷേപകര്‍ ഓഹരി വിപണിയില്‍ നിന്നും പണം പിന്‍വലിക്കുകയാണെന്നും ചില നിരീക്ഷകര്‍ വിലയിരുത്തുന്നുണ്ട്. സ്വര്‍ണം, ക്രിപ്‌റ്റോ കറന്‍സി തുടങ്ങിയവയുടെ വില വര്‍ധിക്കുന്നത് ഇതിന് തെളിവാണെന്നും വിദഗ്ധര്‍ പറയുന്നു.

ലാഭവും നഷ്ടവും

മികച്ച നാലാം പാദഫലങ്ങളും പ്രതിരോധ മേഖലയിലെ ഉണര്‍വുമാണ് ഇന്ന് സോളാര്‍ ഇന്‍ഡസ്ട്രീസ് ഓഹരിയെ മുന്നിലെത്തിച്ചത്. എന്‍.ടി.പി.സി ഗ്രീന്‍ എനര്‍ജി, ആസ്ട്രല്‍, കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്, മസഗോണ്‍ ഡോക്ക് ഷിപ്പ്ബില്‍ഡേഴ്‌സ് തുടങ്ങിയ ഓഹരികളും ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലുണ്ട്.

നാലാം പാദ ഫലങ്ങള്‍ പ്രതീക്ഷക്കൊത്ത് ഉയരാത്തതിനെ തുടര്‍ന്നാണ് കോള്‍ഗേറ്റ്-പാലോലിവ് (ഇന്ത്യ) ലിമിറ്റഡ് ഓഹരികളെ 6.5 ശതമാനം നഷ്ടത്തിലായത്. ബി.എസ്.ഇ, മാന്‍കൈന്‍ഡ് ഫാര്‍മ, ഹ്യൂണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ്. ഡിക്‌സന്‍ ടെക്‌നോളജീസ് ഇന്ത്യ തുടങ്ങിയ കമ്പനികളുടെ ഓഹരികളും ഇന്നത്തെ വീഴ്ച്ചക്കാരായി.

ഷിപ്പ്‌യാര്‍ഡിന് തലപ്പൊക്കം

ഇന്നത്തെ നഷ്ടത്തിനിടയിലും ചില കേരള കമ്പനികള്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ശതമാനക്കണക്കില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് സ്‌കൂബീഡേ ഗാര്‍മെന്റ്‌സാണ്. ഏഴ് ശതമാനത്തിലധികം ഉയര്‍ന്ന പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ്, പ്രൈമ അഗ്രോ എന്നീ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി. 3.83 ശതമാനം നേട്ടമുണ്ടാക്കിയ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരികളാണ് ഇന്നത്തെ താരം. ഒരോഹരിക്ക് 1,909.2രൂപയെന്ന നിലയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, കിറ്റെക്‌സ് ഗാര്‍മെന്റ്‌സ്, കെ.എസ്.ഇ എന്നീ ഓഹരികള്‍ മൂന്ന് ശതമാനത്തിലേറെ നേട്ടമുണ്ടാക്കി.

സെല്ല സ്‌പേസ്, ഹാരിസണ്‍ മലയാളം, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, കേരള ആയുര്‍വേദ, കിംഗ്‌സ് ഇന്‍ഫ്ര, മുത്തൂറ്റ് ക്യാപിറ്റല്‍, ടി.സി.എം, വെര്‍ടെക്‌സ് സെക്യുരിറ്റീസ് തുടങ്ങിയ കമ്പനികളാണ് ഇന്നത്തെ പ്രധാന വീഴ്ച്ചക്കാര്‍.

On May 22, 2025, Sensex fell 645 points and Nifty declined 204 points as weak global cues, US bond yield spike, and geopolitical concerns rattled Indian markets.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com